ഒക്ടോബർ രണ്ടിനുള്ളിൽ ഇന്ത്യ ഹിന്ദുരാഷ്ട്രമാക്കണം, ഇല്ലെങ്കിൽ ഞാൻ ജലസമാധിയടയും -ആചാര്യ മഹാരാജ്
ന്യൂഡൽഹി: ഗാന്ധി ജയന്തിയായ ഒക്ടോബർ രണ്ടിനുള്ളിൽ ഇന്ത്യ ഹിന്ദുരാജ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ജഗദ്ഗുരു പരമഹംസ് ആചാര്യ മഹാരാജ് രംഗത്ത്. ഇല്ലെങ്കിൽ താൻ സരയു നദിയിൽ ചാടി ജലമസമാധിയടയുമെന്നും മഹാരാജ് മാധ്യമങ്ങളോട് പറഞ്ഞു.
''ഒക്ടോബർ രണ്ടിനുള്ളിൽ ഇന്ത്യ ഹിന്ദുരാജ്യമാക്കണം. അല്ലെങ്കിൽ ഞാൻ സരയു നദിയിൽ ജലസമാധിയടയും. കൂടെ രാജ്യത്തുള്ള മുസ്ലിംകളുടെയും ഹിന്ദുക്കളുടെയും പൗരത്വം എടുത്തുകളയണം'' -ആചാര്യ മഹാരാജ് പറഞ്ഞു.
അയോധ്യയിലെ സന്യാസി സമൂഹത്തിനിടയിൽ വലിയ സ്വാധീനമുള്ളയാളാണ് മഹാരാജ്. ഇദ്ദേഹത്തിന്‍റെ ആവശ്യങ്ങൾ പൂർത്തീകരിക്കുന്നതിനായി ഹിന്ദു സനാതൻ ധർമ സൻസദ് എന്ന പേരിൽ സംഘടന രൂപീകരിക്കാൻ സന്യാസിമാർക്കുള്ളിൽ നീക്കമുണ്ട്. മുമ്പ് 15 ദിവസം മഹാരാജ് നിരാഹാര സമരം അനുഷ്ഠിച്ചിരുന്നു. തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഉറപ്പിനെത്തുടർന്നാണ് നിരാഹാരം അവസാനിപ്പിച്ചത്.