Featured Posts

Breaking News

മകനെ അവസാനമായൊന്നു കാണാനാവാതെ ഹാഷിമിന്റെ ഉമ്മയും ബാപ്പയും; പൊലിഞ്ഞത് കുടുംബത്തിന്റെ ഏക പ്രതീക്ഷ


മാവൂര്‍: കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം പഞ്ചായത്തിലെ പാഴൂരില്‍ വായോളി അബൂബക്കറിന്റെയും വാഹിദയുടെയും ഏകമകനായ മുഹമ്മദ് ഹാഷിം (12) നിപ ബാധിച്ച് മരിച്ചതിലൂടെ ആ കുടുംബത്തിന്റെ പ്രതീക്ഷകളാണ് ഇല്ലാതായത്. പി.ടി.എം.എച്ച്.എസ്.എസിലെ എട്ടാംതരം വിദ്യാര്‍ഥിയായ മകനെ പഠിപ്പിച്ച് നല്ലനിലയിലെത്തിക്കുക എന്നതായിരുന്നു തെങ്ങുകയറ്റ തൊഴിലാളിയായ അബൂബക്കറിന്റെ ഏകലക്ഷ്യവും സ്വപ്നവും. അതാണ് നിപ ഇല്ലാതാക്കിയത്.

അസുഖം വരുന്നതിന്റെ തലേദിവസംവരെ തങ്ങളോടൊത്ത് കളിക്കാനുംമറ്റുമുണ്ടായിരുന്ന മുഹമ്മദ് ഹാഷിമിന്റെ മരണം കൂട്ടുകാര്‍ക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. മകനെ അവസാനമായൊന്ന് കാണാന്‍പോലും കഴിയാത്ത അബൂബക്കറിനെയും വാഹിദയെയും എങ്ങനെ സമാധാനിപ്പിക്കണമെന്നറിയാതെ പ്രയാസപ്പെടുകയാണ് അടുത്ത ബന്ധുക്കള്‍.

അടുത്തറിയുന്നവരോടെല്ലാം സൗമ്യമായി ഇടപഴകുന്ന മുഹമ്മദ് ഹാഷിം പാഴൂരുകാരുടെ മനസ്സില്‍ ഒരു തീരാസങ്കടമായി മാറുകയാണ്.

നിപ ബാധിച്ച് മരിച്ച മുഹമ്മദ് ഹാഷിമിന്റെ മൃതദേഹം പ്രോട്ടോകോള്‍ പാലിച്ച് കണ്ണംപറമ്പില്‍ കബറടക്കി. സ്വകാര്യ ആശുപത്രിയില്‍നിന്ന് ആരോഗ്യപ്രവര്‍ത്തര്‍ മൃതദേഹം ഏറ്റുവാങ്ങി കണ്ണംപറമ്പിലെത്തിച്ച് പ്രാര്‍ഥനചൊല്ലി അന്ത്യയാത്രയേകി. കുട്ടിയുടെ ബന്ധുക്കളും പ്രാര്‍ഥനയില്‍ പങ്കെടുത്തു.

2018-ല്‍ നിപ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ സജീവമായ കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗവും വൊളന്റിയര്‍മാരും തന്നെയാണ് ഇത്തവണയും എല്ലാ കാര്യങ്ങളും ചെയ്തത്. വിവിധ ജില്ലകളിലേക്ക് സ്ഥലംമാറിപ്പോയ ടീം അംഗങ്ങളെയെല്ലാം തിരിച്ചുവിളിച്ചു. കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഓഫീസറായിരുന്ന ഡോ. ആര്‍.എസ്. ഗോപകുമാര്‍ തിരുവനന്തപുരത്തേക്ക് സ്ഥലംമാറിയിരുന്നു. ഇദ്ദേഹം ഉള്‍പ്പെടെയുള്ളവര്‍ തിരികെയെത്തി.

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.കെ. വത്സന്‍ (ഫറോക്ക് നഗരസഭ), വി.കെ. പ്രമോദ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ കെ. ഷമീര്‍ (താനൂര്‍ നഗരസഭ), പി.എസ്. ഡെയ്സണ്‍, ബിജു ജയറാം, ആംബുലന്‍സ് ഡ്രൈവര്‍ രഞ്ജിത്, വൊളന്റിയര്‍ എന്‍.വി. അബ്ദുറഹിമാന്‍ എന്നിവരുള്‍പ്പെട്ട ടീമാണ് ഞായറാഴ്ച ഉണ്ടായിരുന്നത്. ഉച്ചയോടെയായിരുന്നു കബറടക്കം.

No comments