അതിര്‍ത്തിയില്‍ ചൈന വലിയതോതില്‍ സൈന്യത്തെ വിന്യസിക്കുന്നതായി കരസേനാ മേധാവി
ലഡാക്ക്: ലഡാക്ക് അതിര്‍ത്തിയിലുടനീളം ചൈന ഗണ്യമായ തോതില്‍ സൈനികരെ വിന്യസിക്കുന്നതായി കരസേനാ മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവനെ. ലഡാക്കിലെ സംഘര്‍ഷത്തെക്കുറിച്ചും സേനാപിന്മാറ്റത്തെക്കുറിച്ചും അടുത്തയാഴ്ച ചൈനയുമായി 13-ാം വട്ട ചര്‍ച്ചകള്‍ നടത്താനാകുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ചൈന കിഴക്കന്‍ ലഡാക്കിലും സമീപ പ്രദേശങ്ങളിലും ഗണ്യമായ അളവില്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. തീര്‍ച്ചയായും ഈ പ്രദേശങ്ങളില്‍ അവരുടെ സൈനിക വിന്യാസത്തില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്, ഇത് ഞങ്ങളെ ആശങ്കപ്പെടുത്തുന്ന കാര്യമാണ്,' ജനറല്‍ നരവനെ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ചൈനീസ് സൈന്യം കഴിഞ്ഞ ആറുമാസമായി കാര്യമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നില്ലെന്നും അതിര്‍ത്തിയില്‍ സ്ഥിതി സാധാരണഗതിയിലാണെന്നും കരസേന മേധാവി പറഞ്ഞു.
എന്നാല്‍ അവരുടെ എല്ലാ നീക്കങ്ങളും ഞങ്ങള്‍ നിരീക്ഷിക്കുകയാണ്. ഇപ്പോള്‍ ഏത് സാഹചര്യവും നേരിടാന്‍ ഇന്ത്യന്‍ സൈന്യം തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭാഷണത്തിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കാമെന്ന് തനിക്ക് ഉറച്ച വിശ്വാസമുണ്ടെന്ന് നരവനെ പറഞ്ഞു.