Featured Posts

Breaking News

താമസം ഉൾപ്പെടെ 1000 രൂപയ്ക്ക് മൂന്നാറിലേക്ക്; കെഎസ്ആർടിസിയുടെ ഉല്ലാസയാത്ര തുടങ്ങി


മലപ്പുറം ∙ കെഎസ്ആർടിസി ‘ഉല്ലാസയാത്ര’ തുടങ്ങി. മലപ്പുറം ഡിപ്പോയിൽ നിന്ന് മൂന്നാറിലേക്ക് കെഎസ്ആർടിസിയുടെ ചെലവു കുറഞ്ഞ വിനോദ സഞ്ചാര പാക്കേജിന്റെ ആദ്യ സൂപ്പർ ഫാസ്റ്റ് ബസ് യാത്ര ആരംഭിച്ചു. ഉച്ചയ്ക്ക് 1 മണിക്കാണ് ബസ് ഫ്ലാഗ് ഓഫ് ചെയ്തത്. സംസ്ഥാനത്തു തന്നെ 2 ജില്ലകളിലേക്ക് പ്രത്യേക വിനോദ സഞ്ചാര പാക്കേജുമായി കെഎസ്ആർടിസി തുടങ്ങുന്ന ആദ്യ സംരംഭമാണിത്.

1000 രൂപയ്ക്ക് താമസവും സൈറ്റ് സീയിങ്ങും അടക്കമുള്ള പാക്കേജിന്റെ പേരാണ് ‘ഉല്ലാസയാത്ര’. 7 കുടുംബങ്ങളടക്കമുള്ളവരാണ് ആദ്യ യാത്രക്കാർ. ബസ് ഇന്ന് രാത്രി 8ന് മൂന്നാറിലെത്തും. നാളെയാണ് കെഎസ്ആർടിസി ബസിൽ തന്നെയുള്ള സൈറ്റ് സീയിങ്. മറ്റന്നാൾ പുലർച്ചെയോടെ മലപ്പുറത്തെത്തും. പി.ഉബൈദുല്ല എംഎൽഎയാണ് ഫ്ലാഗ് ഓഫ് ചെയ്തത്.

പാക്കേജ് ബംപർ ഹിറ്റ്

കെഎസ്ആർടിസി മലപ്പുറം ഡിപ്പോയിൽ നിന്ന് മൂന്നാർ പാക്കേജ് പ്രഖ്യാപിച്ചതോടെ തന്നെ പദ്ധതി ബംപർ ഹിറ്റ് ആയിരുന്നു. കോഓർഡിനേറ്റർമാരുടെ ഫോൺ നമ്പറിലേക്ക് കഴിഞ്ഞ ദിവസങ്ങളിൽ വന്നത് നൂറുകണക്കിന് ഫോൺവിളികളാണെന്ന് ജില്ലാ ട്രാൻസ്പോർട്ട് ഓഫിസർ ജോഷി ജോൺ പറഞ്ഞു. ശനിയാഴ്ചകളിൽ മാത്രമാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും ബുക്കിങ്ങിനായി കൂട്ടവിളികളെത്തിയതോടെ ശനിയും ഞായറും പ്രത്യേക സർവീസ് ഏർപ്പെടുത്തി.


അടുത്ത ശനിയാഴ്ചത്തേക്കുള്ള ബുക്കിങ്ങും പൂർണം. തുടർന്നുള്ള സർവീസുകൾ സംബന്ധിച്ച് പിന്നീട് തീരുമാനിക്കും. ഇന്നലെ എസി ലോഫ്ലോർ, സൂപ്പർ ഡീലക്സ് എയർ ബസുകളിലായിരുന്നു യാത്ര. തിങ്കളാഴ്ചയും അടുത്ത ശനിയാഴ്ചയും സൂപ്പർഫാസ്റ്റ് ബസ് ആണ് ഏർപ്പെടുത്തിയത്.

പാക്കേജ് ഇങ്ങനെ

മലപ്പുറം ഡിപ്പോയിൽ നിന്ന് ഉച്ചയ്ക്കു ശേഷം 1 മണിക്ക് ബസ് പുറപ്പെടും. തുടർന്ന് പെരുമ്പാവൂരിൽ ഇന്ധനം നിറയ്ക്കാനും ചായ കുടിക്കാനുമായി നിർത്തും. രാത്രി 8 മണിയോടെ മൂന്നാറിലെത്തും. മറ്റു സ്റ്റാൻഡുകളിൽ കയറില്ല. മൂന്നാർ സബ് ഡിപ്പോയിൽ നിർത്തിയിട്ട എസി സ്ലീപ്പർ ബസുകളിലാണ് താമസ സൗകര്യം. ശുചിമുറിയടക്കമുള്ള സൗകര്യങ്ങളും ഇവിടെയുണ്ട്. പിറ്റേന്ന് രാവിലെ 10 മുതൽ വൈകിട്ട് 6.30 വരെയാണ് സൈറ്റ് സീയിങ്. മൂന്നാർ സബ് ഡിപ്പയിൽ നിന്നുള്ള പ്രത്യേക ബസിലായിരിക്കും യാത്ര. വൈകിട്ട് 7ന് മലപ്പുറത്തേക്കുള്ള ബസിൽ മടക്കയാത്ര. പുലർച്ചെയോടെ മലപ്പുറത്തെത്തും.

നിലവിൽ സൂപ്പർ ഫാസ്റ്റ് ബസിന് ഒരാൾക്ക് 1,000 രൂപയും ഡീലക്സിന് 1,200 രൂപയും എസി ലോഫ്ലോറിന് 1,500 രൂപയുമാണ് നിരക്ക്. മൂന്നാറിൽ കെഎസ്ആർടിസി എസി സ്ലീപ്പർ ബസിലെ താമസത്തിന് 100 രൂപയും സൈറ്റ് സീയിങ് ബസ് സർവീസിനുള്ള 200 രൂപയും അടക്കമാണ് പാക്കേജ്. ഭക്ഷണച്ചെലവ്, വിവിധയിടങ്ങളിലെ പ്രവേശന ഫീസ് തുടങ്ങിയവ യാത്രക്കാർ വഹിക്കണം. വിവരങ്ങൾക്ക്: 0483 2734950.

മൂന്നാറിൽ വിവിധ കേന്ദ്രങ്ങളിലെ പ്രവേശന ഫീസ്

ടീ മ്യൂസിയം– 125 രൂപ (കെഎസ്ആർടിസി പാക്കേജിലുള്ളവർക്ക് ഇവിടെ നിന്ന് തേയില വാങ്ങാൻ 5% ഡിസ്കൗണ്ടും ലഭിക്കും)

ടോപ് സ്റ്റേഷൻ – 20 രൂപ

കുണ്ടള അണക്കെട്ട്– സൗജന്യം

ഇക്കോ പോയിന്റ്– 10 രൂപ

ഷൂട്ടിങ് പോയിന്റ്– സൗജന്യം

മാട്ടുപ്പെട്ടി അണക്കെട്ട്– പ്രവേശനം സൗജന്യം (സ്പീഡ് ബോട്ട്– 300 രൂപ, പെഡൽ ബോട്ട്– 150 രൂപ)

ടീ ഗാർഡൻ ഫോട്ടോ പോയിന്റ്– സൗജന്യം

വനംവകുപ്പ് ഫ്ലവർ ഗാർഡൻ– 50 രൂപ

No comments