ന്യൂനമര്‍ദം ദുര്‍ബലമാകുന്നു; ഒറ്റപ്പെട്ട ശക്തമായ മഴ തുടരും, കൂട്ടിക്കലില്‍ ഒരു മൃതദേഹംകൂടി കണ്ടെത്തി
കോട്ടയം: തെക്കന്‍ ജില്ലകളില്‍ അതിതീവ്ര മഴയിലും മലവെള്ളപ്പാച്ചിലിലും ഉരുള്‍പ്പൊട്ടലിലും മരിച്ചവരുടെ എണ്ണം ആറായി. കോട്ടയം കൂട്ടിക്കലില്‍ നിന്ന് ഇന്ന് രാവിലെ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. ഇളംകോട് സ്വദേശിയായ ഷാലറ്റ് (29) എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ ഇവിടെ നിന്ന് മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിരുന്നു. എന്നാല്‍ ഇന്ന് കണ്ടെടുത്ത ഷാലറ്റിന്റെ മൃതദേഹം കൂട്ടിക്കലില്‍ കാണാതായതായി റിപ്പോര്‍ട്ട് ചെയ്തവരില്‍ ഉള്‍പ്പെട്ടതല്ല.
ഇതിനിടെ കേരള തീരത്തുള്ള ന്യൂനമര്‍ദത്തിന്റെ ശക്തി കുറഞ്ഞുവരികയാണെന്നത് ആശ്വാസം പകരുന്നുണ്ട്. അതേസമയം അടുത്ത് മൂന്ന് മണിക്കൂറില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കി മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നാമ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.
ദുരിതം ഏറെ ബാധിച്ച കോട്ടയം ജില്ലയില്‍ ഇന്ന് മഴയ്ക്ക് കുറവുണ്ട്. മീനച്ചില്‍, മണിമലയാറുകളില്‍ ജലനിരപ്പ് താഴ്ന്ന് വരുന്നുണ്ട് ഇതിനിടെ മല്ലപ്പള്ളി ടൗണില്‍ രാത്രി വെള്ളം ഇരച്ചുകയറി. കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിലും വെള്ളക്കെട്ട് രൂപപ്പെട്ടു. എക്‌സൈസ് റേഞ്ച് ഓഫീസിന്റെ മതിലിടിഞ്ഞു. വാഹനങ്ങള്‍ മുങ്ങുകയും ചെയ്തു. കടകളിലും വീടുകളിലും വെള്ളം കയറി.കോട്ടയം കൂട്ടിക്കലിലും ഇടുക്കി കൊക്കയാറിലും ഉരുള്‍പൊട്ടി ഇന്നലെ 14 പേരെയാണ് കാണാതായിരുന്നത്. കാണതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. കാര്‍ ഒഴുക്കില്‍പ്പട്ട് രണ്ടു പേരും ശനിയാഴ്ച മരിച്ചിരുന്നു.
രക്ഷാപ്രവര്‍ത്തനത്തിനായി കൂട്ടിക്കലിലേക്ക് നാവികസേനയും ഇന്നെത്തും. ദുരന്തമേഖലയില്‍ കുടുങ്ങി കിടക്കുന്നവര്‍ക്ക് ഭക്ഷണപൊതികള്‍ എത്തിക്കുകയും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിത്തം വഹിക്കുകയും ചെയ്യും. കൊച്ചിയില്‍ നിന്ന് രാവിലെ എട്ടരയോടെ നാവികസേനയുടെ ഹെലികോപ്ടര്‍ പുറപ്പെടും.
കൂട്ടിക്കലില്‍ ആറ് പേരേയും കൊക്കയാറില്‍ എട്ടുപേരെയുമാണ് ഇനി കണ്ടെത്താനുള്ളത്.