ആരോപണം പൊളിഞ്ഞു, ജോജു മദ്യപിച്ചിട്ടില്ലെന്ന് പോലീസ്; 'ഷോ' കോണ്‍ഗ്രസിനോട് വേണ്ടെന്ന് ഷിയാസ്
കൊച്ചി: നടന്‍ ജോജു ജോര്‍ജ് മദ്യപിച്ചിട്ടില്ലെന്ന് പോലീസ്. ആശുപത്രിയില്‍ നടത്തിയ വൈദ്യപരിശോധനയിലാണ് ജോജു മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞത്. ഇതോടെ കോണ്‍ഗ്രസ് നേതാക്കള്‍ ജോജുവിനെതിരേ ഉന്നയിച്ച പ്രധാന ആരോപണം പൊളിഞ്ഞു. ജോജു മദ്യലഹരിയിലാണ് സമരക്കാര്‍ക്കെതിരേ തിരിഞ്ഞതെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം.
അതിനിടെ, ജോജു വനിതാ പ്രവര്‍ത്തകരെ കയറിപിടിക്കാന്‍ ശ്രമിച്ചെന്നും ഇക്കാര്യത്തില്‍ പരാതി എഴുതിനല്‍കിയിട്ടുണ്ടെന്നും ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ് മാധ്യമങ്ങളോട് പറഞ്ഞു. സഭ്യമായരീതിയിലല്ല ജോജു ജോര്‍ജ് പ്രതികരിച്ചത്. മുണ്ട് മടക്കിക്കുത്തി അടിവസ്ത്രം കാണിച്ച് സിനിമാസ്റ്റൈല്‍ ഷോയാണ് നടത്തിയത്. വനിതാപ്രവര്‍ത്തകരെ അസഭ്യം പറയുകയും കടന്നുപിടിക്കാനും ശ്രമിച്ചു. അദ്ദേഹം മദ്യപിച്ചിരുന്നതായാണ് അറിയാന്‍ കഴിഞ്ഞത്. വാഹനത്തില്‍ മദ്യക്കുപ്പിയുണ്ടായിരുന്നു. അദ്ദേഹത്തിന് മാന്യമായി പ്രതികരിക്കാമെന്നും എന്നാല്‍ സിനിമാസ്റ്റൈല്‍ ഷോ കോണ്‍ഗ്രസിനോട് വേണ്ടെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു. ജോജുവിന്റെ പ്രകടനം ജനം വിലയിരുത്തട്ടെയെന്നും മാന്യമായി നടത്തിയ സമരത്തില്‍ 1500-ലേറെ പേരാണ് വാഹനങ്ങളുമായി പങ്കെടുത്തതെന്നും ആര്‍ക്കെങ്കിലും അസൗകര്യമുണ്ടായെങ്കില്‍ മാപ്പ് ചോദിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗതാഗതം തടസപ്പെടുത്തി കോണ്‍ഗ്രസ് നടത്തിയ സമരത്തിനെതിരേ ജോജു അടക്കമുള്ളവര്‍ പ്രതിഷേധിച്ചതോടെയാണ് കൊച്ചിയില്‍ നാടകീയരംഗങ്ങള്‍ അരങ്ങേറിയത്. ഇന്ധനവില വര്‍ധനവിനെതിരേ തിങ്കളാഴ്ച രാവിലെ വൈറ്റിലയിലായിരുന്നു വാഹനങ്ങള്‍ റോഡില്‍ നിര്‍ത്തിയിട്ട് കോണ്‍ഗ്രസുകാര്‍ സമരം നടത്തിയത്. ഇതോടെ വൈറ്റില മുതല്‍ വാഹനങ്ങളുടെ നീണ്ടനിരയായി. ആശുപത്രി, ഓഫീസ് ആവശ്യങ്ങള്‍ക്കായി പോകുന്നവര്‍ നടുറോഡില്‍ കുടുങ്ങി. ഇതിനിടെയാണ് നടന്‍ ജോജു ജോര്‍ജ് അടക്കമുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.
ഗതാഗതക്കുരുക്കില്‍പ്പെട്ട ജോജു വാഹനത്തില്‍നിന്നിറങ്ങി കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് രോഷാകുലനായി പ്രതിഷേധിക്കുകയായിരുന്നു. 'ഇത് ഗുണ്ടായിസമാണ്. ഞാന്‍ മാത്രമല്ല, ഒരുപാട് പേരാണ് കുടുങ്ങികിടക്കുന്നത്. ഞാന്‍ പറഞ്ഞന്നേയുള്ളൂ. വയ്യാത്ത കുട്ടികളടക്കം ഈ വാഹനങ്ങളിലുണ്ട്. ഇത്രയും നേരം എസിയിട്ട് കാറിലിരിക്കാന്‍ പറ്റുമോ'- ജോജു ചോദിച്ചു. നടനൊപ്പം മറ്റുചിലരും തങ്ങളുടെ പ്രതിഷേധം അറിയിച്ചു. ഇതിനുപിന്നാലെയാണ് ജോജുവും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ വാക്കറ്റമുണ്ടായത്.
രണ്ട് മണിക്കൂറോളമായി ആളുകള്‍ കഷ്ടപ്പെടുകയാണെന്നും താന്‍ ഷോ കാണിക്കാന്‍ വന്നതല്ലെന്നും ജോജു ആവര്‍ത്തിച്ചുപറഞ്ഞു. തനിക്ക് കൂടുതലായി ഒന്നും പറയാനില്ലെന്നും സമരം ചെയ്യുന്നവരോട് ചോദ്യങ്ങള്‍ ചോദിക്കണമെന്നും നടന്‍ മാധ്യമപ്രവര്‍ത്തകരോടും പ്രതികരിച്ചു. ഇതേസമയം, കാശുണ്ടായത് കൊണ്ടാണ് ജോജു ജോര്‍ജ് ഇത്തരത്തില്‍ പ്രതികരിക്കുന്നതെന്ന് സമീപത്തുനിന്ന് ഒരാള്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു. താന്‍ പണിയെടുത്താണ് കാശുണ്ടാക്കുന്നതെന്നായിരുന്നു ജോജു നല്‍കിയ മറുപടി. എന്നാല്‍ ഇതിനുപിന്നാലെ സംഭവസ്ഥലത്ത് കൈയാങ്കളിയും സംഘര്‍ഷാവസ്ഥയും ഉടലെടുക്കുകയായിരുന്നു.
ജോജുവിന്റെ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ കാറിന്റെ ചില്ല് ചിലര്‍ അടിച്ചുതകര്‍ത്തു. നടന് നേരേ കൈയേറ്റശ്രമവുമുണ്ടായി. തുടര്‍ന്ന് പോലീസുകാര്‍ ജോജുവിന്റെ വാഹനത്തില്‍ കയറിയിരുന്നാണ് സുരക്ഷ ഉറപ്പാക്കിയത്. പോലീസ് സംരക്ഷണയില്‍ ജോജുവിനെ സംഭവസ്ഥലത്തുനിന്ന് മാറ്റുകയും ചെയ്തു.