രാത്രിയില്‍ കാണാതായ പെണ്‍കുട്ടിയെ തേടി പോലീസ്, നേരം വെളുത്തപ്പോള്‍ തെളിഞ്ഞത് മൂന്ന് പീഡനക്കേസുകള്‍
തിരുവനന്തപുരം: 16 വയസ്സ് പ്രായമുള്ള പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതി അന്വേഷിച്ചിറങ്ങിയതായിരുന്നു പോലീസ്. അന്വേഷണത്തിനൊടുവില്‍ തെളിഞ്ഞത് മൂന്ന് പോക്‌സോ കേസുകള്‍.
പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ട കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റിലാവുകയും ചെയ്തു. പെരിങ്ങമ്മല അഗ്രിഫാം കുണ്ടാളം കുഴി തടത്തരികത്തു വീട്ടില്‍ അമൃതലാല്‍(19), കല്ലാര്‍ ഇരുപത്തിയാറ് കൊങ്ങമരുതുംമൂട്ടില്‍ ശരണ്യ വിലാസത്തില്‍ ശിവജിത്ത് (22), തൊളിക്കോട് വിനോബനികേതന്‍ അരുവിക്കരക്കോണം അപര്‍ണ വിലാസത്തില്‍ സാജുക്കുട്ടന്‍ (54) എന്നിവരാണ് അറസ്റ്റിലായത്.
വിതുര സ്വദേശിയായ പതിനാറുകാരിയെ കാണാനില്ലെന്ന പരാതി ലഭിച്ചതിനെത്തുടര്‍ന്ന് അന്വേഷിക്കാനെത്തിയതായിരുന്നു പോലീസ്. ഇതിനിടെ രാത്രിയില്‍ സംശയകരമായ സാഹചര്യത്തില്‍ മൂന്നു യുവാക്കളെ കണ്ടു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് പീഡനത്തിന്റെ ചുരുളഴിഞ്ഞത്. പതിനേഴുകാരിയായ മറ്റൊരു പെണ്‍കുട്ടിയെ കാണാനെത്തിയതിനിടെയാണ് ഇവര്‍ പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. യുവാക്കള്‍ കാണാനെത്തിയ പെണ്‍കുട്ടിയെ ചോദ്യം ചെയ്തതില്‍ നിന്നാണ് മൂവര്‍ സംഘത്തിലുണ്ടായിരുന്ന ശിവജിത്ത് പീഡിപ്പിച്ച വിവരം പുറത്തറിയുന്നത്. അമ്മയുടെ സുഹൃത്തായ സാജുക്കുട്ടന്‍ പീഡിപ്പിച്ചിരുന്ന വിവരവും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞതോടെ ഇയാളും പിടിയിലായി.
ഇതിനിടെ കാണാതായ പെണ്‍കുട്ടി രാവിലെയോടെ വീട്ടിലെത്തുകയും ചെയ്തു. വീട്ടുകാര്‍ ഇക്കാര്യം പോലീസിനെ അറിയിച്ചതിന് പിന്നാലെ പോലീസ് പെണ്‍കുട്ടിയോട് കാര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കി. രാത്രിയില്‍ അമൃതരാജ് എന്ന യുവാവ് പീഡിപ്പിച്ച വിവരം പെണ്‍കുട്ടി പോലീസിനോട് പറഞ്ഞതോടെ ഇയാളും അറസ്റ്റിലായി.
നെടുമങ്ങാട് എ.എസ്.പി. രാജ് പ്രസാദ്, വിതുര സി.ഐ. എസ്.ശ്രീജിത്ത്, എസ്.ഐ. എസ്.എല്‍.സുധീഷ്, ഗ്രേഡ് എസ്.ഐ. സതികുമാര്‍, എ.എസ്.ഐ.മാരായ സജു, പദ്മരാജ്, സി.പി.ഒ.മാരായ പ്രദീപ്, രജിത്ത്, ഹാഷിം, സിന്ധു എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. പോക്‌സോ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് അറസ്റ്റ്. മൂന്നു പ്രതികളെയും റിമാന്‍ഡു ചെയ്തു.