കെഎസ്ആര്‍ടിസി ബസിനുപിന്നില്‍ സ്‌കൂട്ടര്‍ ഇടിച്ചുകയറി; യുവാവും 5 വയസ്സുള്ള മകനും മരിച്ചു
തിരുവനന്തപുരം: കഴക്കൂട്ടം ഇന്‍ഫോസിസിന് സമീപം വാഹനാപകടത്തില്‍ രണ്ട് മരണം. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. കെ.എസ്.ആര്‍.ടി.സി ബസില്‍ സ്കൂട്ടർ ഇടിച്ചുണ്ടായ അപകടത്തില്‍ അച്ഛനും മകനും മരിച്ചു. നിര്‍ത്തിയിട്ടിരുന്ന ബസിന് പിന്നിലേക്ക് സ്‌കൂട്ടര്‍ ഇടിച്ച് കയറിയാണ് അപകടം. ബാലരാമപുരത്ത് താമസിക്കുന്ന തൃശ്ശൂര്‍ സ്വദേശികളായ രാജേഷ്, മകന്‍ ഋത്വിക് എന്നിവരാണ് മരിച്ചത്.
ഇവര്‍ക്കൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന രാജേഷിന്റെ ഭാര്യ സുചിതയെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുചിതയുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം. അലുമിനിയം ഫാബ്രിക്കേഷന്‍ കമ്പനിയിലെ സെയ്ല്‍സ് എക്‌സിക്യൂട്ടീവ് ആണ് രാജേഷ്. കിളിമാനൂരിലുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
ഇന്‍ഫോസിസിന് സമീപം ചിത്തിര നഗര്‍ ബസ് സ്റ്റോപ്പില്‍ യാത്രക്കാരെ കയറ്റാനായി ബസ് നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ഈ സമയത്ത് അമിത വേഗത്തില്‍ വന്ന സ്‌കൂട്ടര്‍ ബസിന് പിന്നിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അപകടം നടന്നയുടന്‍ മൂന്ന് പേരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രാജേഷും മകനും മരിക്കുകയായിരുന്നു.