ഇടപെട്ട് സർക്കാർ; ദത്ത് നടപടി നിര്‍ത്താന്‍ നിര്‍ദേശം; അനുപമയ്ക്ക് ആശ്വാസം
തിരുവനന്തപുരം∙ പ്രതിഷധത്തിനും അമ്മയുടെ നിരാഹാര സമരത്തിനും ഒടുവിൽ, അമ്മ അറിയാതെ കുഞ്ഞിനെ ദത്തുനല്‍കിയ കേസില്‍ സര്‍ക്കാര്‍ ഇടപെടല്‍. ദത്തുനല്‍കല്‍ നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നൽകി. ശിശുക്ഷേമ സമിതിക്കും വനിത ശിശുവികസന ഡയറക്ടര്‍ക്കുമാണ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കിയത്. നടപടികള്‍ നിര്‍ത്തിവച്ചതായി കോടതിയെ അറിയിക്കും. സര്‍ക്കാര്‍ തീരുമാനത്തില്‍ ആശ്വാസമെന്ന് അനുപമ പ്രതികരിച്ചു. താനും കോടതിയെ സമീപിക്കുമെന്നും അനുപമ പറഞ്ഞു.
ആറു മാസമാണ് ദത്ത് നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള കാലാവധി. ഇതിന്റെ ആദ്യഘട്ടം മാത്രമാണ് പൂര്‍ത്തിയായിരിക്കുന്നത്. കുഞ്ഞിനെ മറ്റൊരാള്‍ക്കു കൈമാറിയെങ്കിലും കോടതി നടപടികള്‍ അവസാനിക്കുന്നതോടെ മാത്രമേ ദത്ത് നടപടികള്‍ പൂര്‍ത്തിയാകുകയുള്ളു. കുഞ്ഞിന്റെ അമ്മ പരാതിയുമായി രംഗത്തെത്തിയിട്ടുള്ള സാഹചര്യത്തില്‍ ദത്തിന്റെ അടുത്ത നടപടികള്‍ നിര്‍ത്തിവയ്ക്കാനാണ് ശിശുക്ഷേമ സമിതിക്കും വനിതാ ശിശുവികസന ഡയറക്ടര്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇക്കാര്യങ്ങള്‍ കോടതിയെ അറിയിക്കാന്‍ സര്‍ക്കാര്‍ പ്ലീഡര്‍ക്കു മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഫലത്തില്‍ അനുപമയ്ക്ക് അനുകൂലമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.
കുഞ്ഞിനെ തേടി അമ്മ അനുപമ സെക്രട്ടേറിയറ്റ് നടയിൽ നിരാഹാരമിരിക്കുന്നതിനിടെയാണ് സർക്കാർ ഇടപെടൽ. പിന്തുണയ്ക്കേണ്ട സമയത്ത് പാർട്ടിയും പൊലീസും നിസംഗരായി നിന്നെന്ന് അനുപമ പറഞ്ഞു. അനുപമയുടെ കുട്ടിയുടെ ദത്ത് നടപടികള്‍ നടക്കുന്ന വഞ്ചിയൂര്‍ കുടുംബ കോടതിയിൽ കാര്യങ്ങള്‍ അവതരിപ്പിക്കുന്നതിന് ഗവ. പ്ലീഡറെ ചുമതലപ്പെടുത്തിയതായി മന്ത്രി വീണ ജോർജ് അറിയിച്ചിരുന്നു.
കുട്ടിയുടെ ദത്തെടുക്കല്‍ നടപടി പൂര്‍ത്തിയാകുന്നതിന് മുമ്പ് കുട്ടിയെ വിട്ടുകിട്ടണമെന്ന അനുപമയുടെ ആവശ്യവും ഇതുസംബന്ധിച്ച് സര്‍ക്കാര്‍ നടത്തുന്ന അന്വേഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങളും വിലയിരുത്തണമെന്ന് ആവശ്യപ്പെടാന്‍ ശിശുവികസന വകുപ്പിന് മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.