Featured Posts

Breaking News

ബാബറും റിസ്വാനും തകര്‍ത്തു; ലോകകപ്പ് വേദിയില്‍ പാകിസ്താനോട് ആദ്യ തോല്‍വി വഴങ്ങി ഇന്ത്യ


ദുബായ്: തോല്‍വിയറിയാതെ പിന്നിട്ട 12 മത്സരങ്ങള്‍ക്കു ശേഷം ലോകകപ്പ് വേദിയില്‍ ഒടുവില്‍ പാകിസ്താനോട് ഇന്ത്യ തോറ്റു. ട്വന്റി 20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ 10 വിക്കറ്റിനാണ് പാകിസ്താന്‍ ഇന്ത്യയെ തോല്‍പ്പിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 152 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്താന്‍ 16 ഓവറില്‍ ലക്ഷ്യം കണ്ടു.

അര്‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ ബാബര്‍ അസമും മുഹമ്മദ് റിസ്വാനുമാണ് പാക് ജയം എളുപ്പമാക്കിയത്.

46 പന്തുകള്‍ നേരിട്ട ബാബര്‍ അസം രണ്ട് സിക്‌സും ആറ് ഫോറുമടക്കം 68 റണ്‍സെടുത്തു.

മുഹമ്മദ് റിസ്വാന്‍ 55 പന്തില്‍ നിന്ന് മൂന്ന് സിക്‌സും ആറ് ഫോറുമടക്കം 79 റണ്‍സോടെ പുറത്താകാതെ നിന്നു.

ഒരു ഘട്ടത്തില്‍ പോലും പാകിസ്താന്‍ ബാറ്റ്‌സ്മാന്‍മാരെ പ്രതിരോധത്തിലാക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചില്ല.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെടുത്തിരുന്നു.

തുടക്കത്തില്‍ ബാറ്റിങ് തകര്‍ച്ച നേരിട്ട ഇന്ത്യയെ അര്‍ധ സെഞ്ചുറി നേടിയ വിരാട് കോലിയുടെയും 39 റണ്‍സെടുത്ത ഋഷഭ് പന്തിന്റെയും ഇന്നിങ്‌സുകളാണ് ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്.

49 പന്തുകള്‍ നേരിട്ട കോലി ഒരു സിക്‌സും അഞ്ചു ഫോറുമടക്കം 57 റണ്‍സെടുത്ത് പുറത്തായി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. ആദ്യ ഓവറിലെ നാലാം പന്തില്‍ തന്നെ ഷഹീന്‍ അഫ്രീദി രോഹിത് ശര്‍മയെ (0) വിക്കറ്റിന് മുന്നില്‍ കുടുക്കി. നേരിട്ട ആദ്യ പന്തില്‍ തന്നെയായിരുന്നു രോഹിത്തിന്റെ മടക്കം.

പിന്നാലെ മൂന്നാം ഓവറില്‍ ഷഹീന്‍ കെ.എല്‍ രാഹുലിനെയും (3) പുറത്താക്കിയതോടെ ഇന്ത്യ പ്രതിരോധത്തിലായി. തുടര്‍ന്നെത്തിയ സൂര്യകുമാര്‍ യാദവ് മികച്ച ഷോട്ടുകളുമായി തുടങ്ങിയെങ്കിലും ആറാം ഓവറില്‍ താരത്തെ ഹസന്‍ അലി പുറത്താക്കിയതോടെ ഇന്ത്യന്‍ ആരാധകര്‍ മറ്റൊരു ബാറ്റിങ് തകര്‍ച്ച മുന്നില്‍ കണ്ടു. എട്ടു പന്തില്‍ ഒരു സിക്‌സും ഫോറുമടക്കം 11 റണ്‍സായിരുന്നു സൂര്യകുമാറിന്റെ സമ്പാദ്യം.

എന്നാല്‍ നാലാം വിക്കറ്റില്‍ ഒന്നിച്ച കോലി - ഋഷഭ് പന്ത് സഖ്യം 53 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഇന്ത്യയെ കൂടുതല്‍ നഷ്ടങ്ങളില്ലാതെ മുന്നോട്ട് കൊണ്ടുപോയി. പക്ഷേ 13-ാം ഓവറില്‍ പന്തിനെ മടക്കി ഷദാബ് ഖാന്‍ ഇന്ത്യയെ വീണ്ടും ഞെട്ടിച്ചു. 30 പന്തില്‍ നിന്ന് രണ്ടു വീതം സിക്‌സും ഫോറുമടക്കം 39 റണ്‍സെടുത്താണ് പന്ത് മടങ്ങിയത്.

തുടര്‍ന്ന് ക്രീസിലെത്തിയ രവീന്ദ്ര ജഡേജ 13 പന്തില്‍ 13 റണ്‍സുമായി മടങ്ങി. കോലിക്കൊപ്പം അഞ്ചാം വിക്കറ്റില്‍ 41 റണ്‍സ് കൂട്ടിച്ചേര്‍ക്കാനും ജഡേജയ്ക്കായി. ഹാര്‍ദിക് പാണ്ഡ്യ എട്ടു പന്തില്‍ നിന്ന് 11 റണ്‍സെടുത്തു.

ഷഹീന്‍ അഫ്രീദിയാണ് പാകിസ്താനായി ബൗളിങ്ങില്‍ തിളങ്ങിയത്. നാല് ഓവര്‍ എറിഞ്ഞ താരം 31 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഹസന്‍ അലി രണ്ടു വിക്കറ്റെടുത്തു.

English Summary: After 12 unbeaten matches, India finally lost to Pakistan in the World Cup. Pakistan beat India by 10 wickets in the Super 12 match of the Twenty20 World Cup. Chasing India's target of 152, Pakistan reached the target in 16 overs.

No comments