Featured Posts

Breaking News

മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു; രണ്ടു ഷട്ടറുകൾ 35 സെ.മീ വീതം ഉയർത്തി


തൊടുപുഴ : മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു. അണക്കെട്ടിന്റെ 3, 4 സ്പിൽവേ ഷട്ടറുകൾ 35 സെ.മീ. വീതമാണ് ഉയർത്തിയത്. രാവിലെ 7 മണിയോടെ തുറക്കുമെന്ന് തമിഴ്നാട് അധികൃതർ അറിയിച്ചതിനെ തുടർന്ന് മന്ത്രിമാരായ റോഷി അഗസ്റ്റിനും കെ. രാജനും 6.45ന് തന്നെ തേക്കടിയിൽനിന്നു ബോട്ടിൽ മുല്ലപ്പെരിയാർ അണക്കെട്ടിൽ എത്തിയിരുന്നു.

തമിഴ്നാട് ഉദ്യോഗസ്ഥർ അൽപനേരം വൈകുമെന്നു പിന്നീട് കേരള സംഘത്തെ വിളിച്ച് അറിയിച്ചു. തമിഴ്നാട് സംഘം എത്തിയതിനു ശേഷം ഷട്ടറുകൾ തുറക്കാനുള്ള നടപടികൾ ആരംഭിച്ചു. 7 മണിക്ക് ആദ്യ സൈറനും 7.15ന് രണ്ടാം സൈറനും 7.24ന് മൂന്നാം സൈറനും മുഴക്കി. 7.29ന് മൂന്നാം നമ്പർ ഷട്ടറും 7.30ന് നാലാം നമ്പർ ഷട്ടറും ഉയർത്തി.

രണ്ടു ഷട്ടറുകളിൽ നിന്നായി സെക്കൻഡിൽ 267 ഘനയടി വെള്ളം വീതം 534 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കിവിടുന്നത്.

സെക്കൻഡിൽ 15,117 ലീറ്റർ ജലമാണ് പെരിയാറിലൂടെ ഒഴുകുന്നത്. മഴ തുടരുന്നതിനാൽ ഷട്ടറുകൾ കൂടുതൽ ഉയർത്തേണ്ടി വരുമെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു.

2018ലെ മഹാപ്രളയത്തിനുശേഷം ആദ്യമായാണ് മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കുന്നത്. അണക്കെട്ട് തുറക്കുന്നതിന് മുന്നോടിയായി 350 കുടുംബങ്ങളിലെ 1079 പേരെ സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റി. അണക്കെട്ട് തുറന്നാൽ ആദ്യം വെള്ളമെത്തുന്നത് ജനവാസമേഖലയായ വള്ളക്കടവിലാണ്. തുടർന്ന് വണ്ടിപ്പെരിയാർ, ചപ്പാത്ത്, ഉപ്പുതറ വഴി ഇടുക്കി ഡാമിൽ എത്തും.

മുല്ലപ്പെരിയാറിൽ നിന്നുള്ള വെള്ളം എത്തിയാൽ ഇടുക്കി ഡാമിൽ 0.25 അടി മാത്രമേ ജലനിരപ്പ് ഉയരൂ. പക്ഷേ, നിലവിലെ റൂൾ കർവ് 2398.31 ആയതിനാൽ ഇടുക്കി ഡാമും തുറന്നേക്കും. ഇടുക്കിയിൽ ഇന്നലെ രാത്രി 8നു ജലനിരപ്പ് 2398.30 അടിയാണ് (സമുദ്രനിരപ്പിൽനിന്ന്). ഇന്ന് വൈകിട്ട് നാലിനോ നാളെ രാവിലെയോ ഇടുക്കി ഡാമിന്റെ ഒരു ഷട്ടര്‍ വീണ്ടും തുറന്നേക്കും.

No comments