Featured Posts

Breaking News

ലോകകപ്പ് ചരിത്രത്തിലാദ്യമായി ഇന്ത്യ പാക്കിസ്ഥാനോട് തോറ്റു


ദുബായ് :ലോകകപ്പ് വേദികളിൽ ഇന്നേവരെ ഇന്ത്യയോടു ജയിക്കാനാകാത്തതിന്റെ വിഷമമെല്ലാം ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ഈ ഒറ്റ മത്സരത്തിലൂടെ പാക്കിസ്ഥാൻ മായ്ച്ചുകളഞ്ഞു. തകർപ്പൻ ബോളിങ്, ഫീൽഡിങ്, ബാറ്റിങ് പ്രകടനങ്ങൾക്കൊപ്പം ടോസ് മുതൽ ഭാഗ്യവും കൂടി ഒപ്പം നിന്നതോടെ ഇന്ത്യയെ തോൽപ്പിച്ച് ട്വന്റി20 ലോകകപ്പിന്റെ സൂപ്പർ 12 ഘട്ടത്തിൽ പാക്കിസ്ഥാന് വിജയത്തുടക്കം. തീർത്തും ഏകപക്ഷീയമായി മാറിയ മത്സരത്തിൽ 10 വിക്കറ്റിനാണ് പാക്കിസ്ഥാൻ ഇന്ത്യയെ തോൽപ്പിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ സംഭവബഹുലമായ ഇന്നിങ്സിനൊടുവിൽ നേടിയത് ഏഴു വിക്കറ്റ് നഷ്ടത്തിൽ 151 റൺസ്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പാക്കിസ്ഥാൻ പൂവിറുക്കുന്ന ലാഘവത്തോടെ വിജയലക്ഷ്യം മറികടന്നു. അതും 13 പന്തുകൾ ബാക്കിനിൽക്കെ ഒരു വിക്കറ്റ് പോലും നഷ്ടമാക്കാതെ!

അർധസെഞ്ചുറി നേടിയ ഓപ്പണർമാരായ ബാബർ അസം, മുഹമ്മദ് റിസ്‌വാൻ എന്നിവരാണ് പാക്കിസ്ഥാന്റെ വിജയം തീർത്തും ഏകപക്ഷീയമാക്കിയത്. തകർപ്പൻ ബോളിങ് പ്രകടനത്തിലൂടെ ബോളർമാർ സമ്മാനിച്ച മേധാവിത്തം ഇന്നിങ്സിലുടനീളം കാത്തുസൂക്ഷിച്ചാണ് ഇരുവരും ചേർന്ന് പാക്കിസ്ഥാനെ വിജയതീരത്തെത്തിച്ചത്. ബാബർ അസം 52 പന്തിൽ ആറു ഫോറും രണ്ടു സിക്സും സഹിതം 68 റൺസുമായി പുറത്താകാതെ നിന്നു. മുഹമ്മദ് റിസ്‌വാൻ 55 പന്തിൽ ആറു ഫോറും മൂന്നു സിക്സും സഹിതം 79 റൺസോടെയും പുറത്താകാതെ നിന്നു. ഈ വർഷം ട്വന്റി20യിൽ അസം – റിസ്‌വാൻ സഖ്യത്തിന്റെ നാലാം സെഞ്ചുറി കൂട്ടുകെട്ടാണിത്. ട്വന്റി20യുടെ ചരിത്രത്തിൽ ഒരു കലണ്ടർ വർഷം രണ്ടു സെഞ്ചുറി കൂട്ടുകെട്ടിലധികം നേടിയ മറ്റു താരങ്ങളില്ല.

യുഎഇയിലെ പിച്ചുകൾ ഹോം ഗ്രൗണ്ട് പോലെ സുപരിചിതമാണെന്ന് മത്സരത്തലേന്നു പറഞ്ഞത് വെറുതെയല്ലെന്ന് തെളിയിച്ചാണ് ബാബർ അസവും സംഘവും ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ വിജയക്കൊടി പാറിച്ചത്. യുഎഇയിൽ ഏറ്റവുമൊടുവിൽ കളിച്ച തുടർച്ചയായ 12–ാം ട്വന്റി20 മത്സരത്തിലാണ് പാക്കിസ്ഥാൻ ജയിച്ചുകയറുന്നത്.

ട്വന്റി20 ലോകകപ്പിൽ ആറു തവണ മുഖാമുഖമെത്തിയതിൽ ഇംഗ്ലണ്ട് ആദ്യമായി വെസ്റ്റിൻഡീസിനെ തോൽപ്പിച്ചത് കഴിഞ്ഞ ദിവസം ഇതേ വേദിയിലായിരുന്നു. ഒരു ദിവസത്തെ ഇടവേളയ്ക്കുശേഷം അതേ വേദിയിൽവച്ച് ആറാമത്തെ ശ്രമത്തിൽ ആദ്യമായി പാക്കിസ്ഥാൻ ഇന്ത്യയേയും തോൽപ്പിച്ചത് കൗതുകമായി. ട്വന്റി20 ലോകകപ്പിന്റെ ചരിത്രത്തിൽ നാലാമത്തെ മാത്രം 10 വിക്കറ്റ് വിജയമാണിത്; ഏറ്റവും ഉയർന്ന സ്കോർ പിന്തുടർന്നു നേടുന്ന 10 വിക്കറ്റ് വിജയം ഇതുതന്നെ.

∙ ട്വന്റി20 ലോകകപ്പുകളിലെ 10 വിക്കറ്റ് വിജയങ്ങൾ (വിജയലക്ഷ്യം ബ്രായ്ക്കറ്റിൽ)

ഓസ്ട്രേലിയ ശ്രീലങ്കയ്‌ക്കെതിരെ, 2007 (102)
ദക്ഷിണാഫ്രിക്ക സിംബാബ്‌വെയ്ക്കെതിരെ, 2012 (94)
ഒമാൻ പാപ്പുവ ന്യൂഗിനിക്കെതിരെ, 2021 (130)
പാക്കിസ്ഥാൻ ഇന്ത്യയ്‌ക്കെതിരെ, 2021 (152)

∙ കോലി പൊരുതി, പക്ഷേ...

നേരത്തേ, ട്വന്റി20 ലോകകപ്പിൽ ഏറ്റവും കൂടുതൽ 50+ സ്കോറുകളെന്ന റെക്കോർഡിലേക്ക് ബാറ്റുവീശിയ കോലിയുടെ മികവിലാണ് ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ പാക്കിസ്ഥാനു മുന്നിൽ ഇന്ത്യ 152 റൺസ് വിജയലക്ഷ്യമുയർത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 151 റൺസെടുത്തത്. 49 പന്തിൽ അഞ്ച് ഫോറും ഒരു സിക്സും സഹിതം 57 റൺസെടുത്ത വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ് സ്കോറർ.

ഓപ്പണർ രോഹിത് ശർമ ഗോൾഡൻ ‍ഡക്കാകുന്ന ഞെട്ടിക്കുന്ന കാഴ്ചയോടെ തുടക്കമായ ഇന്ത്യൻ ഇന്നിങ്സിനെ, മറ്റൊരു കൂട്ടത്തകർച്ചയ്ക്കു വിട്ടുകൊടുക്കാതെ കാത്തത് വിരാട് കോലിയുടെ സംയമനത്തോടെയുള്ള ബാറ്റിങ്ങാണ്. ക്യാപ്റ്റൻ നൽകിയ ആത്മവിശ്വാസത്തിൽനിന്ന് ഊർജമുൾക്കൊണ്ട് അദ്ദേഹത്തിനു തുണനിന്ന സൂര്യകുമാർ യാദവ് (എട്ടു പന്തിൽ 11), ഋഷഭ് പന്ത് (30 പന്തിൽ 39), രവീന്ദ്ര ജഡേജ (13 പന്തിൽ 13) ഹാർദിക് പാണ്ഡ്യ (എട്ടു പന്തിൽ 11) എന്നിവരുടെ ചെറുതും വലുതുമായ സംഭാവനകൾ കൂടിയായതോടെയാണ് ഇന്ത്യ പൊരുതാവുന്ന സ്കോറിലെത്തിയത്. ഭുവനേശ്വർ കുമാർ (4), മുഹമ്മദ് ഷമി (0) എന്നിവർ പുറത്താകാതെ നിന്നു.

ആറു റൺസിനിടെ ഓപ്പണർമാരെ രണ്ടു പേരെയും നഷ്ടമായ ഇന്ത്യയ്ക്ക് നാലാം വിക്കറ്റിൽ വിരാട് കോലി – ഋഷഭ് പന്ത് സഖ്യം പടുത്തുയർത്തിയ അർധസെഞ്ചുറി കൂട്ടുകെട്ടാണ് കരുത്തായത്. 40 പന്തിൽനിന്ന് ഇരുവരും കൂട്ടിച്ചേർത്തത് 53 റൺസ്. പന്ത് പുറത്തായശേഷം രവീന്ദ്ര ജഡേജയെ കൂട്ടുപിടിച്ച് 33 പന്തിൽ 41 റൺസ് കൂടി ചേർത്ത് കോലി ഇന്ത്യയെ സുരക്ഷിതമാക്കി.

പാക്കിസ്ഥാനായി ഷഹീൻ അഫ്രീദി നാല് ഓവറിൽ 31 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. ഹസൻ അലി നാല് ഓവറിൽ 44 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് സ്വന്തമാക്കി. നാല് ഓവറിൽ 22 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത ഷതാബ് ഖാൻ, നാല് ഓവറിൽ 25 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത ഹാരിസ് റൗഫ് എന്നിവരുടെ പ്രകടനവും ശ്രദ്ധേയമായി.


English Summary: In this one match at the Dubai International Cricket Stadium, Pakistan erased all the worries of not being able to beat India in the World Cup. Pakistan won the toss and elected to bat first. Pakistan beat India by 10 wickets in a one-sided match.

No comments