Featured Posts

Breaking News

നോട്ടു നിരോധനം അറിയാത്ത ചിന്നക്കണ്ണൻ ചോദിക്കുന്നു: ഈ 65,000 രൂപ എന്തുചെയ്യണം


ചെന്നൈ: കാഴ്ചശക്തിയില്ലാത്ത ചിന്നക്കണ്ണ് അറിഞ്ഞില്ല തന്റെ കൈയിലെ നോട്ടുകൾക്ക് വിലയില്ലാതായത്. കൃഷ്ണഗിരി ജില്ലയിലെ പാവക്കൽ ചിന്നഗൗണ്ടനൂർ ഗ്രാമത്തിൽ ഭിക്ഷയെടുത്ത് ജീവിക്കുന്ന ചിന്നക്കണ്ണാണ് (70) നോട്ടുനിരോധന കാര്യമൊന്നുമറിയാതെ പ്രയാസത്തിലായത്. സമ്പാദ്യത്തിലെ പഴയ നോട്ട് മാറ്റാൻ ജില്ലാ കളക്ടറേറ്റിൽ സഹായമഭ്യർഥിച്ചെത്തിയിരിക്കുകയാണിപ്പോൾ‌.

2016-ലാണ് രാജ്യത്ത് നോട്ടുനിരോധനമുണ്ടായതെങ്കിലും ചിന്നക്കണ്ണ് ഈ വിവരം അറിഞ്ഞിരുന്നില്ല. ഈയടുത്ത് കടയിൽ നോട്ട് ചില്ലറ മാറാൻ നൽകിയപ്പോഴാണ് തന്റെ കൈവശമുള്ള പഴയ 500, 1000 നോട്ടുകൾക്ക് ഇപ്പോൾ വിലയില്ലെന്ന് ചിന്നക്കണ്ണ് തിരിച്ചറിഞ്ഞത്. വർഷങ്ങളായുള്ള സമ്പാദ്യം കടക്കാരനെക്കൊണ്ട് പരിശോധിച്ചപ്പോൾ അതിലെ 65,000 രൂപയുടെ നോട്ടുകളും നിരോധിച്ചവയാണെന്ന് മനസ്സിലായി. ചെലവാക്കാൻ ബാക്കി 300 രൂപ മാത്രമാണ് കൈയിലുണ്ടായിരുന്നത്.

വർഷങ്ങൾകൊണ്ടു സ്വരുക്കൂട്ടിയ സമ്പാദ്യത്തിന് വിലയില്ലാതായെന്നറിഞ്ഞ ചിന്നക്കണ്ണ് ആകെ സങ്കടത്തിലായി. വിഷമംകണ്ട കടക്കാരനാണ് ചിന്നക്കണ്ണിനെയും കൂട്ടി കളക്ടറേറ്റിലെത്തിയത്. നോട്ടുകൾ മാറ്റി പുതിയവ നൽകണമെന്നഭ്യർഥിച്ച് ചിന്നക്കണ്ണ് കളക്ടർക്ക് നിവേദനം നൽകി. റിസർവ് ബാങ്കിലേക്ക് അയക്കുന്നതിന് നിവേദനം കളക്ടറേറ്റിൽനിന്ന് ജില്ലാ ലീഡ് ബാങ്കിലേക്ക് കൈമാറി. എന്നാൽ, പഴയ നോട്ടുകൾ മാറ്റാനുള്ള ആർ.ബി.ഐ.യുടെ കാലാവധി 2017 മാർച്ച് 31-ന് അവസാനിച്ചതിനാൽ ഈ നോട്ടുകൾ മാറ്റിയെടുക്കുന്നകാര്യം സംശയമാണ്. 

വിഷയത്തിൽ റിസർവ് ബാങ്കിനെ സമീപിക്കുമെന്നും മറുപടി ലഭിച്ചശേഷം തുടർനടപടി കൈക്കൊള്ളുമെന്നും അധികൃതർ പറഞ്ഞു. അതേസമയം, ചിന്നക്കണ്ണിന് അടുത്തമാസം മുതൽ വാർധക്യപെൻഷൻ നൽകാൻ തീരുമാനമായിട്ടുണ്ട്.

No comments