Featured Posts

Breaking News

അമ്മയുടെ കൈപിടിച്ച് പുറത്തേക്ക്; ഒരുവര്‍ഷത്തിന് ശേഷം സ്വപ്‌നാ സുരേഷ് ജയില്‍മോചിതയായി


തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ജാമ്യംലഭിച്ച സ്വപ്‌ന സുരേഷ് ജയില്‍മോചിതയായി. ശനിയാഴ്ച രാവിലെ 11.30-ഓടെയാണ് അട്ടക്കുളങ്ങര വനിതാ ജയിലില്‍നിന്ന് സ്വപ്‌ന പുറത്തിറങ്ങിയത്. ജയിലിന് മുന്നില്‍ തടിച്ചുകൂടിയ മാധ്യമപ്രവര്‍ത്തകര്‍ എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ചെങ്കിലും സ്വപ്‌ന ഒന്നും പ്രതികരിച്ചില്ല. തുടര്‍ന്ന് നേരേ വാഹനത്തില്‍ കയറുകയായിരുന്നു.

ശനിയാഴ്ച രാവിലെ അമ്മ പ്രഭ സുരേഷ് ജയിലിലെത്തിയാണ് ജാമ്യനടപടികള്‍ പൂര്‍ത്തീകരിച്ചത്. ജയില്‍മോചിതയായാല്‍ മകള്‍ മാധ്യമങ്ങളെ കാണുമെന്ന് പ്രഭ സുരേഷ് രാവിലെ പ്രതികരിച്ചിരുന്നു. തുടര്‍ന്ന് ഒരുമണിക്കൂറോളം കഴിഞ്ഞ് പ്രഭ സുരേഷിനൊപ്പം സ്വപ്‌ന ജയിലിന് പുറത്തേക്ക് വന്നെങ്കിലും ഒന്നും പ്രതികരിക്കാന്‍ തയ്യാറായില്ല.

അമ്മയുടെ കൈപിടിച്ചാണ് സ്വപ്‌ന ജയില്‍ വളപ്പിന് പുറത്തേക്ക് വന്നത്. ഇരുവരും ബാലരാമപുരത്തുള്ള വീട്ടിലേക്കാണ് പോകുന്നതെന്നാണ് സൂചന. ഒരുപക്ഷേ, വീട്ടിലെത്തിയാല്‍ സ്വപ്‌ന മാധ്യമങ്ങളെ കാണാനുള്ള സാധ്യതയുണ്ട്.

വിവാദമായ സ്വര്‍ണക്കടത്ത് കേസില്‍ ഒരുവര്‍ഷത്തിലേറെ നീണ്ട ജയില്‍വാസത്തിന് ശേഷമാണ് സ്വപ്‌ന പുറത്തിറങ്ങിയത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട എല്ലാകേസുകളിലും സ്വപ്‌നയ്ക്ക് ജാമ്യം ലഭിച്ചതോടെയാണ് ജയില്‍മോചനം സാധ്യമായത്.

No comments