ജീവിക്കാൻ ലോകത്തിലെ ഏറ്റവും മികച്ച നാലാമത്തെ രാജ്യം യുഎഇ
ദുബായ്∙ ജീവിക്കാനും ജോലി ചെയ്യാനും ലോകത്തിലെ ഏറ്റവും മികച്ച നാലാമത്തെ രാജ്യമായി യുഎഇ. 10 സ്ഥാനങ്ങൾ കയറിയാണ് നേട്ടം. ജിസിസിയിൽ ബഹ്റൈനും ഖത്തറും യഥാക്രമം എട്ടാമതും പത്താമതുമാണ്. സ്വിറ്റ്സർലൻഡ്, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് എന്നിവയാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിൽ. എച്ച്എസ്ബിസിയുടെ 14 -ാമതു വാർഷിക എക്സ്പാറ്റ് എക്സ്പ്ലോറർ വിദേശത്തു താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന 20,000 ത്തിലേറെ ആളുകളുടെയിടയിൽ സർവേ നടത്തി പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇൗ വിവരമുള്ളത്.
യുഎഇയിൽ സർവേയിൽ പങ്കെടുത്ത ബഹുഭൂരിപക്ഷം (82 ശതമാനം) പ്രവാസികളും അടുത്ത 12 മാസത്തിനുള്ളിൽ ജീവിതം കൂടുതൽ സുസ്ഥിരവും സാധാരണനിലയിലും ആകുമെന്നു ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. ആഗോള പകർച്ച വ്യാധി ഉണ്ടായിരുന്നിട്ടും ആഗോള ശരാശരിയേക്കാൾ 35 ശതമാനത്തിന് മുകളിലാണിത്. യുഎഇയിൽ പ്രതികരിച്ചവരിൽ 53 ശതമാനം പേരും അവരുടെ വരുമാനത്തിൽ വർധനവും മെച്ചപ്പെട്ട തൊഴിൽ-ജീവിത സന്തുലനവും (57 ശതമാനം) പ്രതീക്ഷിക്കുന്നു.