Featured Posts

Breaking News

കെ റെയില്‍ പദ്ധതിക്കെതിരേ ഉയരുന്ന എതിര്‍പ്പുകള്‍ കണക്കിലെടുക്കാതെ അതിവേഗ നടപടികളുമായി സര്‍ക്കാര്‍


തിരുവനന്തപുരം: കെ റെയില്‍ പദ്ധതിക്കെതിരേ ഉയരുന്ന എതിര്‍പ്പുകള്‍ കണക്കിലെടുക്കാതെ അതിവേഗ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട്. അതിവേഗ സില്‍വര്‍ ലൈന്‍ റെയില്‍ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കലിന് ഡെപ്യൂട്ടി കളക്ടറെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി.

ഡെപ്യൂട്ടി കളക്ടര്‍ അനില്‍ ജോസിനെയാണ് ഭൂമി ഏറ്റെടുക്കല്‍ നടപടിക്കായി ചുമതലപ്പെടുത്തിയിരിക്കുന്നത്. 11 തഹസില്‍ദാര്‍മാര്‍ ഡെപ്യൂട്ടി കളക്ടർക്ക് കീഴിലുണ്ടാവും. 11 ജില്ലകളിലായി 1221 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കുക.

സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരേ കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തിയിരുന്നു. കെ റെയില്‍ സംസ്ഥാനത്തിന് ആവശ്യമില്ലാത്ത പദ്ധതിയാണെന്നും എതിര്‍ക്കുമെന്നും ബിജെപി നേതാവ് കെ സുരേന്ദ്രന്‍ നേരത്തെ പറഞ്ഞിരുന്നു. പരിസ്ഥിതി ആഘാതപഠനം നടത്തിയില്ലെന്നും പദ്ധതിയുടെ പേരില്‍ കോടികള്‍ കമ്മീഷന്‍ പറ്റാന്‍ നീക്കമുണ്ടെന്നും സുരേന്ദ്രന്‍ ആരോപിച്ചിരുന്നു.

കെ റെയില്‍ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുമ്പോള്‍ സംസ്ഥാനം കടക്കെണിയിലേക്ക് കൂപ്പുകുത്തുകയാണെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പറഞ്ഞിരുന്നു. കെ റെയില്‍ വികസനധൂര്‍ത്താണെന്ന് കെ. സുധാകരനും കുറ്റപ്പെടുത്തിയിരുന്നു.

കെ-റെയില്‍: അതിരടയാള കല്ലിടല്‍ പുരോഗമിക്കുന്നു; പാത കടന്നുപോകുക ഈ വില്ലേജുകളിലൂടെ

അര്‍ധ അതിവേഗ പാതയായ സില്‍വര്‍ലൈന്‍ പദ്ധതി, കേരള റെയില്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ (കെ-റെയില്‍) ആണ് നടപ്പാക്കുന്നത്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ 530 കിലോമീറ്റര്‍ നീളത്തിലാണ് പാത നിര്‍മിക്കുന്നത്. പാത യാഥാര്‍ഥ്യമാകുന്നതോടെ കാസര്‍ക്കോട്ടുനിന്ന് നാല് മണിക്കൂറിനുള്ളില്‍ തിരുവനന്തപുരത്തെത്താം.

പതിനൊന്നു ജില്ലകളിലൂടെയാണ് സില്‍വര്‍ലൈന്‍ കടന്നു പോകുന്നത്. പദ്ധതിയുടെ സാമൂഹിക ആഘാത പഠനത്തിന്റെ മുന്നോടിയായി അലൈന്‍മെന്റിന്റെ അതിര്‍ത്തിയില്‍ കല്ലിടുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്.

No comments