Featured Posts

Breaking News

ഒമിക്രോണ്‍ 'ഉയര്‍ന്ന അപകടസാധ്യത'യുള്ളത്; ഗുരുതര പ്രത്യാഘാതമുണ്ടാക്കിയേക്കാമെന്ന് ലോകാരോഗ്യ സംഘടന


ജനീവ: കോവിഡ്-19 ന്റെ ഒമിക്രോണ്‍ വകഭേദം ആഗോളതലത്തില്‍ ഉയര്‍ന്ന അപകടസാധ്യതയുള്ളതാവാമെന്ന് ലോകാരോഗ്യ സംഘടന (WHO)യുടെ മുന്നറിയിപ്പ്. ഒമിക്രോണ്‍ വകഭേദം എത്രത്തോളം അപകടകരമാണെന്നതില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനിടെയാണ് ലോകാരോഗ്യ സംഘടന തിങ്കളാഴ്ച ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഒമിക്രോണ്‍ വകഭേദം പടര്‍ന്നുപിടിച്ചാല്‍ അതിന്റെ പ്രത്യാഘാതം അതീവഗുരുതരമായിരിക്കുമെന്നും ലോകാരോഗ്യ സംഘടന പുറത്തിറക്കിയ കുറിപ്പില്‍ പറഞ്ഞു. എന്നാല്‍ ഒമിക്രോണ്‍ വകഭേദവുമായി ബന്ധപ്പെട്ട് ഇതുവരെ ഒരുമരണവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും കുറിപ്പിലുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ദക്ഷിണാഫ്രിക്കയില്‍ കോവിഡിന്റെ പുതിയ വകഭേദമായ B.1.1 529 കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചത്. ഇതിന് ഒമിക്രോണ്‍ എന്ന് പേരും നല്‍കി.

അതേസമയം, ഒമിക്രോണിനെ സംബന്ധിച്ച പഠനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ആഴ്ചകള്‍ എടുക്കുമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ഒമിക്രോണിന്റെ തീവ്രത, വ്യാപനശേഷി തുടങ്ങിയ കാര്യങ്ങളില്‍ പഠനത്തിലൂടെ മാത്രമേ വ്യക്തത ലഭിക്കുകയുള്ളൂ. ഒമിക്രോണ്‍ വകഭേദം അപകടകാരിയാണെന്നതിന് ഇതുവരെ തെളിവ് ലഭിച്ചിട്ടില്ലെന്നും ലോകാരോഗ്യ സംഘടന നേരത്തെ പറഞ്ഞിരുന്നു.

ദക്ഷിണാഫ്രിക്കയില്‍ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചതോടെ ലോകരാജ്യങ്ങളെല്ലാം മുന്‍കരുതല്‍ സ്വീകരിച്ചിരുന്നു. പല രാജ്യങ്ങളും അന്താരാഷ്ട്ര വിമാന സര്‍വീസുകളടക്കം റദ്ദാക്കുകയും ചെയ്തു

No comments