മത്സ്യത്തൊഴിലാളിയെ പാകിസ്താന്‍ നാവികസേന വെടിവെച്ചുകൊന്നു; 6 പേരെ തട്ടിക്കൊണ്ടുപോയതായും റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ഇന്ത്യന്‍ മത്സ്യത്തൊഴിലാളിയെ പാകിസ്താന്‍ നാവികസേന വെടിവെച്ചു കൊന്നതായി റിപ്പോർട്ട്. ആറ് മത്സ്യത്തൊഴിലാളികളെ തടഞ്ഞുവെച്ചിരിക്കുകയാണെന്നും ഒരാള്‍ക്ക് വെടിവെപ്പില്‍ പരിക്കേറ്റതായും ഗുജറാത്ത് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.
ഗുജറാത്തിലെ ദ്വാരക തീരത്തിനടുത്തുള്ള അന്താരാഷ്ട്ര അതിര്‍ത്തിയിലാണ് പാക് നാവികസേന ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്കു നേരെ വെടിവെച്ചത്. ശ്രീധര്‍ എന്ന മത്സ്യത്തൊഴിലാളിയാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. ഞായറാഴ്ച രാവിലെ പത്തു മണിയോടെയാണ് വെടിവെപ്പുണ്ടായത്.
ജല്‍പാരി എന്ന ബോട്ടിനുനേരെയാണ് ആക്രമണമുണ്ടായത്. പാക് നാവികസേനാംഗങ്ങള്‍ അകാരണമായി ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്കു നേരെ വെടിവെക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ബോട്ടിലുണ്ടായിരുന്ന മറ്റ് ആറ് പേരെ പാക് നാവികസേന തടഞ്ഞുവെച്ചിരിക്കുകയാണെന്നും ഗുജറാത്ത് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.
ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡോ സര്‍ക്കാരോ ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.
ദ്വാരക തീരപ്രദേശത്ത് മുന്‍പും പാക് നാവികസേനയുടെ ഭാഗത്തുനിന്ന് പ്രകോപനങ്ങളും ആക്രമണങ്ങളും ഉണ്ടാകാറുണ്ട്. 2013-ല്‍ പാക് നാവികസേന നടത്തിയ വെടിവെപ്പില്‍ രണ്ട് മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞവര്‍ഷം 11 മത്സ്യത്തൊഴിലാളികളെ പാക് നാവികസേന അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.