മുഖ്യമന്ത്രിക്ക് ഉൾപ്പെടെ നൽകിയ പരാതികളിൽ നടപടിയുണ്ടായില്ല'; പൊലീസ് റിപ്പോർട്ട് തെറ്റെന്ന് അനുപമ
തിരുവനന്തപുരം: തന്‍റെ സമ്മതമില്ലാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിലെ അന്വേഷണത്തിൽ വീഴ്ചയുണ്ടായില്ലെന്ന പൊലീസ് റിപ്പോർട്ട് തെറ്റെന്ന് പരാതിക്കാരി അനുപമ എസ്. ചന്ദ്രൻ. ഇപ്പോഴത്തെ പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്നും അനുപമ പറഞ്ഞു.
പൊലീസ് പറയുന്നത് ഏപ്രിലിൽ പരാതി നൽകിയില്ലെന്നാണ്. എന്നാൽ, ഏപ്രിൽ 19നാണ് കുഞ്ഞിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ആദ്യ പരാതി നൽകിയത്. ഈ പരാതിയിൽ ഒരു തവണ തന്‍റെ മൊഴി എടുത്തിരുന്നു. പിന്നീട് യാതൊരു പുരോഗതിയും ഉണ്ടായില്ല. അച്ഛൻ ജയചന്ദ്രനോട് സ്റ്റേഷനിലേക്ക് വരാൻ ആവശ്യപ്പെട്ടെങ്കിലും തയാറായില്ലെന്നാണ് പൊലീസ് പറഞ്ഞത്.
മുൻ ഡി.ജി.പിയായിരുന്ന ലോക്നാഥ് ബെഹ്റക്ക് പരാതി നൽകിയിരുന്നു. താനും ഡിവൈ.എസ്.പിയും അജിത്തും കൂടിയാണ് ബെഹ്റയെ കണ്ടത്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്ത് മുന്നോട്ടു പോകാനാണ് ഡി.ജി.പി പറഞ്ഞത്. ഈ നിർദേശം ഡിവൈ.എസ്.പിക്കും നൽകി. ഇതിന് ശേഷം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയോ അന്വേഷണം നടത്തുകയോ പൊലീസ് ചെയ്തിട്ടില്ല.
ഇതേതുടർന്നാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. ഈ പരാതി ലോക്കൽ സ്റ്റേഷനിലേക്ക് കൈമാറുന്നതെന്ന് അറിഞ്ഞതിനെ തുടർന്ന് മുഖ്യമന്ത്രിയുടെ ഒാഫീസിൽ വിളിച്ച് പുരോഗതി അന്വേഷിച്ചു. പൊലീസിന്‍റെ അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് മറ്റ് മാർഗത്തിലൂടെ അന്വേഷണത്തിന് നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. ബന്ധപ്പെട്ടവരെ വിവരം അറിയിക്കാമെന്നാണ് ഇതിന് മറുപടി ലഭിച്ചത്.