Featured Posts

Breaking News

മുത്തച്ഛന്‍ സൂക്ഷിച്ചുവെച്ച മദ്യം കുടിച്ച് അഞ്ചുവയസ്സുകാരന്‍ മരിച്ചു; ഹൃദയാഘാതം വന്ന് മുത്തച്ഛനും മരണപ്പെട്ടു


ചെന്നൈ: മുത്തച്ഛന്‍ സൂക്ഷിച്ചുവെച്ച മദ്യം ശീതളപാനീയമെന്ന് കരുതി കുടിച്ച അഞ്ചുവയസുകാരന്‍ മരണപ്പെട്ടു. സംഭവത്തെതുടര്‍ന്ന് ഹൃദയാഘാതം വന്ന് മുത്തച്ഛനും മരണപ്പെട്ടു. തമിഴ്‌നാട്ടിലെ വെല്ലൂര്‍ ജില്ലയിലെ കട്പാടിക്കടുത്താണ് ചൊവ്വാഴ്ച സംഭവമുണ്ടായത്. തിരുവലം അണ്ണാനഗര്‍ സ്വദേശി ചിന്ന സ്വാമി(62)യും കൊച്ചുമകന്‍ രുദ്രേഷുമാണ് മരിച്ചത്.

കൂലിപ്പണിക്കാരനായ ചിന്നസ്വാമിക്ക് മദ്യപാന ശീലമുണ്ട്. ജോലി കഴിഞ്ഞെത്തിയ ചിന്നസ്വാമി മദ്യപിച്ച ശേഷം വീട്ടിലെ അടുത്ത മുറിയില്‍ ടിവി കാണുകയായിരുന്നു. ഈ സമയം ചിന്നസ്വാമിയുടെ മകളും ഭര്‍ത്താവും സ്ഥലത്ത് ഇല്ലായിരുന്നു. ചിന്നസ്വാമി മുറിയില്‍ വെച്ചിരുന്ന മദ്യകുപ്പി കണ്ട രുദ്രേഷ് ശീതള പാനീയമാണെന്ന് കരുതി കുടിക്കുകയായിരുന്നു.

ഇതോടെ ശ്വാസതടസ്സം നേരിട്ട കുട്ടി കുഴഞ്ഞുവീണു. ശ്വസമെടുക്കാന്‍ പ്രയാസപ്പെട്ട് കുട്ടി ശബ്ദം ഉണ്ടാക്കിയപ്പോഴാണ് ചിന്നസ്വാമി മുറിയിലേക്കെത്തിയത്. അയല്‍ക്കാരും ചിന്നസ്വാമിയുടെ മകളും എത്തിയതോടെ മദ്യം കഴിച്ചതാണ് കുട്ടിയുടെ പ്രയാസത്തിന് കാരണമെന്ന് തിരിച്ചറിഞ്ഞു. നാട്ടുകാര്‍ ചിന്നസ്വാമിയെ കുറ്റപ്പെടുത്താന്‍ തുടങ്ങിയതോടെ ഇയാള്‍ സമ്മര്‍ദ്ദത്തില്‍ കുഴഞ്ഞുവീണു. ഇരുവരെയും അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചിന്നസ്വാമിയെ രക്ഷിക്കാനായില്ല. രുദ്രേഷിനെ ഗുരുതരമായ നിലയില്‍ വെല്ലൂരിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പിന്നീട് മരണം സംഭവിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

No comments