Featured Posts

Breaking News

ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ മികച്ച ചിത്രം, നടന്‍ ജയസൂര്യ,നടി അന്ന ബെന്‍


തിരുവനന്തപുരം: 51-ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ജിയോ ബേബി സംവിധാനം ചെയ്ത ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ആണ് മികച്ച ചിത്രം. ജോമോന്‍ ജേക്കബ്, സജിന്‍ എസ് രാജ്, വിഷ്ണു രാജന്‍, ഡിജോ അഗസ്റ്റിന്‍ എന്നിവരാണ് നിര്‍മാതാക്കള്‍. നിര്‍മാതാവിനും സംവിധായകനും രണ്ടുലക്ഷം രൂപ വീതവും ശില്‍പ്പവും പ്രശസ്തി പത്രവും സമ്മാനമായി ലഭിക്കും. ആണ്‍കോയ്മയുടെ നിര്‍ദയമായ അധികാരപ്രയോഗങ്ങളെ ഒരു പെണ്‍കുട്ടിയുടെ ദൈനംദിന ജീവിതാനുഭവങ്ങളിലൂടെ അതിസൂക്ഷമമായി അടയാളപ്പെടുത്തിയ ചിത്രമാണ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണെന്ന് ജൂറി അഭിപ്രായപ്പെട്ടു.

സെന്ന ഹെഡ്‌നേ സംവിധാനം ചെയ്ത തിങ്കളാഴ്ച നിശ്ചയമാണ് മികച്ച രണ്ടാമത്തെ ചിത്രം. പുഷ്‌കര മല്ലികാര്‍ജുനയ്യയാണ് ചിത്രത്തിന്റെ നിര്‍മാതാവ്.

വെള്ളം എന്ന ചിത്രത്തിലെ അഭിനയത്തിന് ജയസൂര്യ മികച്ച നടനുള്ള പുരസ്‌കാരം നേടി. കപ്പേളയിലെ അഭിനയത്തിന് അന്ന ബെന്‍ ആണ് മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത്. മികച്ച നടനും നടിക്കും ഒരു ലക്ഷം രൂപ വീതവും ശില്‍പ്പവും പ്രശസ്തിപത്രവും ലഭിക്കും.

മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ജൂറി അധ്യക്ഷ സുഹാസിനി മണിരത്‌നം, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, ജൂറി അംഗങ്ങള്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

കോവിഡ് മഹാമാരിയുടെ പ്രതിസന്ധി കാലത്തും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിനായി 80 സിനിമകള്‍ സമര്‍പ്പിക്കപ്പെട്ടുവെന്നത് ശ്രദ്ധേയമാണ്. പ്രാഥമിക വിധിനിര്‍ണയ സമിതിയുടെ സൂക്ഷ്മമായ വിലയിരുത്തലുകള്‍ക്കു ശേഷം 24 ചിത്രങ്ങളാണ് അന്തിമ വിധിനിര്‍ണയ സമിതിയ്ക്ക് മുന്നിലെത്തിയത്. ഇതുകൂടാതെ, വിവിധ വിഭാഗം പുരസ്‌കാരങ്ങളുടെ പരിഗണനയ്ക്കായി 10 ചിത്രങ്ങള്‍കൂടി അന്തിമ വിധിനിര്‍ണയ സമിതി കണ്ടു. 38 ഓളം വരുന്ന നവാഗത സംവിധായകരുടെ ശക്തമായ സാന്നിധ്യവും ഒന്നിനൊന്ന് വ്യത്യസ്തമായ പ്രമേയങ്ങളും ആവിഷ്‌കാരങ്ങളും മലയാള സിനിമയുടെ മുന്നോട്ടുള്ള പ്രയാണത്തിന് കരുത്ത് പകരുമെന്നതില്‍ സംശയമില്ല- ജൂറി അഭിപ്രായപ്പെട്ടു.

സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയുമാണ് ജനപ്രീതിയും കലാമേന്മയുമുള്ള ചിത്രം. സിദ്ധാര്‍ത്ഥ് ശിവയാണ് മികച്ച സംവിധായകന്‍ (ചിത്രം-എന്നിവര്‍) . എന്നിവര്‍, ഭൂമിയിലെ മനോഹര സ്വകാര്യം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് സുധീഷ് മികച്ച സഹനടനുള്ള പുരസ്‌കാരം നേടി. ശ്രീരേഖയാണ് മികച്ച സ്വഭാവനടി (ചിത്രം-വെയില്‍)

മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്- ഷോബി തിലകന്‍, മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് (പെണ്‍)- റിയാ സൈറാ, മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റ്- റഷീദ് അഹമ്മദ്.മികച്ച കലാസംവിധാനം-സന്തോഷ് ജോണ്‍, മികച്ച ചിത്രസംയോജകന്‍- മഹേഷ് നാരായണന്‍, മികച്ച പിന്നണി ഗായിക- നിത്യ മാമന്‍. മികച്ച സംഗീത സംവിധായന്‍-എം ജയചന്ദ്രന്‍. മികച്ച ഗാനരചയിതാവ്‌ അന്‍വര്‍ അലി, മികച്ച തിരക്കഥാകൃത്ത്- ജിയോബേബി, മികച്ച ബാലതാരം (ആണ്‍) നിരഞ്ജൻ. എസ്, മികച്ച നവാഗത സംവിധായകന്‍ - മുഹമ്മദ് മുസ്തഫ, മികച്ച ഗാനാലാപത്തിന് പ്രത്യേക അവാര്‍ഡ് നാഞ്ചിയമ്മയ്ക്കും അവാര്‍ഡ്. നളിനി ജമീലയ്ക്ക് വസ്ത്രാലങ്കാരത്തിന് പ്രത്യേക അവാര്‍ഡ്.

പുരസ്‌കാരങ്ങള്‍ നേടിയവര്‍

മികച്ച നടൻ - ജയസൂര്യ (ചിത്രം- വെള്ളം)
മികച്ച നടി - അന്ന ബെൻ (ചിത്രം- കപ്പേള)
മികച്ച ചിത്രം - ദ ​ഗ്രെയ്റ്റ് ഇന്ത്യൻ കിച്ചൻ (സംവിധാനം - ജിയോ ബേബി)
മികച്ച സംവിധായകൻ - സിദ്ധാർഥ് ശിവ (ചിത്രം - എന്നിവർ)
മികച്ച രണ്ടാമത്തെ ചിത്രം - തിങ്കളാഴ്ച നല്ല നിശ്ചയം (സംവിധാനം - സെന്ന ഹെ​ഗ്ഡേ)
മികച്ച നവാഗത സംവിധായകന്‍ - മുസ്തഫ (ചിത്രം - കപ്പേള)
മികച്ച സ്വഭാവ നടൻ - സുധീഷ് (ചിത്രം - എന്നിവർ, ഭൂമിയിലെ മനോഹ​ര സ്വകാര്യം)
മികച്ച സ്വഭാവ നടി - ശ്രീരേഖ (ചിത്രം - വെയിൽ)
മികച്ച ജനപ്രിയ ചിത്രം - അയ്യപ്പനും കോശിയും (സംവിധാനം - സച്ചി)
മികച്ച ബാലതാരം ആൺ - നിരഞ്ജൻ. എസ് (ചിത്രം - കാസിമിന്റെ കടൽ)
മികച്ച ബാലതാരം പെൺ - അരവ്യ ശർമ (ചിത്രം- പ്യാലി)

മികച്ച കഥാകൃത്ത് - സെന്ന ഹെഗ്‌ഡേ (ചിത്രം - തിങ്കളാഴ്ച്ച നിശ്ചയം)
മികച്ച ഛായാഗ്രാഹകന്‍ - ചന്ദ്രു സെല്‍വരാജ് (ചിത്രം - കയറ്റം)
മികച്ച തിരക്കഥാകൃത്ത് - ജിയോ ബേബി (ചിത്രം - ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍)
മികച്ച ഗാനരചയിതാവ് - അന്‍വര്‍ അലി
മികച്ച സംഗീത സംവിധായകന്‍ - എം. ജയചന്ദ്രന്‍ (ചിത്രം - സൂഫിയും സുജാതയും)
മികച്ച പശ്ചാത്തല സംഗീതം - എം. ജയചന്ദ്രന്‍ (ചിത്രം - സൂഫിയും സുജാതയും)
മികച്ച പിന്നണി ഗായകന്‍ - ഷഹബാസ് അമന്‍ 
മികച്ച പിന്നണി ഗായിക - നിത്യ മാമന്‍ ഗാനം - വാതുക്കല് വെള്ളരിപ്രാവ് (ചിത്രം - സൂഫിയും സുജാതയും )

മികച്ച ചലച്ചിത്ര ഗ്രന്ഥം - ആഖ്യാനത്തിന്റെ പിരിയന്‍ കോവണികള്‍ ഗ്രന്ഥകര്‍ത്താവ് - പി.കെ.സുര്രേന്ദന്‍

മികച്ച ചലച്ചിത്ര ലേഖനം - അടൂരിന്റെ അഞ്ച് നായക കഥാപാര്രങ്ങള്‍ (സമകാലിക മലയാളം വാരിക)
ലേഖകന്‍ - ജോണ്‍ സാമുവല്‍

No comments