Featured Posts

Breaking News

കോവിഡ് മരണം: കേരളം ഇതുവരെ സാമ്പത്തിക സഹായം വിതരണം ചെയ്തിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍


ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കള്‍ക്കുള്ള 50,000 രൂപയുടെ സാമ്പത്തിക സഹായം കേരളം ഇതുവരെയും വിതരണം ചെയ്തിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. സാമ്പത്തിക സഹായത്തിന് സംസ്ഥാനത്ത് 6116 പേര് അപേക്ഷ നല്‍കിയിട്ടുണ്ട്. എന്നാല്‍ മരിച്ചവരുടെ അടുത്ത ബന്ധുക്കളെ സംബന്ധിച്ച് വ്യക്തത ഇല്ലാത്തതിനാല്‍ സാമ്പത്തിക സഹായം വിതരണം ചെയ്തിട്ടില്ലെന്ന് കേരളം അറിയിച്ചതായും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.

2021 നവംബര്‍ 26 വരെ കേരളത്തില്‍ 38737 കോവിഡ് മരണമാണ് ഉണ്ടായിട്ടുള്ളതെന്ന് സംസ്ഥാന അഡീഷണല്‍ ചീഫ് സെക്രട്ടറി കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് അയച്ച കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതില്‍ 6116 പേരുടെ ബന്ധുക്കളാണ് സാമ്പത്തിക സഹായത്തിന് സര്‍ക്കാര്‍ പോര്‍ട്ടലിലൂടെ അപേക്ഷ നല്‍കിയത്. നഷ്ടപരിഹാരത്തിന് അര്‍ഹതയുള്ള ബന്ധുക്കള്‍ ആരെന്നത് സംബന്ധിച്ച് വ്യക്തത വരുത്തിക്കൊണ്ട് പുതിയ ഉത്തരവ് ഇറക്കിയതായി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്.

വൈകാതെ സാമ്പത്തിക സഹായം വിതരണം ചെയ്തുതുടങ്ങുമെന്നും കേരളം അറിയിച്ചതായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ചെയ്ത സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഐസിഎംആര്‍ മാര്‍ഗരേഖ പ്രകാരം കോവിഡ് ബാധിച്ച് മരിച്ചവരുടെ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള നടപടി ആരംഭിച്ചതായും സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.

ഏറ്റവും കൂടുതല്‍ സാമ്പത്തിക സഹായം വിതരണം ചെയ്തത് ഡല്‍ഹി സര്‍ക്കാരാണ്. ലഭിച്ച 25358 അപേക്ഷകളില്‍ 19926 പേര്‍ക്കായി 99.63 കോടി രൂപയാണ് ഇതുവരെ ഡല്‍ഹി സര്‍ക്കാര്‍ സാമ്പത്തിക സഹായമായി നല്‍കിയത്. ഏറ്റവും അധികം കോവിഡ് മരണം ഉണ്ടായ മഹാരാഷ്ട്രയില്‍ ഇതുവരെ സാമ്പത്തിക സഹായം നല്‍കുന്നതിനുള്ള അപേക്ഷ സ്വീകരിച്ചുതുടങ്ങിയിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.

കോവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അരലക്ഷം രൂപ സാമ്പത്തിക സഹായം നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം സുപ്രീം കോടതി ശരിവെച്ചിരുന്നു. അപേക്ഷ ലഭിച്ച് ഒരു മാസത്തിനുള്ളില്‍ സാമ്പത്തിക സഹായം വിതരണം ചെയ്യുന്നതിനുള്ള തീരുമാനമെടുക്കണം എന്നായിരുന്നു നിർദേശം. വേണ്ടത്ര പ്രചാരം ലഭിക്കാത്തതിനാലാണ് സാമ്പത്തിക സഹായത്തിനായി കൂടുതല്‍ പേര്‍ സര്‍ക്കാരിനെ സമീപിക്കാത്തതെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.

No comments