ലഹരി സംഘങ്ങളുടെ വെടിവയ്പ്; പിറന്നാൾ ആഘോഷിക്കാനെത്തിയ വ്ലോഗർ കൊല്ലപ്പെട്ടു
ലൊസാഞ്ചലസ് ∙ മെക്സിക്കോയിൽ ലഹരിസംഘങ്ങളുടെ വെടിവയ്പിൽ ഇന്ത്യൻ ട്രാവൽ വ്ലോഗർ അഞ്ജലി റയോട്ട് (25) കൊല്ലപ്പെട്ടു. കലിഫോർണിയയിലെ സാനോസെയിൽ താമസിക്കുന്ന അഞ്ജലി പിറന്നാൾ ആഘോഷത്തിനാണു മെക്സിക്കോയിലേക്കു പോയത്. വെടിവയ്പിൽ ഒരു ജർമൻ വംശജയും കൊല്ലപ്പെട്ടു.
അഞ്ജലിയുടെ ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ ഹിമാചൽ പ്രദേശിൽ നിന്നുള്ള വ്ലോഗർ എന്നാണു കൊടുത്തിരിക്കുന്നത്. ലിങ്ക്ഡ്ഇൻ സീനിയർ സൈറ്റ് റിലയബിലിറ്റി എൻജിനീയറാണ്. യാഹുവിലും ജോലി ചെയ്തിരുന്നു.
ബുധനാഴ്ച രാത്രിയാണു വെടിവയ്പ് ഉണ്ടായത്. റസ്റ്ററന്റിലെത്തിയ നാലുപേർ വെടിയുതിർക്കുകയായിരുന്നെന്നാണു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ലഹരിസംഘങ്ങൾ തമ്മിലുണ്ടായ മുൻവൈരാഗ്യമാണു വെടിവയ്പിൽ കലാശിച്ചത്.