ഒക്ടോബർ ഒന്നു മുതൽ കെ.എസ്.ആർ.ടി.സിയിൽ പഴയ ടിക്കറ്റ് നിരക്ക്
കോവിഡ് സാഹചര്യത്തിൽ യാത്രക്കാർ കുറഞ്ഞതോടെ ആഴ്ചയിലെ ചില ദിവസങ്ങളില്‍ കെ.എസ്.ആർ.ടി.സി ഏര്‍പ്പെടുത്തിയിരുന്ന യാത്ര നിരക്ക് വര്‍ധന പിന്‍വലിച്ചു. ഒക്ടോബര്‍ ഒന്ന് മുതല്‍ എല്ലാ ദിവസവും ഒരേ യാത്ര നിരക്കായിരിക്കുമെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു അറിയിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ കുറവ് നേരിട്ടതോടെ നേരത്തെ ഫ്ലക്സി റേറ്റ് രീതിയായിരുന്നു കെ.എസ്.ആർ.ടി.സിയിൽ ഉണ്ടായിരുന്നത്.
സ്‌കൂൾ തുറക്കുന്ന സാഹചര്യത്തിൽ നാളെ വൈകുന്നേരം അഞ്ചു മണിക്ക് വിദ്യാഭ്യാസ മന്ത്രിയുമായി ഗതാഗത മന്ത്രി ചർച്ച നടത്തും. കെ.എസ്.ആർ.ടി.സി. ബസുകൾ വിട്ടു നൽകൽ, വിദ്യാർഥികളുടെ കൺസഷൻ തുടങ്ങിയവ ചർച്ചയാകും. കൺസഷൻ നിരക്ക് കൂട്ടണമെന്ന ആവശ്യത്തിൽ ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷന്‍റെ ശിപാർശകൾ പരിശോധിച്ച ശേഷമേ തീരുമാനമെടുക്കൂ.
കെ.എസ്.ആർ.ടി.സിയുടെ ദീർഘദൂര വോൾവോ, സ്‌കാനിയ ബസുകളിൽ ഇനി സൈക്കിളും ഇ-സ്‌കൂട്ടറും കൊണ്ടുപോകാമെന്ന് മന്ത്രി ആന്‍റണി രാജു അറിയിച്ചു. നവംബർ ഒന്നു മുതൽ തീരുമാനം നടപ്പിലാക്കും. ബസുകളിൽ ഇതിനായി ക്രമീകരണം ഒരുക്കുമെന്നും നിരക്ക് പിന്നീട് നിശ്ചയിക്കുമെന്നും മന്ത്രി പറഞ്ഞു. ഹർത്താൽ ദിനമായ ഇന്ന് കെ.എസ്.ആർ.ടി.സി. അവശ്യ സർവിസുകൾ നടത്തിയെന്നും മന്ത്രി പറഞ്ഞു.