എല്ലാവരും മരണമൊഴി എഴുതി കോടതിയില്‍ സമര്‍പ്പിക്കണം- ജൂഡ് ആന്റണി
മുല്ലപെരിയാര്‍ ഡാം വിഷയത്തില്‍ പ്രതികരണവുമായി സംവിധായകനും നടനുമായ ജൂഡ് ആന്റണി ജോസഫ്. ഡാം പൊട്ടി മരിക്കാന്‍ സാധ്യതയുള്ള എല്ലാവരും ഒരു മരണമൊഴി ഇപ്പോഴേ എഴുതി കോടതിയില്‍ സമര്‍പ്പിക്കണം. അതില്‍ അധികൃതരുടെ പേരുകള്‍ പ്രതിപട്ടികയില്‍ ചേര്‍ക്കണമെന്നും പറയുന്നു.
'ഡാം പൊട്ടി മരിക്കാന്‍ സാധ്യതയുള്ള എല്ലാവരും ഒരു മരണമൊഴി ഇപ്പോഴേ എഴുതി കോടതിയില്‍ സമര്‍പ്പിക്കണം . ഇതെല്ലാം അറിഞ്ഞിട്ടും ഒന്നും ചെയ്യാതിരുന്ന അധികൃതരുടെ പേരുകള്‍ സഹിതം പ്രതിപ്പട്ടികയില്‍ വരുന്ന ഒരു മാസ്സ് മരണ മൊഴി . 30 ലക്ഷം മരണ മൊഴികളെ അവഗണിക്കാന്‍ ഒരു കോടതിക്കും സാധിക്കില്ല', ജൂഡ് ആന്റണി ജോസഫ് ഫേയ്‌സ്ബുക്കില്‍ കുറിച്ചു.
മുല്ലപെരിയാര്‍ ഡാം പൊളിച്ചുകളയണമെന്നാവശ്യപ്പെട്ട് സിനിമ മേഖലയില്‍ നിന്നും നിരവധിപ്പേര്‍ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. നടന്‍മാരായ പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍ തുടങ്ങിയവര്‍ മുല്ലപ്പെരിയാല്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി.
വസ്തുതകളും കണ്ടെത്തലുകളും എന്തു തന്നെ ആയാലും 125 വര്‍ഷം പഴക്കമുള്ള അണക്കെട്ട് ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട് എന്നത് ഒരു ന്യായീകരണവും അര്‍ഹിക്കാത്തതാണ്. രാഷ്ട്രീയവും സാമ്പത്തികവുമായ കാര്യങ്ങള്‍ മാറ്റിവെച്ച് ശരിയായ കാര്യം ചെയ്യേണ്ട സമയമാണിത്. ഭരണകൂടത്തെ വിശ്വസിക്കാനേ നമുക്ക് സാധിക്കൂ, പ്രാര്‍ഥിക്കാം ഭരണകൂടം ഉചിതമായ തീരുമാനം എടുക്കാന്‍ വേണ്ടി. പൃഥ്വിരാജ് സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു
നമ്മുടെ ആശങ്കകള്‍ രാജ്യം അറിയട്ടെ. അധികൃതര്‍ ആവശ്യമുള്ള നടപടി എടുക്കുമെന്ന് പ്രതീക്ഷിക്കാം- ഉണ്ണി മുകുന്ദന്‍ വ്യക്തമാക്കി.