Featured Posts

Breaking News

പാൻഡൊറ രേഖകൾ: ഇന്ത്യൻ പേരുകളിൽ മിലിട്ടറി ഇന്റലിജൻസ് വിഭാഗം മുൻ മേധാവിയും


ന്യൂഡൽഹി: പ്രമുഖരുടെ രഹസ്യ വിദേശനിക്ഷേപങ്ങളെക്കുറിച്ചു വെളിപ്പെടുത്തിയ ‘പാൻഡൊറ രേഖകളി’ലെ കൂടുതൽ ഇന്ത്യക്കാരുടെ പേരുകൾ പുറത്ത്. മിലിട്ടറി ഇന്റലിജൻസ് വിഭാഗം മുൻ മേധാവി ലഫ്. ജനറൽ രാകേഷ് കുമാർ ലൂംബ, റാഡികോ ഖെയ്‍താൻ കമ്പനിയുടമകളായ ലളിത് ഖെയ്‍താൻ, അഭിഷേക് ഖെയ്‍താൻ, ഡൽഹിയിലെ സീതാറാം ഭാർത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് റിസർച്ചിന്റെ (എസ്.ബി.ഐ.എസ്.ആർ.) ഉടമകളായ ഭാർത്യ കുടുംബം തുടങ്ങിയവരുടെ പേരുകളാണ് ചൊവ്വാഴ്ച പുറത്തുവന്നത്.

മകൻ രാഹുൽ ലൂംബയുമായി ചേർന്ന് 2016 ഡിസംബറിലാണ് രാകേഷ് കുമാർ ലൂംബ സെയ്‌ഷെൽസിൽ റാറിന്റ് പാർട്‌ണേഴ്‌സ് എന്ന കമ്പനി രജിസ്റ്റർ ചെയ്തത്. ന്യൂഡൽഹി വസന്ത് വിഹാറിലെ അനന്ത് ഗ്യാൻശ്യാമായിരുന്നു കമ്പനിയുടെ മൂന്നാമത്തെ പങ്കാളി. കമ്പനിയുടെ ഫസ്റ്റ് ഡയറക്ടർമാരും ബെനഫിഷ്യറി ഓണേഴ്‌സുമെന്നാണ് മൂന്നുപേരെയും വിശേഷിപ്പിച്ചിരിക്കുന്നത്. 34 ശതമാനം ഓഹരികൾ ഗ്യാൻശ്യാമിന്റെയും 33 ശതമാനം വീതം ഓഹരികൾ രാകേഷ് കുമാറിന്റെയും രാഹുലിന്റെയും പേരിലാണ്.

സെയ്‌ഷെൽസിലെ മാഹി ആസ്ഥാനമായിപ്രവർത്തിക്കുന്ന ആബോൽ എന്ന സേവനദാതാവുവഴി മൗറീഷ്യസിലെ എ.ബി.സി. ബാങ്കിങ് കോർപ്പറേഷനുമായാണ് കമ്പനിയുടെ അക്കൗണ്ട് ബന്ധിപ്പിച്ചിരിക്കുന്നത്. കമ്പനിക്ക് ഭാവിയിൽ ലഭിക്കാവുന്ന വാർഷിക വിറ്റുവരവായ 10 ലക്ഷം ഡോളർ നിക്ഷേപിക്കാനായിരുന്നു ഈ അക്കൗണ്ട് എന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

എന്നാൽ, ബിസിനസ് പദ്ധതി ഉപേക്ഷിച്ചതിനാൽ എ.ബി.സി. ബാങ്കിലെ അക്കൗണ്ട് ഓപ്പൺ ചെയ്തിട്ടേയില്ലെന്ന് രാഹുൽ ലൂംബ പ്രതികരിച്ചു. 2017-ൽ കമ്പനി പിരിച്ചുവിട്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

റാഡികോ ഖെയ്‍താൻ കമ്പനിയുടെ ഉടമകളും ഇന്ത്യൻ മെയ്ഡ് ഫോറിൻ ലിക്കറിന്റെ ഉത്പാദകരുമായ ലളിത് ഖെയ്‍താനും കുടുംബത്തിനും ബ്രിട്ടീഷ് വെർജിൻ ഐലൻഡ്‌സിൽ ടിംബർലെയ്ൻ ട്രസ്റ്റ് എന്ന കമ്പനിയാണുള്ളത്. ഈ കമ്പനിയുടെ ഗുണഭോക്താക്കൾ ലളിതും സഹോദരൻ അഭിഷേക് ഖെയ്‍താനുമാണ്. വിവിധ കമ്പനികളിലെ ഓഹരികളായാണ് നിക്ഷേപം. ടിംബർലെയ്ൻ ട്രസ്റ്റിനുവേണ്ട സേവനങ്ങൾ നൽകിയത് ബ്രിട്ടീഷ് വെർജിൻ ഐലൻഡ്‌സിലുള്ള ട്രൈഡന്റ് ട്രസ്റ്റാണ്. റാഡികോ കമ്പനിക്കോ ഖെയ്‍താൻ കുടുംബത്തിനോ അനധികൃത ബാങ്ക് അക്കൗണ്ടുകളോ ട്രസ്റ്റുകളോ ലോകത്തെവിടെയും ഇല്ലെന്ന് കമ്പനി വൈസ് പ്രസിഡന്റ് (ലീഗൽ) ദിനേശ് കുമാർ ഗുപ്ത പറഞ്ഞു.

എസ്.ബി.ഐ.എസ്.ആർ. ഉടമകൾക്ക് കെയ്മൻ ഐലൻഡ്‌സിൽ ഭാർത്യ ഫാമിലി ട്രസ്റ്റ് എന്നപേരിൽ ട്രസ്റ്റുണ്ട്. 2006-ൽ സ്ഥാപിച്ച ഈ ട്രസ്റ്റ് അക്കൊല്ലംതന്നെ കാർമൈക്കൽ ഇൻകോർപ്പറേറ്റ് എന്ന കമ്പനിയെ ഏറ്റെടുത്തു. ഒരുഘട്ടത്തിൽ ഈ കമ്പനിക്ക് മൂന്നരക്കോടിയിലേറെ സ്വത്തുണ്ടായിരുന്നു എന്നാണ് ‘പാൻഡൊറ രേഖകളി’ൽ പറയുന്നത്. ഭാർത്യ കുടുംബം ഇതേക്കുറിച്ച്‌ പ്രതികരിച്ചിട്ടില്ല.

പ്രമോദ് മിത്തലിന്റെ കടം 100 കോടി പൗണ്ട്

പ്രമുഖ ഉരുക്കുവ്യവസായി ലക്ഷ്മി മിത്തലിന്റെ ഇളയസഹോദരൻ പ്രമോദ് മിത്തലിന്റെ രഹസ്യനിക്ഷേപങ്ങളും ‘പാൻഡൊറ രേഖകളി’ൽ വെളിവായി. 2020 ജൂൺമുതൽ ബ്രിട്ടീഷ് കോടതിയിൽ പാപ്പരത്തനടപടി നേരിടുന്നയാളാണ് വ്യവസായിയായ പ്രമോദ്. തനിക്ക് വരുമാനമില്ലെന്നും ആകെ സ്വത്ത് 1,50,000 പൗണ്ടിൽ (15.24 കോടി രൂപ) താഴെയാണെന്നുമാണ് അദ്ദേഹം കോടതിയിൽ ബോധിപ്പിച്ചത്. ലണ്ടനിൽ വർഷങ്ങളായി താമസിക്കുന്ന വീട് തന്റേതല്ലെന്നും പറഞ്ഞു.

ഇൻഡിവിജ്വൽ വൊളന്ററി അറേഞ്ച്‌മെന്റിനെ (ഐ.വി.എ.) സാധൂകരിക്കാനായിരുന്നു ഇത്. കടം നിശ്ചിതകാലംകൊണ്ട് തിരിച്ചടയ്ക്കാമെന്ന് കോടതിവഴി കടക്കാരെ ബോധ്യപ്പെടുത്തുന്ന ഉടമ്പടിയാണിത്. ഈ രീതിയിൽ 44 കോടി പൗണ്ട് (4472 കോടി രൂപ) അടയ്ക്കാമെന്ന് അദ്ദേഹം അറിയിച്ചു. പ്രമോദ് മിത്തലിന്‌ വായ്പനൽകിയ 75 ശതമാനം ബാങ്കുകളും കഴിഞ്ഞകൊല്ലം ഒക്ടോബറിൽ ഇതംഗീകരിച്ചു.

20 സ്ഥാപനങ്ങൾക്ക് 250 കോടി പൗണ്ട് (25,402 കോടി രൂപ) തിരിച്ചുനൽകാനുണ്ടെന്നാണ് അദ്ദേഹം കോടതിയിൽ പറഞ്ഞത്. ബ്രിട്ടീഷ് വെർജിൻ ഐലൻഡ്‌സിലുള്ള ഡയറക്ടർ ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡ് എന്ന കമ്പനിയായിരുന്നു ഇതിലൊന്ന്. 100 കോടി പൗണ്ടാണ് (10,000 കോടി രൂപ) പ്രമോദ് ഈ കമ്പനിക്കു നൽകാനുള്ളത്. പ്രമോദ് മിത്തൽതന്നെയാണ് ഈ കമ്പനിയുടെ ഉടമയെന്ന് ഇന്ത്യൻ എക്സ്‌പ്രസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.


ലണ്ടനിലെ മിത്തലിന്റെ വീടിന്റെ ഉടമസ്ഥരായി കാണിച്ചിരിക്കുന്നത് മീഡ്‌സ്‌വെൽ എസ്റ്റേറ്റ് ലിമിറ്റഡ് എന്ന കമ്പനിയെയാണ്. ബ്രിട്ടീഷ് വെർജിൻ ഐലൻഡ്‌സിലുള്ള ഈ കമ്പനിയുടെ ഉടമയായ ട്രസ്റ്റിന്റെ ഗുണഭോക്താവും മിത്തൽതന്നെയെന്നു കണ്ടെത്തി. ഫലത്തിൽ പ്രമോദ് മിത്തലിനു തന്നെയാണ് അദ്ദേഹം കടം തിരിച്ചടയ്ക്കേണ്ടത്. അതിനുള്ള ഉടമ്പടിയാണ് അദ്ദേഹം കോടതിയെക്കൊണ്ട് അംഗീകരിപ്പിച്ചത്.

No comments