ഡീസലിന് 18.92ഉം പെട്രോളിന് 12.80 രൂപയും കുറവ്; ഫുൾ ടാങ്കടിക്കാൻ കേരള വാഹനങ്ങളുടെ പ്രവാഹം
വടകര: കേന്ദ്രസര്‍ക്കാറിന് പിന്നാലെ പുതുച്ചേരിയിലും നികുതി കുറച്ചതോടെ സംസ്ഥാന അതിർത്തി പങ്കിടുന്ന മാഹി, പള്ളൂർ, പന്തക്കൽ എന്നിവിടങ്ങളിലേക്ക് ഇന്ധനം നിറക്കാൻ വാഹനങ്ങളുടെ നീണ്ട നിര. കോഴിക്കോട്, കണ്ണൂർ ജില്ലകളുമായി അതിർത്തി പങ്കിടുന്ന പ്രദേശത്തെ പെട്രോൾ പമ്പുകളിൽ വാഹനങ്ങളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
വാഹനങ്ങൾ കൂട്ടത്തോടെ എത്തുന്നതിനാൽ അഭൂതപൂർവമായ തിരക്കിൽ ഇന്ധനം പെട്ടെന്ന് കാലിയാവുകയും ചെയ്യുന്നുണ്ട്. കണ്ണൂർ-കോഴിക്കോട് റൂട്ടിൽ സർവിസ് നടത്തുന്ന സ്വകാര്യ ബസുകൾക്ക് പുറമെ അനുമതിയില്ലാത്ത ബസുകളും മാഹിയിലേക്ക് ഇടവേളകളിൽ കുതിക്കുകയാണ്.