20 ലക്ഷം പേർക്ക് തൊഴിൽ: കേരള നോളജ് എക്കോണമി മിഷന് ജനുവരിയിൽ തുടക്കം
കൊച്ചി: അഞ്ചുവർഷത്തിനകം 20 ലക്ഷം പേർക്ക് തൊഴിലെന്ന ലക്ഷ്യത്തോടെ സർക്കാർ പ്രഖ്യാപിച്ച കേരള നോളജ് എക്കോണമി മിഷന് ജനുവരിയിൽ തുടക്കമാകും. 10,000 പേർക്ക് ജോലിനൽകി പദ്ധതി ഉദ്ഘാടനം ചെയ്യാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.
ഇതിന്റെ ഭാഗമായി തൊഴിൽമേളകൾ സംഘടിപ്പിക്കുന്നുണ്ട്. വെർച്വൽ തൊഴിൽമേള നടത്തി. ശേഷിക്കുന്നവ അടുത്തമാസത്തോടെ പൂർത്തിയാക്കും. തുടക്കത്തിൽ 10,000 തൊഴിൽ എന്നതിൽ 6000 പേർക്ക് തൊഴിൽപിന്തുണ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
5000 കോടി രൂപയുടെ വിപുലമായ പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്. 12 ലക്ഷം തൊഴിലവസരങ്ങൾ ആഗോളതലത്തിലും എട്ടുലക്ഷം അവസരങ്ങൾ തദ്ദേശീയമായും ഒരുക്കാനാണ് ലക്ഷ്യം. കഴിഞ്ഞ ഫെബ്രുവരിയിൽ നോളജ് എക്കോണമി മിഷന്റെ പ്രവർത്തനങ്ങൾ ഔപചാരികമായി തുടങ്ങിയിരുന്നു. ഡിജിറ്റൽ വർക്‌ഫോഴ്‌സ് മാനേജ്‌മെന്റ് പോർട്ടൽ അവതരിപ്പിച്ചത് ഇതിന്റെ ഭാഗമായാണ്.
സമഗ്രപദ്ധതി റിപ്പോർട്ട് തയ്യാറാക്കാൻ സർക്കാർ ചുമതലപ്പെടുത്തിയത് കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലിനെ (കെ-ഡിസ്ക്) ആണ്. പൊതുജനാഭിപ്രായം ഉൾപ്പെടെ സമാഹരിച്ച് തയ്യാറാക്കിയ റിപ്പോർട്ട് കെ-ഡിസ്‌ക് ഭരണസമിതി അംഗീകരിച്ചു. ഈ റിപ്പോർട്ടിന് മന്ത്രിസഭയുടെ അനുമതി ഉടൻ പ്രതീക്ഷിക്കുന്നു.
പുതുസാങ്കേതികതയുടെ സഹായത്തോടെ കൂടുതൽപ്പേരെ തൊഴിൽസജ്ജരാക്കുകയാണ് ഉദ്ദേശിക്കുന്നതെന്ന് കെ-ഡിസ്‌ക്കിന്റെ മെമ്പർ സെക്രട്ടറി ഡോ. പി.വി. ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. ആഗോളതലത്തിലുള്ള തൊഴിൽദാതാക്കളുടെ പിന്തുണ ഇതിൽ ഉറപ്പാക്കും. പുതുസാങ്കേതികത ഉൾപ്പെടെ വിവിധ മേഖലകളിൽ ആവശ്യമായ പരിശീലനം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർതലത്തിലും അല്ലാതെയുമുള്ള വിവിധ സ്ഥാപനങ്ങളുടെ പിന്തുണ ഇതിൽ ഉറപ്പാക്കിയിട്ടുണ്ട്. 50-55 ലക്ഷം തൊഴിലുകൾ കേരളത്തിലേക്ക് എത്തിക്കാനാണ് ശ്രമം. പദ്ധതിത്തുകയിൽ 2000 കോടി കിഫ്ബിയിൽനിന്നുള്ള വായ്പയാണ്. ശേഷിക്കുന്ന തുക അന്താരാഷ്ട്ര ഏജൻസികളിൽനിന്ന് ഉൾപ്പെടെ വായ്പയായി കണ്ടെത്തും.
പേര് മാറും
സാധാരണക്കാരുമായി സംവദിക്കാൻ കഴിയുന്നൊരു പേരും പദ്ധതിക്കായി പരിഗണിക്കുന്നു. കേരള നോളജ് എക്കോണമി മിഷൻ എന്ന ആശയം നിലനിർത്തി ‘ജോബ്‌സ് ഫോർ കേരള’ പോലെ എളുപ്പം മനസ്സിലാകുന്നതരത്തിലുള്ള പേര് സ്വീകരിക്കണമെന്നു നിർദേശമുണ്ട്. പദ്ധതി അവതരിപ്പിക്കുമ്പോൾ ഇതിൽ തീരുമാനമാകും.