പ്രളയ ഫണ്ട് തട്ടിപ്പ്: മുസ് ലിം ലീഗ് അഴിമതിക്കാരെ സംരക്ഷിക്കുകയാണെന്ന് സി. മമ്മി
കൽപറ്റ: മുസ് ലിം ലീഗ് നേതാക്കൾക്ക് പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിച്ചെന്ന ആരോപണം ആവർത്തിച്ച് വയനാട് ജില്ലാ കമ്മിറ്റി മുൻ അംഗം സി. മമ്മി. താൻ ഉന്നയിച്ച ആരോപണങ്ങളെ ശരിവെക്കുന്നതാണ് സസ്പെൻഷൻ. തെറ്റ് ചൂണ്ടിക്കാട്ടിയവരെ പുറത്താക്കി പാർട്ടി അഴിമതിക്കാരെ സംരക്ഷിക്കുകയാണെന്നും സി. മമ്മി പറഞ്ഞു.
പാർട്ടി നിലപാടിൽ ദുഃഖമുണ്ട്. വയനാട്ടിലെ ലീഗ് നേതാക്കൾ തട്ടിപ്പ് സംഘമായി മാറി. 60 ലക്ഷം രൂപ വരുന്ന ദുരിതാശ്വാസ ഫണ്ട് അർഹരായവർക്ക് ലഭിച്ചില്ലെന്നും സി. മമ്മി ചൂണ്ടിക്കാട്ടി.
പാർട്ടിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. മുസ് ലിം ലീഗ് പ്രസ്ഥാനം നിലനിൽകണമെന്നാണ് തന്‍റെ ആഗ്രഹം. തട്ടിപ്പ് ചൂണ്ടിക്കാട്ടി ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി തങ്ങൾക്കും ജില്ലാ കമ്മിറ്റിക്കുമാണ് താൻ കത്ത് നൽകിയതെന്നും സി. മമ്മി പറഞ്ഞു.
60 ലക്ഷം രൂപ വരുന്ന ദുരിതാശ്വാസ ഫണ്ടിൽ ജില്ലാ നേതാക്കൾ തട്ടിപ്പ് നടത്തിയെന്ന് ചൂണ്ടിക്കാട്ടി ലീഗ് സംസ്ഥാന അധ്യക്ഷനാണ് സി. മമ്മി കത്ത് നൽകിയത്. ഇതിന് പിന്നാലെ ഇന്നലെ ചേർന്ന വയനാട് ജില്ലാ കമ്മിറ്റി സി. മമ്മിയെ സസ്പെൻഡ് ചെയ്യാൻ സംസ്ഥാന കമ്മിറ്റിക്ക് ശിപാർശ ചെയ്തു. ലീഗ് സംസ്ഥാന കമ്മിറ്റി പിരിച്ചു നൽകിയ 40 ലക്ഷം രൂപയും ജില്ലാ കമ്മിറ്റി പിരിച്ച 20 ലക്ഷം രൂപയും അർഹരായവർക്ക് ലഭിച്ചില്ലെന്നാണ് ആരോപണം.