വീണ്ടും തലകളറുത്ത് തമിഴ്നാട്ടിലെ ജാതിവെറി
ചെന്നൈ: ഒരിടവേളയ്ക്കു ശേഷം ജാതി രാഷ്ട്രീയത്തിന്റെ കുടിപ്പക ചാരം നീക്കി എരിഞ്ഞു തുടങ്ങിയിരിക്കുകയാണു തമിഴ്നാട്ടിൽ. 10 ദിവസത്തിനിടെ അരിഞ്ഞു വീഴ്ത്തപ്പെട്ടത് 4 തലകൾ. തലയ്ക്കു പകരം തല എന്ന ജാതി വെറി കലർന്ന പ്രതികാരം തമിഴ്നാടിനു പുതിയതൊന്നുമല്ല. പക്ഷേ, ജാതിയുടെയും നിറത്തിന്റെയും പേരിൽ മണ്ണിലൊഴുകിപ്പോകുന്ന ചോരയ്ക്കെല്ലാം ഒരേ നിറം തന്നെയാണ്.
4 ശിരസ്സില്ലാ ഉടലുകൾ
1957ൽ ഒരു പ്രാദേശിക ഉപതിരഞ്ഞെടുപ്പിനുശേഷം ഉണ്ടായ കലാപത്തിൽ അൻപതോളം പള്ളാർ സമുദായക്കാർ കൊല്ലപ്പെട്ടതിനെ തുടർന്ന് രാമൻപുരത്തെ മുദുകുളത്തൂരിൽ സർവ-ജാതി യോഗം വിളിച്ചു ചേർത്തു. തേവർ സമുദായത്തിൽപ്പെട്ട മുത്തുരാമലിംഗ തേവർ ജാതി നേതാവാണ്. യോഗത്തിനെത്തിയ മുത്തുരാമലിംഗ തേവർക്കു മുന്നിൽ എഴുന്നേൽക്കാൻ തയാറാകാതിരുന്ന പള്ളാർ സമുദായ നേതാവ് ഇമ്മാനുവൽ ശേഖരന്റെ ശിരസ്സറ്റ മൃതദേഹം അടുത്ത ദിവസം അനാഥമായി തെരുവിൽക്കിടന്നു.
ശേഖരൻ വധം ആറു പതിറ്റാണ്ട് മുൻപു നടന്നതാണെങ്കിലും സമാനമായ ജാതി കൊലപാതകങ്ങൾ ഇപ്പോഴും തെക്കൻ തമിഴ്നാടിനെ വേട്ടയാടുകയാണ്. ഏറ്റവും ഒടുവിൽ, കഴിഞ്ഞ മാസം തേവർക്കും പള്ളാർക്കും ഇടയിലുള്ള ജാതി സ്പർധയുടെ പേരിൽ 4 ശിരസ്സില്ലാ ഉടലുകളാണ് തിരുനെൽവേലി, ഡിണ്ടിഗൽ ജില്ലകളിൽനിന്നായി കണ്ടെടുത്തത്.
തലയറുക്കുന്ന പ്രതികാരം
തിരുനെൽവേലിയിൽ തേവർ സമുദായ അംഗമായ ശങ്കരസുബ്രഹ്മണ്യനെ (38) കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതോടെയാണ് വീണ്ടും തെക്കൻ തമിഴ്നാട് അശാന്തമായത്. സെപ്റ്റംബർ 15ന് ദലിതനായ മാരിയപ്പനെ അതേ സ്ഥലത്തു വച്ച് കഴുത്തറുത്തു കൊന്നു. അയൽ ജില്ലയായ ഡിണ്ടിഗലിൽ, സെപ്റ്റംബർ 23ന് തേവർ സമുദായത്തിലെ നിർമല ദേവിയും(70) അതേ ദിവസംതന്നെ, ദലിതനായ ഇ.സ്റ്റീഫനും (38) തലയറുത്തു കൊല്ലപ്പെട്ടു
28 വർഷമായി അടങ്ങാത്ത പകയുടെയും വൈര്യത്തിന്റെയും ഒടുവിലത്തെ ഇരയാണ് കൊല്ലപ്പെട്ട നിർമലാദേവി. തൂത്തുക്കുടി മൂലക്കരൈയിലെ ശിവസുബ്രഹ്മണ്യൻ എന്നയാളുടെ മക്കളും രാജഗോപാലൻ എന്നയാളും തമ്മിൽ തിരുചെന്തൂരിലെ ഭൂമിയെച്ചൊല്ലിയുണ്ടായ വാക്കുതർക്കമാണ് നീണ്ട കൊലപാതക പരമ്പരകൾക്കു തുടക്കം കുറിച്ചത്. രാജഗോപാലനെ പശുപതിപാണ്ഡ്യനെന്ന ദലിത് നേതാവ് പിന്തുണച്ചു. ഇതിന്റെ പ്രതികാരമായി 1993ൽ പശുപതിപാണ്ഡ്യനു നേരെ വധശ്രമമുണ്ടായി.
ഇതിന്റെ തിരിച്ചടിയിൽ ശിവസുബ്രഹ്മണ്യന്റെ മകൻ അസുപതി കൊല്ലപ്പെട്ടു. തുടർന്നുണ്ടായ ഏറ്റമുട്ടലുകളിൽ ശിവസുബ്രഹ്മണ്യവും പശുപതി പാണ്ഡ്യന്റെ ഭാര്യ ജസീന്തയടക്കം നിരവധി പേരും ദാരുണമായി കൊലക്കത്തിക്ക് ഇരയായി. പൊലീസ് ഇടപടലിനെ തുടർന്ന് തൂത്തുക്കുടിയിൽനിന്നു ഡിണ്ടിഗലിലേക്ക് പശുപതിപാണ്ഡ്യനും കുടുംബവും മാറി താമസിച്ചതോടെ സ്ഥിതി ശാന്തമായെന്നു കരുതിയെങ്കിലും പ്രതികാരമെന്ന ചിന്ത തീച്ചൂള പോലെ ഇരുവിഭാഗത്തിന്റെയും മനസ്സിൽ കത്തിയെരിഞ്ഞു കൊണ്ടിരുന്നു.
അടങ്ങാത്ത ജാതിവെറി
തൂത്തുക്കുടിയിൽനിന്നു ഡിണ്ടിഗലിലേക്കു മാറിത്താമസിച്ച പശുപതി പാണ്ഡ്യനെത്തേടി വീണ്ടും കൊലക്കത്തികളെത്തി. 2012 ജനുവരി പത്തിന് ഇരുചക്ര വാഹനത്തിലെത്തിയ ഒരുസംഘം വീടുകയറി ആക്രമിച്ച് പശുപതി പാണ്ഡ്യന്റെ തലയറുത്തു. 18 പേരായിരുന്നു കേസിലെ പ്രതികൾ. വിചാരണ ഡിണ്ടിഗലിലെ കോടതിയിൽ പുരോഗമിക്കുന്നതിനിടെ ആദ്യ നാലു പ്രതികളായ പുരമടസാമി, മുത്തുപാണ്ടി, ബാച്ച മടസാമി, അറുമുഖ സാമി എന്നിവരെ പശുപതി പാണ്ഡ്യന്റെ അനുയായികൾ കൊന്നു. വെട്ടിക്കൊന്ന് ശിരസ്സ് അറുത്തടുത്തു പശുപതി പാണ്ഡ്യന്റെ ശവകുടീരത്തിൽ സമർപ്പിച്ചു.
ഈ കേസിലെ പ്രതികളെ ഒളിവിൽ പാർപ്പിച്ചവരായിരുന്നു കൊല്ലപ്പെട്ട നിർമലാദേവി. രാവിലെ തൊഴിലുറപ്പ് ജോലിക്കു പോകാനായി വീട്ടിൽനിന്ന് ഇറങ്ങിയ ഇവരെ ബൈക്കിലെത്തിയ രണ്ടുപേരാണ് വീടിനു സമീപത്തു വച്ചു വെട്ടിവീഴ്ത്തിയത്. വെട്ടേറ്റു നിലത്തുവീണ നിർമലദേവിയുടെ ശിരസ്സ് സംഘം വെട്ടിയെടുത്ത് സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. പശുപതിപാണ്ഡ്യന്റെ വീട്ടിലെ ഫോട്ടോയ്ക്ക് താഴെ നിന്നാണു പിന്നീട് നിർമലദേവിയുടെ ശിരസ്സ് കണ്ടെടുത്തത്. പശുപതി പാണ്ഡ്യൻ കൊലക്കേസിലെ അഞ്ചാം പ്രതിയായിരുന്നു നിർമല. കേസിലെ 5 പ്രതികളും കൊല്ലപ്പെട്ടതോടെ തെക്കൻ തമിഴ്നാട്ടിലാകെ അശാന്തി വീണ്ടും പടർന്നു. ഇതിനു പ്രതികാരമെന്നോണം പിന്നാലെ സ്റ്റീഫനും കൊല്ലപ്പെട്ടു.
പൊലീസ് കളത്തിൽ
കൊലപാതകങ്ങൾ തടയാൻ സംസ്ഥാനത്തുടനീളം പൊലീസ് പരിശോധന നടത്തി. 3,325 പേരെ പിടികൂടി. 111 കത്തികളും 7 അനധികൃത തോക്കുകളും പിടിച്ചെടുത്തു. പ്രതികാരമായാണ് അക്രമം കൂടുതലും അരങ്ങേറിയത്. ജാതി അടിച്ചമർത്തലിനെതിരെ തീവ്രവാദപരമായി പ്രതിഷേധിക്കുകയാണെന്നാണ് തമിഴ്‌നാട് പൊലീസ് പറയുന്നത്, മിക്ക കൊലപാതകങ്ങളും പ്രതികാരമാണ്, ജാതി സംഘർഷവുമായി മാത്രം ബന്ധപ്പെടുത്താനാവില്ല.
തമിഴ്‌നാട്ടിലെ രാഷ്ട്രീയമായും സാമ്പത്തികമായും ശക്തരായ തേവരുടെ ആധിപത്യത്തെ ചെറുക്കാൻ ജാതിക്കൊടിയുടെ കീഴിൽ പള്ളാരെ സംഘടിപ്പിക്കുകയായിരുന്നു. 1924ൽ ദേവേന്ദ്ര കുല വെള്ളാളർ സംഘം സ്ഥാപിച്ച ഒരു പ്രമുഖ പള്ളാർ നേതാവായിരുന്നു ഇമ്മാനുവൽ ശേഖരൻ. പൊലീസ് ഇടപെട്ടതോടെ വീണ്ടും സ്ഥിതി ശാന്തമായി. പക്ഷേ, ആ ശാന്തതയ്ക്കെത്ര പകലിന്റെ നീളമുണ്ടെന്നു കാത്തിരുന്നു കാണേണ്ടി വരും.
By: Malayala Manorama.