Featured Posts

Breaking News

കോവാക്സിന് ഇനിയും അനുമതിയില്ല; കൂടുതൽ വ്യക്തത തേടി ഡബ്ല്യു.എച്ച്.ഒ


ന്യൂഡൽഹി: ഇന്ത്യന്‍ നിര്‍മിത കോവിഡ് വാക്സിനായ ഭാരത് ബയോടെകിന്റെ കോവാക്സിന് അംഗീകാരത്തിനായി കൂടുതൽ വ്യക്തത തേടി ലോകാരോഗ്യ സംഘടന. വാക്സിൻ അംഗീകാരവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച ഡബ്ല്യു.എച്ച്.ഒയുടെ യോഗം ചേർന്നിരുന്നു. ഇതിനുശേഷമാണ് കോവാക്സിൻ അംഗീകാരത്തിനായി കൂടുതൽ വ്യക്തത വേണമെന്ന് ഡബ്ല്യു.എച്ച്.ഒ വ്യക്തമാക്കിയത്.

വാക്സിൻ എത്രത്തോളം പ്രതിരോധശേഷി കൈവരിക്കുന്നു എന്ന കാര്യത്തിൽ കൂടുതൽ വ്യക്തത വേണമെന്നാണ് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടത്. നവംബർ 3ന് ലോകാരോഗ്യ സംഘടന വീണ്ടും യോഗം ചേരും.

കോവാക്സിന്റെ അടിയന്തര അനുമതിക്ക് വേണ്ടി നിർമാതാക്കളായ ഭാരത് ബയോടെക് ലോകാരോഗ്യ സംഘടനയുടെ അനുമതി നേരത്തെ തന്നെ തേടിയിരുന്നു. കഴിഞ്ഞ മാസം വാക്സിന്റെ അടിയന്തര ഉപയോഗത്തിനായി ഡബ്ല്യു.എച്ച്.ഒയുടെ അനുമതി ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ കോവാക്‌സിന് ഉത്പാദകരായ ഭാരത് ബയോടെക്കില്‍ നിന്ന് ലോകാരോഗ്യ സംഘടനയുടെ പാനല്‍ കൂടുതല്‍ വിശദീകരണം തേടിയതിനാൽ തീരുമാനം വൈകുകയായിരുന്നു. ചൊവ്വാഴ്ച ചേർന്ന യോഗത്തിലും കൂടുതൽ വ്യക്തത ആവശ്യപ്പെടുകയായിരുന്നു. കോവാക്‌സിന്റെ ജൂലായ് മുതലുള്ള വിവരങ്ങളാണ് ലോകാരോഗ്യ സംഘടന പരിശോധിക്കുന്നത്.

കോവാക്സിന് ഇന്ത്യയില്‍ ഉപയോഗാനുമതി ലഭിച്ചെങ്കിലും അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും നിലവിൽ കോവാക്സിന് അംഗീകാരമില്ല.

കോവാക്‌സിന് അംഗീകാരം നല്‍കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ക്കായി സാങ്കേതിക ഉപദേശ സമിതി ഒക്ടോബര്‍ 26ന് യോഗം ചേരുമെന്ന് ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥന്‍ നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. യോഗത്തിന് ശേഷമാണ് കോവാക്സിൻ അംഗീകാരത്തിന് കൂടുതൽ വ്യക്തത വേണമെന്ന് വ്യക്തമാക്കിയത്.

No comments