കുഞ്ഞിനെ വേണം; അനുപമ സെക്രട്ടറിയേറ്റിന് മുന്നിൽ നിരാഹാരസമരം തുടങ്ങി
തിരുവനന്തപുരം: നഷ്ടപ്പെട്ട സ്വന്തം കുഞ്ഞിനെ തിരികെ കിട്ടാനായി മുൻ എസ്.എഫ്.ഐ നേതാവായ അനുപമ എസ്. ചന്ദ്രൻ സെക്രട്ടേറിയേറ്റിന് മുന്നിൽ നിരാഹാരം തുടങ്ങി. ഇന്ന് രാവിലെ പത്തോടെയാണ് അനുപമ സമരം ആരംഭിച്ചത്. വൈകിട്ട് അഞ്ച് വരെയാണ് സമരം. ഭർത്താവ് അജിത്തിനൊപ്പമാണ് അനുപമ നിരാഹാരമിരിക്കുന്നത്.
ഇന്ന് രാവിലെ മന്ത്രി വീണ ജോർജ് അനുപമയെ ഫോണിൽ വിളിച്ചിരുന്നു. കുഞ്ഞിനെ തിരികെ കിട്ടാൻ നടപടിയെടുക്കുമെന്നും, വീഴ്ച വരുത്തിയവർക്കെതിരെ നടപടി ഉണ്ടാകുമെന്നും മന്ത്രി ഉറപ്പ് നൽകിയിരുന്നു. അതേസമയം, പൊലീസിലും വനിത കമീഷനിലും വിശ്വസമില്ലെന്ന് അനുപമ പ്രതികരിച്ചു.
ഡി.വൈ.എഫ്.ഐ നേതാവായ അജിത്തുമായുള്ള പ്രണയത്തെ തുടർന്ന് കഴിഞ്ഞവർഷം ഒക്ടോബർ 19നാണ് അനുപമ ആൺകുഞ്ഞിന് ജന്മം നൽകിയത്. അജിത് വേറെ വിവാഹിതനായിരുന്നതിനാൽ അന്നു മുതൽ കുട്ടിയെ ഒഴിവാക്കുന്നതിന് അനുപമയുടെ മാതാപിതാക്കൾ സി.പി.എം സംസ്ഥാന, ജില്ല നേതാക്കളുമായും സർക്കാർ പ്ലീഡർമാരുമായും കൂടിയാലോചന നടത്തിയെന്ന ആക്ഷേപവും ശക്തമാണ്. ഇവരുടെയെല്ലാം നിർദേശപ്രകാരമാണ് ശിശുക്ഷേമസമിതിയിൽ കുട്ടിയെ ഏൽപിച്ചതെന്നാണ് ആരോപണം.