Featured Posts

Breaking News

പ്ലസ് വൺ സീറ്റുകളിലെ കുറവ് സമ്മതിച്ച് സർക്കാർ; ഫുൾ എ പ്ലസുകാർക്കും സീറ്റ് കിട്ടിയില്ലെന്ന് മന്ത്രി ശിവൻകുട്ടി


തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ സീറ്റുകളിൽ കുറവുണ്ടെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. 64 ശതമാനം താലൂക്കുകളിലും പ്ലസ് വൺ സീറ്റ് കുറവുണ്ട്. മുഴുവൻ എ പ്ലസ് നേടി 5812 പേർക്ക് ഉദ്ദേശിച്ച വിഷയം കിട്ടിയില്ലെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി.

ആകെയുള്ള 78 താലൂക്കുകളിൽ കോമ്പിനേഷൻ തിരിച്ച് 50 താലൂക്കുകളിൽ സീറ്റ് കുറവുണ്ട്. മിച്ചമുള്ള സീറ്റ് 27 ആണ്. സീറ്റുകൾ കുറവുള്ള താലൂക്കുകളുടെ എണ്ണം സയൻസ് കോമ്പിനേഷനിൽ 36 ആണ്. ഇത് ഹുമാനിറ്റീസിൽ 31ഉം കൊമേഴ്സിൽ 46ഉം ആണെന്നും മന്ത്രി ശിവൻകുട്ടി വ്യക്തമാക്കി.
പ്ലസ് വൺ സീറ്റുകള്‍ എല്ലാവര്‍ക്കും ലഭിക്കുന്നതിനു വേണ്ട പരിഹാര മാര്‍ഗങ്ങള്‍

1. പരിപൂര്‍ണമായി ഒഴിഞ്ഞു കിടക്കുന്ന ബാച്ചുകള്‍ കണ്ടെത്തി ആവശ്യമുള്ള ജില്ലയിലേക്ക് മാറ്റും.

2. നിലവില്‍ 20% സീറ്റ് വര്‍ധനവ് ഏര്‍പ്പെടുത്തിയ ജില്ലയില്‍ സീറ്റിന്‍റെ ആവശ്യകത ഉണ്ടാകുകയാണെങ്കില്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ 10% സീറ്റ് വർധനവും കൂടി അനുവദിക്കുന്നതാണ്.

3. മുന്‍പ് മാര്‍ജിനല്‍ സീറ്റ് വർധനവ് നല്‍കാത്ത ജില്ലയാണെങ്കില്‍ ആവശ്യകത പഠിച്ച് എല്ലാ സര്‍ക്കാര്‍ സ്കൂളുകളിലും 20% അല്ലെങ്കില്‍ 10% സീറ്റ് വർധനവ് അനുവദിക്കുന്നതാണ്. അടിസ്ഥാന സൗകര്യമുള്ള അപേക്ഷിക്കുന്ന എയ്ഡഡ് / അണ്‍-എയ്ഡഡ് സ്കൂളുകള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി (മാര്‍ജിനല്‍ വർധനവിന്‍റെ 20% മാനേജ്മെന്‍റ് സീറ്റും ബാക്കിയുള്ള സീറ്റുകള്‍ പൊതുമെറിറ്റ് സീറ്റായും) 20% അല്ലെങ്കില്‍ 10 % സീറ്റ് വർധിപ്പിക്കും.

4. സീറ്റ് വർധനവിലൂടെ പരിഹരിക്കപ്പെടാത്തപക്ഷം സപ്ലിമെന്‍ററി അലോട്ട്മെന്‍റിന് ലഭിക്കുന്ന അപേക്ഷകളെ അടിസ്ഥാനപ്പെടുത്തി താല്‍ക്കാലിക ബാച്ചുകള്‍ അനുവദിക്കും.

5. സപ്ലിമെന്‍ററി അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചതിനു ശേഷം സയന്‍സ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ് എന്നീ വിഷയങ്ങളില്‍ കോഴ്സ് അടിസ്ഥാനത്തില്‍ എത്ര പേര്‍ക്കാണ് സീറ്റ് ലഭിക്കേണ്ടത് എന്ന് വ്യക്തമാകും. അത് അനുസരിച്ച് കണക്കെടുത്ത് സീറ്റ് വർധനവ് നടത്തും. എന്നാല്‍, കൂട്ടികള്‍ ഏറ്റവും കൂടുതല്‍ താല്‍പ്പര്യപ്പെടുന്ന സയന്‍സ് ഗ്രൂപ്പില്‍ വേണ്ടി വന്നാല്‍ തല്‍ക്കാലിക ബാച്ചുകള്‍ അനുവദിക്കും.

6. പട്ടിക വര്‍ഗ വിദ്യാർഥികള്‍ക്ക് പ്രയോജനകരമാകുന്നതിനായി വയനാട് ജില്ലയിലെ നല്ലൂര്‍നാട് അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റെസിഡെന്‍ഷ്യല്‍ സ്കൂളില്‍ ഒരു ഹ്യുമാനിറ്റീസ് ബാച്ചും, ഗവണ്‍മെന്‍റ് മോഡല്‍ റെസിഡെന്‍ഷ്യല്‍ സ്കൂള്‍ ഫോര്‍ ഗേള്‍സ് കല്‍പ്പറ്റയില്‍ ഒരു ഹ്യുമാനിറ്റീസ് ബാച്ചും അനുവദിക്കും.

കഴിഞ്ഞ അഞ്ച് വർഷത്തെ പ്ലസ് വൺ പ്രവേശനത്തിന്‍റെ തോത് വെച്ചു കൊണ്ട്, അലോട്ട്മെന്‍റ് പൂർത്തിയായാൽ സീറ്റുകൾ ബാക്കിയാവുമെന്നാണ് സർക്കാർ നിയമസഭയിൽ നേരത്തെ വ്യക്തമാക്കിയത്. ഇതുപ്രകാരം 30,000ലധികം സീറ്റുകൾ ബാക്കിയുണ്ടാവുമെന്നാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടി പറഞ്ഞിരുന്നത്.

English Summary: There is a shortage of Plus One seats in the state. Shivankutty. In 64% of the taluks, there is a shortage of Plus One seats. The minister also clarified in the assembly that 5812 students who got full A + did not get the intended subject.

No comments