Featured Posts

Breaking News

വിസ്മയയുടെ മരണം: ഭർത്താവ് കിരണിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി


കൊച്ചി ∙ സ്ത്രീധന പീഡനത്തെ തുടർന്ന് കൊല്ലം നിലമേൽ സ്വദേശിനി വിസ്മയ മരിച്ചെന്ന കേസിൽ ഭർത്താവ് കിരണിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ ജയിലിൽ തുടരേണ്ടതില്ലെന്നും ജാമ്യം നൽകണമെന്നും ആവശ്യപ്പെട്ടുള്ള ഹർജിയാണ് ഹൈക്കോടതി തള്ളിയത്. വിസ്മയ സമൂഹമാധ്യമങ്ങൾക്ക് അടിമയായിരുന്നു എന്ന വാദം പ്രതിയുടെ അഭിഭാഷകൻ കോടതിയിൽ ഉയർത്തിയിരുന്നു.

തന്നെ ജോലിയിൽനിന്നു പുറത്താക്കിയ വിവരം ചൂണ്ടിക്കാണിച്ചും ജാമ്യത്തിനായി അഭ്യർഥിച്ചു. എന്നാൽ കൂടുതൽ സ്ത്രീധനം നൽകണം എന്ന് ആവശ്യപ്പെട്ട് കിരൺ നിരന്തരമായി വിസ്മയയെ ശാരീരികമായി പീഡിപ്പിച്ചെന്നും ഇതേ തുടർന്നായിരുന്നു ആത്മഹത്യ എന്നുമുള്ള പ്രോസിക്യൂഷൻ വാദം പരിഗണിച്ചാണ് കോടതി നടപടി. സ്ത്രീധന പീഡനങ്ങളെ തുടർന്ന് വിസ്മയ നടത്തിയ വാട്സാപ് ചാറ്റുകൾ പ്രതിക്ക് എതിരായി. കഴിഞ്ഞ ജൂണിലാണ് ഭർത്താവ് കിരണിന്റെ വീട്ടിൽ വിസ്മയയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

കേസെടുത്ത് 80–ാം ദിവസം കുറ്റപത്രം സമർപ്പിക്കാൻ അന്വേഷണ സംഘത്തിനു സാധിച്ചു എന്നതാണ് കിരണിന്റെ ജാമ്യാപേക്ഷകൾ തുടർച്ചയായി നിരസിക്കപ്പെടാൻ കാരണം. സ്ത്രീധന പീഡന നിരോധന നിയമം, ഗാർഹിക പീഡനം, ആത്മഹത്യാ പ്രേരണ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. 507 പേജുള്ള കുറ്റപത്രം സമർപ്പിച്ചതിനു പിന്നാലെ ജുഡീഷ്യൽ കസ്റ്റഡിയിൽ വച്ചുതന്നെ ഇയാളെ വിചാരണ ചെയ്യണമെന്ന ആവശ്യവും അന്വേഷണ സംഘം മുന്നോട്ടു വച്ചിരുന്നു.

No comments