കൂട്ടിക്കലിൽ വീണ്ടും ഉരുൾ പൊട്ടി, 6 പേരെ കാണാതായി: മുണ്ടക്കയത്ത് വീടുകള്‍ മുങ്ങി
കോട്ടയം∙ ജില്ലയിൽ കനത്ത മഴ തുടരുന്നു. മലയോര മേഖലയിൽ ഉരുൾ പൊട്ടിയതായി സംശയം. ഉരുള്‍പൊട്ടലിനെ തുടര്‍ന്നു വെള്ളത്തിനടയിലായ കൂട്ടിക്കലടക്കം കിഴക്കൻ മേഖലയിലെ രക്ഷാപ്രവർത്തനത്തിന് സൈന്യത്തിന്റെ സഹായം തേടിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽനിന്ന് ആളുകളെ മാറ്റുന്നതിന് എയർ ലിഫ്റ്റിങിനാണ് സഹായം തേടിയത്. കൂട്ടിക്കലിൽ വീണ്ടും ഉരുൾ പൊട്ടി. 6 പേരെ കാണാതായി.
മണിമലയാറ്റിലും മീനച്ചിലാറ്റിലും ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു. മുണ്ടക്കയം ഇളംകാട്–വാഗൺ റോഡിൽ ഉരുൾപൊട്ടി. ജനവാസ മേഖലയല്ല. കൊടുങ്ങ ഭാഗത്തും വനത്തിൽ ചെറിയ ഉരുൾപൊട്ടലുകൾ ഉണ്ടായി. പ്രധാന റോഡുകളിലും ഇട റോഡുകളിലും വെള്ളം കയറുന്നു. തോടുകൾ കരകവിഞ്ഞതിനെ തുടർന്ന് പറമ്പുകളിലും വെള്ളം കയറുന്നു. പൂജാ അവധിയുടെ ഭാഗമായി യാത്രയ്ക്കിടങ്ങിയവർ പല സ്ഥലങ്ങളിലും കുടുങ്ങി.
കനത്ത മഴയിൽ മുണ്ടക്കയം നഗരത്തിലെ ഒരു പ്രദേശം വെള്ളത്തിനടയിലായി. മുണ്ടക്കയം–എരുമേലി റോഡിലെ കോസ് വേ മുങ്ങി. സമീപത്തെ വീടുകൾ മുങ്ങി. വീടുകളുടെ ഒന്നാംനില വരെ വെള്ളമെത്തി. വീട്ടുകാർ വീടിനു മുകളിൽ കയറിയിരിക്കുന്നു. മുണ്ടക്കയം–എരുമേലി റോഡിൽ ഗതാഗതം നിരോധിച്ചു. ഇളംകാട് ഉരുൾ പൊട്ടിയതാണ് വെള്ളപ്പൊക്കത്തിനു കാരണം.
പൊന്തൻപുഴ രാമനായി ഭാഗത്ത് തോട്ടിൽനിന്നും വെള്ളം കയറിയതിനെ തുടർന്ന് ആറു കുടുംബങ്ങളെ തൊട്ടടുത്ത വീടുകളിലേക്ക് മാറ്റി പാർപ്പിച്ചു. ഇടക്കുന്നം വില്ലേജ് മുറികല്ലുംപുറം ഭാഗത്ത് വീടുകളിൽ വെള്ളം കയറി. പ്രദേശം ഒറ്റപ്പെട്ട സാഹചര്യത്തിൽ ആളുകളെ മാറ്റാൻ സാധിച്ചിട്ടില്ല. സിഎസ്ഐ പള്ളിയുടെ അടുത്ത് മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് ഒരു കുടുംബത്തെ ബന്ധുവീട്ടിലേക്ക് മാറ്റി പാർപ്പിച്ചു.
കുറവാമൂഴി പാലത്തിനു സമീപം താമസിക്കുന്ന 15 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി. എങ്ങലി വടക്ക് പുത്തൻചന്ത ഭാഗത്ത് മുപ്പതോളം വീടുകളിൽ വെള്ളം കയറുകയും , വീടുകളിലെ കുടുംബങ്ങളെ വരിക്കാനി എസ്എൻ സ്കൂളിലെ ക്യാംപിലേക്ക് മാറ്റുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
കാഞ്ഞിരപ്പള്ളി പ്രസ് സെന്ററിൽ വെള്ളം കയറി. താഴത്തെ നില പൂർണമായും വെള്ളത്തിലായി. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് ചോലത്തടം ഭാഗത്ത് ഉരുൾ പൊട്ടിയതായി റിപ്പോർട്ട്. മന്നം ഭാഗത്ത് ആൾ താമസം ഇല്ലാത്ത വീട് ഉരുൾപൊട്ടയിൽ വെള്ളത്തിൽ ഒലിച്ചു പോയി. പാതാമ്പുഴ കുഴുമ്പള്ളിയിൽ ഉരുൾ പൊട്ടി പന്നി ഫാം ഒലിച്ചു പോയതായി സൂചന.