Featured Posts

Breaking News

ആധാർ വഴികാട്ടി, ശബ്ദങ്ങളില്ലാത്ത ബാബുവിന് വീട്ടുകാരെ തിരിച്ചുകിട്ടി; ഇത് അപൂർവ്വ പുനഃസമാഗമം


തൃശ്ശൂർ: രാമവർമപുരം ചിൽഡ്രൻസ് ഹോമിൽനിന്ന് ബിഹാറിലെ അതിർത്തിഗ്രാമമായ കട്യാറിലെ ഒരു മൺകൂരയിലേക്ക് പോയ വീഡിയോ കോളിൽ ‘പറഞ്ഞറിയിക്കാനാവാത്ത’ വികാരങ്ങളുടെ കുടമാറ്റമായിരുന്നു. ഇങ്ങേത്തലയ്ക്കൽ രണ്ടുകൊല്ലംമുമ്പ് വീട് വിട്ടുപോന്ന, മിണ്ടാനും കേൾക്കാനും വയ്യാത്ത, പതിനഞ്ചുകാരൻ. അങ്ങേയറ്റത്ത് കരച്ചിലൊതുക്കാനാവാതെ അവന്റെ അമ്മയും. അപ്പോഴും വിതുമ്പലോടെ അച്ഛൻ അവന്റെ അരികിലുണ്ടായിരുന്നു.

ബാബു എന്നാണ് ചിൽഡ്രൻസ് ഹോം അധികൃതർ അവനെ ഇതുവരെ വിളിച്ചത്. വിഷ്ണുകുമാർ മണ്ഡൽ എന്ന് ബന്ധുക്കൾ തിരുത്തിയപ്പോഴും ആ പേര് അവനെ പൊന്നുപോലെ വളർത്തിയ ജീവനക്കാരുടെ നാവിൽനിന്ന് മാഞ്ഞില്ല.

ആധാർസംവിധാനങ്ങളുടെ ഇഴകീറി, കുട്ടിയെ അച്ഛനമ്മമാരുടെ അടുത്തെത്തിക്കാൻ ചിൽഡ്രൻസ് ഹോം സൂപ്രണ്ട് വി.എ. നിഷമോളും കുട്ടികളുടെ കൗൺസിലർ ജിതേഷ് ജോർജും ഏറെ അധ്വാനിച്ചു. 2019 ഡിസംബർ മൂന്നിന് തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് കുട്ടിയെ റെയിൽവേ ചൈൽഡ് ലൈൻ പ്രവർത്തകരാണ് ഹോമിലെത്തിച്ചത്. രാജ്യത്തിന്റെ ഭൂപടം കാണിച്ചും യൂട്യൂബിൽ പല സ്ഥലങ്ങൾ കാണിച്ചും നോക്കിയെങ്കിലും കുട്ടിയിൽനിന്ന് ഒരു വിവരവും കിട്ടാത്തത് പ്രശ്നമായി.

സ്‌കൂളിൽ ചേർക്കാൻവേണ്ടി ആധാറിന് അപേക്ഷിച്ചതാണ് ശുഭകരമായ വഴിത്തിരിവായത്. വെബ്‌സൈറ്റിൽ അപേക്ഷയുടെ സ്ഥിതി നോക്കിയപ്പോൾ ഈ കുട്ടിക്ക് ഒരു ആധാർ ഉണ്ടെന്ന് മനസ്സിലായി. അന്ന് കൊടുത്ത വിരലടയാളമാണ് ഇതിനടിസ്ഥാനമായത്.

ആധാർ നൽകുന്ന അതോറിറ്റിക്ക് നൽകിയ ഇ-മെയിലിന് മറുപടിയായി 2015-ൽ എൻറോൾ ചെയ്ത നമ്പർ കിട്ടി. എന്നാൽ, പിൻകോഡോ ഫോൺ നമ്പറോ ഇല്ലാത്തതിനാൽ മുന്നോട്ടുപോവാനായില്ല. എന്നാൽ, നിലവിലുള്ള ആധാറിന്റെ പ്ലാസ്റ്റിക് കാർഡ് രൂപത്തിന് ജിതേഷ് ഓൺലൈനായി അപേക്ഷിച്ചു. ഇതിൽ ജിതേഷിന്റെ ഫോൺ നമ്പറും കൊടുത്തു. തയ്യാറായ കാർഡിന്റെ വിലാസക്കാരന്റെ വീട്ടിലേക്കുള്ള യാത്രയുടെ തത്‌സമയ ട്രാക്കിങ് ജിതേഷിന്റെ ഫോണിൽ എസ്.എം.എസ്. ആയി വന്നുകൊണ്ടിരുന്നു.

അങ്ങനെ ലക്ഷ്യസ്ഥാനത്തെ പോസ്റ്റ് ഓഫീസ് ‘റാവുത്തര’ എന്നതാണെന്ന് തിരിച്ചറിഞ്ഞു. നേപ്പാൾ അതിർത്തിക്കടുത്ത സ്ഥലം. പിന്നെ അവിടത്തെ പോലീസും പഞ്ചായത്ത് പ്രസിഡന്റും വഴിയായി അന്വേഷണം. വീട് കണ്ടെത്താൻ അന്നാട്ടുകാരനും ഇപ്പോൾ പത്തനംതിട്ട സബ് കളക്ടറുമായ സന്ദീപ്കുമാറും സഹായിച്ചു.


വ്യാഴാഴ്‌ചത്തെ ധൻബാദ് എക്സ്പ്രസിലാണ് അച്ഛൻ സുനിലും ബന്ധു ദിലീപും എത്തിയത്. ദാരിദ്ര്യമാണ് അവനെ നാടുവിടാൻ പ്രേരിപ്പിച്ചതെന്ന് സുനിൽ പറയുന്നു. പരാതി കൊടുത്തെങ്കിലും പോലീസ് അന്വേഷണം ഫലം കണ്ടിരുന്നുമില്ല. നാലുവയസ്സുകാരിയായ അനിയത്തി സൃഷ്ടിയെയും ഇരുപത്തിരണ്ടുകാരനായ ചേട്ടൻ രാകേഷിനെയും അപ്പൂപ്പൻ ഭാരത് മണ്ഡലിനെയും ബാബു ഫോണിലൂടെ രാമവർമപുരത്തെ കാഴ്‌ചകൾ കാണിച്ചുകൊടുത്തു. വെള്ളിയാഴ്‌ച ബാബുവും അച്ഛനും ദിലീപും നാട്ടിലേക്ക് മടങ്ങും

No comments