ഭാരത്ബന്ദില്‍ സ്തംഭിച്ച് തലസ്ഥാനം
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത് ബന്ദില്‍ സ്തംഭിച്ച് രാജ്യതലസ്ഥാനം. ഡല്‍ഹിയിലെ പ്രധാനപ്പെട്ട അതിര്‍ത്തികളിലെല്ലാം കര്‍ഷകര്‍ റോഡ് തടഞ്ഞ് പ്രതിഷേധിക്കുകയാണ്. ഡല്‍ഹി-ഗുരുഗ്രാം അതിര്‍ത്തിയില്‍ തിങ്കളാഴ്ച രാവിലെ മുതല്‍ വലിയ ഗതാഗത തടസമുണ്ടായി. ദേശീയപാതയില്‍ ഒന്നര കിലോമീറ്ററോളം ദൂരം വാഹനങ്ങളുടെ നീണ്ട നിരയാണ്. ഡല്‍ഹിയിലെ പല റോഡുകളിലും സമാനമായ സാഹചര്യമാണ്.
ഗുരുഗ്രാമില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള പാതയിലാണ് ഗതാഗത തടസം രൂക്ഷം. അതേസമയം, ഡല്‍ഹിയില്‍ നിന്ന് ഗുരുഗ്രാമിലേക്കുള്ള ദേശീയ പാതയിലൂടെ വാഹനങ്ങള്‍ കടന്നുപോകുന്നുണ്ട്. കര്‍ഷക പ്രതിഷേധത്തിന്റെ ഭാഗമായി രാജ്യതലസ്ഥാനത്തേക്കുള്ള വാഹനങ്ങളെല്ലാം പരിശോധനയ്ക്ക് ശേഷം മാത്രമാണ് ഡല്‍ഹി പോലീസ് കടത്തിവിടുന്നത്.
പ്രതിഷേധക്കാര്‍ സംഘടിച്ചെത്തി റോഡ് തടഞ്ഞതോടെ ഡല്‍ഹി ഡിഎന്‍ഡി മേല്‍പ്പാലത്തിലും വലിയ ഗതാഗത തടസ്സമുണ്ടായി. സിഘു അതിര്‍ത്തിയില്‍ നിലയുറപ്പിച്ച കര്‍ഷകര്‍ ഡല്‍ഹി-ഹരിയാന പാതയിലെ പ്രധാന വഴികളെല്ലാം തടഞ്ഞു. ഉത്തര്‍പ്രദേശില്‍ നിന്ന് ഗാസിപൂരിലേക്കുള്ള ഗതാഗതം പൂര്‍ണമായും അടച്ചതായി ഡല്‍ഹി ട്രാഫിക് പോലീസ് അറിയിച്ചു. ഡല്‍ഹി-അമൃത്സര്‍ ദേശീയ പാതയിലും കര്‍ഷകര്‍ പ്രതിഷേധം തുടരുകയാണ്. ഹരിയാനയിലെ കുരുക്ഷേത്രയിലെ ഷഹബാദില്‍ വൈകീട്ട് നാല് മണിവരെ ഗതാഗതം തടയുമെന്ന് കര്‍ഷകര്‍ വ്യക്തമാക്കിയിട്ടുണ്ട്.
പഞ്ചാബിലും ദേശീയ പാതകളിലും മറ്റു പ്രധാന റോഡുകളിലും കര്‍ഷകര്‍ പ്രതിഷേധിക്കുന്നുണ്ട്. അംബാല, ഫിറോസ്പുര്‍ ഡിവിഷനുകളിലെ 25 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയതായി വടക്കന്‍ റെയില്‍വേ അറിയിച്ചു. ഡല്‍ഹിക്ക് പുറമേ ഹരിയാണയിലും പഞ്ചാബിലും കര്‍ഷകര്‍ റെയില്‍ പാളത്തില്‍ നിലയുറപ്പിച്ചിട്ടുണ്ട്. ഈ സംസ്ഥാനങ്ങളിലും പല ട്രെയിനുകളും മണിക്കൂറുകളായി വഴിയില്‍ കുടുങ്ങിക്കിടക്കുകയാണ്.
ചെന്നൈയില്‍ പോലീസ് ബരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച നിരവധി പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി. കര്‍ഷകരുടെ ഭാരത് ബന്ദിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരളത്തിലും ഹര്‍ത്താല്‍ തുടരുകയാണ്.