Featured Posts

Breaking News

എന്താണ് ഗൂഗിളിന്റെ 2-സ്റ്റെപ് വേരിഫിക്കേഷന്‍? ജിമെയിലിനും ബാധകം, യൂട്യൂബ് ക്രിയേറ്റര്‍മാര്‍ക്ക് നിര്‍ബന്ധം


ഇന്റര്‍നെറ്റ് സുരക്ഷയ്ക്ക് പ്രാധാന്യം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഗൂഗിളിന്റെ പ്ലാറ്റ്‌ഫോമിലുള്ള അക്കൗണ്ടുകള്‍ക്ക് ഇരട്ട തിരിച്ചറിയല്‍ (2-ഫാക്ടര്‍ ഓതന്റിക്കേഷന്‍, 2-സ്റ്റെപ്പ് വേരിഫിക്കേഷന്‍) നടപ്പിലാക്കുന്നു. സാധാരണക്കാരും ഉദ്യോഗസ്ഥരും ഉൾപ്പടെ ഏറ്റവുമധികം പേര്‍ ഉപയോഗിക്കുന്ന ഗൂഗിള്‍ അക്കൗണ്ടുകള്‍ക്കാണ് ഇതു ബാധകമാക്കുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ 150 ദശലക്ഷം അക്കൗണ്ടുകള്‍ക്കു കൂടി 2-സ്റ്റെപ്പ് വേരിഫിക്കേഷന്‍ നല്‍കുമെന്നു കമ്പനി പറയുന്നു. കമ്പനി 2018ല്‍ പുറത്തുവിട്ട കണക്കുകൾ പ്രകാരം 2-സ്റ്റെപ്പ് വേരിഫിക്കേഷന്‍ പ്രയോജനപ്പെടുത്തിയിരിക്കുന്ന 10 ശതമാനം അക്കൗണ്ടുകള്‍ മാത്രമാണ്. സുരക്ഷയ്ക്കായി കൂടുതല്‍ പേര്‍ ഇത് ഉപയോഗിക്കണമെന്ന് ഗൂഗിൾ ഓർമിപ്പിക്കുന്നുണ്ട്. നിങ്ങളുടെ ജിമെയില്‍ കൂടുതല്‍ സുരക്ഷിതമാക്കാന്‍ 2-സ്റ്റെപ്പ് വേരിഫിക്കേഷന്‍ വേണമെന്നാണ് കമ്പനി പറയുന്നത്.

യൂട്യൂബ് ചാനലുകളുടെ നിയന്ത്രണം ഏറ്റെടുക്കപ്പെട്ടേക്കാം

യൂട്യൂബിലെ 20 ലക്ഷത്തിലേറെ വരുന്ന കണ്ടെന്റ് ക്ര‌ിയേറ്റര്‍മാരും 2-സ്റ്റെപ്പ് വേരിഫിക്കേഷന്‍ നടത്തണമെന്നും കമ്പനി ആവശ്യപ്പെടുന്നു. വിജയകരമായി പ്രവര്‍ത്തിച്ചു വരുന്ന യൂട്യൂബ് ചാനലുകളുടെയടക്കം ഉടമസ്ഥതാ അവകാശം മറ്റാരെങ്കിലും നിയമവിരുദ്ധമായി തട്ടിയെടുക്കുന്നതു തടയാനും ഇത് ഉപയോഗിക്കാമെന്ന് ഗൂഗിള്‍ പറയുന്നു. ഇതിനായി 10,000 ഹാര്‍ഡ്‌വെയര്‍ സുരക്ഷാ കീയും ഓരോ വര്‍ഷവും നല്‍കും. ഇവ ആന്‍ഡ്രോയിഡ് ഫോണുകളും ഐഫോണുകളും ഉപയോഗിക്കുന്നവര്‍ക്കു ലഭ്യമാക്കും. ഇതിനായി ചില സംഘടനകളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുകയുമാണ് ഗൂഗിള്‍.

ഉപയോഗിക്കാതെ കിടക്കുന്ന അക്കൗണ്ടും പാരയാകാം?

ഒരിക്കല്‍ ഉപയോഗിച്ചിരുന്ന പിന്നീട് തിരിഞ്ഞു നോക്കാതെ കിടക്കുന്ന മെയില്‍ ബോക്‌സും മറ്റും രണ്ടു തരത്തില്‍ പാരയാകാം. ഒന്നാമതായി, അതില്‍ സൂക്ഷിച്ചിട്ടുള്ള വിവരങ്ങള്‍ ആരെങ്കിലും ചോര്‍ത്താം. രണ്ടാമതായി, അതു ഹാക്കു ചെയ്യപ്പെട്ടാല്‍ മറ്റൊരാള്‍ക്ക് നിങ്ങളായി ഭാവിച്ച് ഇടപാടുകള്‍ നടത്താനാകും. നിങ്ങളുടെ മരണശേഷം പോലും അക്കൗണ്ട് ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ട്. നിങ്ങളുടെ ഫോട്ടോകള്‍, രേഖകള്‍, ഇമെയിലുകളില്‍ നിന്നു ലഭിക്കുന്ന വിവരങ്ങള്‍, കോണ്ടാക്ട്‌സ് തുടങ്ങിയവയെല്ലാം ദുരുപയോഗം ചെയ്‌തേക്കാം. ഇതിനല്‍ തന്നെ ഉപയോഗിക്കാതെ കിടക്കുന്ന അക്കൗണ്ടുകള്‍ ഡിലീറ്റു ചെയ്യാനും 2-സ്റ്റെപ്പ് വേരിഫിക്കേഷന്‍ പ്രയോജനപ്പെടുത്താം. കാരണം, 18 മാസം ഉപയോഗിക്കാതെ കിടന്നാല്‍ പൊതുവെ അക്കൗണ്ടുകളിലേക്കു കടക്കാന്‍ അധിക വേരിഫിക്കേഷന്‍ ചോദിക്കുന്നതാണ്.

എന്താണ് 2-സ്റ്റെപ്പ് വേരിഫിക്കേഷന്‍?

ഗൂഗിള്‍ അക്കൗണ്ടിന് അധിക സുരക്ഷ നല്‍കുന്നതിനാണ് 2-സ്റ്റെപ്പ് വേരിഫിക്കേഷന്‍ എന്നു വിളിക്കുന്നത്. നിങ്ങളുടെ അക്കൗണ്ടിലേക്ക് നിങ്ങള്‍ക്കറിയാവുന്ന പാസ്‌വേഡ് ഉപയോഗിച്ച് അല്ലെങ്കില്‍ നിങ്ങളുടെ കൈവശമുള്ള ഫോണ്‍ ഉപയോഗിച്ച് പ്രവേശിക്കാന്‍ അനുവദിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യമെന്ന് ഗൂഗിള്‍ പറയുന്നു. പാസ്‌വേഡ് ആരെങ്കിലും തട്ടിയെടുത്താലും ഫോണ്‍ കൈവശമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് അക്കൗണ്ടിലേക്ക് പ്രവേശിക്കുകയും പുതിയ പാസ്‌വേഡ് നല്‍കുകയും ചെയ്യാം. ഇത് ലഭ്യമാക്കിയിരിക്കുന്ന ആളുകള്‍ക്ക് ഇക്കാര്യം ഇമെയിലായി നവംബര്‍ 9 മുതല്‍ ലഭ്യമാക്കുമെന്നാണ് കമ്പനി അറിയിച്ചു. എല്ലാ ഗൂഗിള്‍ അക്കൗണ്ടുകള്‍ക്കും ഇനി 2-സ്റ്റെപ്പ് വേരിഫിക്കേഷന്‍ വേണം. ശരിയായി കോണ്‍ഫിഗറു ചെയ്തിരിക്കുന്ന അക്കൗണ്ടുകള്‍ക്കെല്ലാം ഇതുമായി ബന്ധപ്പെട്ടുള്ള നോട്ടിഫിക്കേഷന്‍ ലഭിക്കുമെന്നും കമ്പനി പറയുന്നു.

എനിക്കു നോട്ടിഫിക്കേഷന്‍ ലഭിച്ചില്ല; ഞാനെന്തു ചെയും?

വഴിയുണ്ട്, ഗൂഗിള്‍ അക്കൗണ്ട് തുറക്കുക. സെക്യൂരിറ്റി എന്ന് എഴുതിയിരിക്കുന്ന ഇടം കണ്ടെത്തുക. സൈന്‍-ഇന്‍ ടു ഗൂഗിള്‍ എന്നിടത്ത് 2-സ്റ്റെപ്പ് വേരിഫിക്കേഷന്‍-ഗെറ്റ് സ്റ്റാര്‍ട്ടഡ് എന്നത് തിരഞ്ഞെടുക്കുക. തുടര്‍ന്നു വരുന്ന സ്‌ക്രീനുകളില്‍ എന്താണ് ചെയ്യേണ്ടത് എന്നു വ്യക്തമാക്കിതരും. സുരക്ഷാ സ്‌ക്രീനിലേക്കുളള ലിങ്ക്: https://myaccount.google.com/intro/security

.

No comments