Featured Posts

Breaking News

ഞാന്‍ നിര്‍ത്തിയതാണ്, ഇനിയും പറയിപ്പിക്കരുത്'- പിണറായിയെ വെല്ലുവിളിച്ച് സുധാകരന്‍


കോഴിക്കോട്: തനിക്കെതിരേ വെറുതെ ആരോപണങ്ങളുമായി പുറകെ കൂടിയാല്‍ പലതും ഇനിയും പറയേണ്ടി വരുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. പിണറായി വിജയനെതിരേ പറയുന്നത് ഞാന്‍ നിര്‍ത്തിയതാണ്. ഇനി തുടരണോ എന്ന് അവര്‍ തീരുമാനിക്കട്ടെയെന്നും സുധാകരന്‍ പറഞ്ഞു.

മോണ്‍സണ്‍ വിവാദവുമായി ബന്ധപ്പെട്ട് തനിക്കെതിരേ അനാവശ്യ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്ന് കോഴിക്കോട് വാര്‍ത്താ സമ്മേളനം നടത്തി സുധാകരന്‍ പ്രതികരിച്ചു.

ഞാന്‍ മോണ്‍സണെ കണ്ടുവെന്നത് സത്യമാണ്. കണ്ണിന്റെ ചില പ്രശ്നങ്ങള്‍ക്ക് അയാളുടെ അടുത്ത് ചികിത്സ തേടാനാണ് പോയത്. ഡോക്ടറെന്ന വ്യാജേനയാണ് ചികിത്സിച്ചത്. മുഖ്യമന്ത്രിയുമായി ഏറ്റവും അടുത്ത് നില്‍ക്കുന്ന ഡിജിപി വരെ അയാളുടെ അടുത്ത് പോയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇയാള്‍ കള്ളനാണോ എന്ന് തിരിച്ചറിയാന്‍ കഴിഞ്ഞില്ല.

അഞ്ചുദിവസം ചികിത്സ തേടിയെന്നും അസുഖം മാറാത്തതിനാല്‍ തിരിച്ച് പോന്നുവെന്നും സുധാകരന്‍ പറഞ്ഞു. അയാളുടെ ആളും അലങ്കാരവും എല്ലാം കാണുമ്പോള്‍ ആരും പോയിപ്പോവും. ഐ.ജിക്കും ഡിജിപിക്കും വരെ സംശയമില്ലാത്ത സംഗതിക്ക് എനിക്കെന്ത് സംശയം വരാനാണെന്നും സുധാകരന്‍ ചോദിച്ചു.

സെമികാഡര്‍ സംവിധാനവുമായി മുന്നോട്ട് പോവും. രാഹുല്‍ ഗാന്ധിയില്‍ നിന്നും പൂര്‍ണ പിന്തുണ ലഭിച്ചു. പ്രവര്‍ത്തകര്‍ക്കിപ്പോ വലിയ ആശ്വാസമാണെന്നും അത് സന്തോഷം നല്‍കുന്നുണ്ടെന്നും സുധാകരന്‍ പറഞ്ഞു. വി.എം സുധീരനുമായി യാതൊരു പ്രശ്നവുമില്ല. എല്ലാ കാര്യങ്ങളും എല്ലാവരുമായി ചര്‍ച്ചചെയ്താണ് തീരുമാനിച്ചത്. സുധീരനുമായി എ.ഐ.സി.സി ചര്‍ച്ച നടത്തുമെന്നും സുധാകരന്‍ അറിയിച്ചു.

No comments