Featured Posts

Breaking News

ആരോപണങ്ങള്‍ പൊതുജനമധ്യത്തില്‍ പിന്‍വലിക്കാതെ ഒത്തുതീര്‍പ്പിനില്ലെന്ന് ജോജു ജോര്‍ജ്


കൊച്ചി: കോണ്‍ഗ്രസ് നേതാക്കളുമായി തല്‍ക്കാലം ഒത്തുതീര്‍പ്പിനില്ലെന്ന് ജോജു ജോര്‍ജ്. വ്യക്തിപരമായി വി.ഡി സതീശനും കെ. സുധാകരനും ഖേദ പ്രകടനം നടത്തിയിട്ടുണ്ടെന്നും ജോജുവിന്റെ അഭിഭാഷകന്‍ രഞ്ജിത്ത് മാരാര്‍ പറഞ്ഞു.

"കോണ്‍ഗ്രസ് നേതാക്കള്‍ ഫോണില്‍ വിളിച്ച് ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. പരസ്യമായി പ്രസ്താവന നല്‍കാനും അവര്‍ തയ്യാറാണ്. പരസ്യമായ ഖേദ പ്രകടനം എന്തായാലും ഉണ്ടാവണം"- അഡ്വ. രഞ്ജിത്ത് മാരാര്‍ പറഞ്ഞു.

ഒത്തുതീര്‍പ്പിന് ചില വ്യവസ്ഥകള്‍ ജോജു മുന്നോട്ട് വെച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കള്‍ തനിക്കെതിരെ നടത്തിയ വ്യക്തിപരമായ പ്രസ്താവനകള്‍ പരസ്യമായി പിന്‍വലിക്കണമെന്നാണ് ജോജു ജോര്‍ജിന്റെ നിലപാട്. സ്ത്രീകള്‍ക്കെതിരെ അസഭ്യം പറഞ്ഞു എന്നതുള്‍പ്പടെയുള്ള ഗുരുതരമായ പരാതികളാണ് കോണ്‍ഗ്രസ് ജോജുവിനെതിരെ ഉയര്‍ത്തിയിരുന്നത്.

ഇതെല്ലാം പൊതുസമൂഹത്തിന് മുന്നിലുണ്ടെന്നും ഇത് പിന്‍വലിക്കണമെന്നുമാണ് ജോജുവിന്റെ ആവശ്യം. അങ്ങനെയെങ്കില്‍ ഒത്തുതീര്‍പ്പിനെ കുറിച്ച് ആലോചിക്കാമെന്നാണ് ജോജുവിന്റെ നിലപാടെന്നുമാണ് ജോജുവിന്റെ അഭിഭാഷകന്റെ വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്.

ഇക്കാര്യത്തില്‍ ഒരു ഒത്തുതീര്‍പ്പിന്റെ സാധ്യത പൂര്‍ണമായും അടഞ്ഞിട്ടില്ല. കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് വരാനിരിക്കുന്ന പ്രസ്താവനയെ ആശ്രയിച്ചായിരിക്കും കേസിന്റെ ഭാവി നടപടികള്‍ എന്ന സൂചനയാണ് ജോജുവിന്റെ അഭിഭാഷകന്‍ നല്‍കുന്നത്. ഡി.സി.സി നടന്നുകൊണ്ടിരിക്കുകയാണ്. യോഗത്തിന് ശേഷം കേസുമായി ബന്ധപ്പെട്ട പ്രസ്താവന ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ജോജുവിന് കൂടി അംഗീകരിക്കാനാവുന്നതാണെങ്കില്‍ കേസുമായി ബന്ധപ്പെട്ട നടപടികള്‍ അവസാനിപ്പിക്കും. അല്ലാത്തപക്ഷം കേസ് ശക്തമായി മുന്നോട്ട് കൊണ്ടുപോകാനാണ് ജോജു ജോര്‍ജിന്റെ തീരുമാനം.

No comments