Featured Posts

Breaking News

ജിഫ്രി തങ്ങൾക്ക്​ വധഭീഷണി; ചെമ്പരിക്ക ഖാസിയുടെ ഗതിയുണ്ടാവുമെന്ന് ഭീഷണി..


ഇ കെ വിഭാഗം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്‍റ്​ ജിഫ്രി മുത്തുക്കോയ തങ്ങളെ ഫോണിൽ വിളിച്ചും സമൂഹമാധ്യങ്ങളിലൂടെയും അപകീർത്തിപ്പെടുത്തുന്നത് നോക്കിനിൽക്കാനാവില്ലെന്ന് എസ്​.കെ.എസ്​.എസ്​.എഫ്. സാമുദായിക വിഷയങ്ങളിൽ സത്യസന്ധമായി ഇടപെടുന്നവർക്കെതിരെ വിദ്വേഷ പ്രചാരണവും ഭീഷണിയും ഉയർത്തുന്നത് സമുദായം തിരിച്ചറിയണമെന്നും എസ്​.കെ.എസ്​.എസ്​.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

സമസ്തയും കീഴ്ഘടകങ്ങളും ഓരോ വിഷയങ്ങളിലും ഒറ്റക്കെട്ടായി എടുക്കുന്ന നയപരിപാടികളും തീരുമാനങ്ങളും അനുസരിച്ചും അംഗീകിച്ചുമാണ് പ്രവർത്തകർ മുന്നോട്ട് പോവുന്നത്. അതിൽ അനാവശ്യ വിവാദമുണ്ടാക്കി സമൂഹ മാധ്യമങ്ങളെ ദുരുപയോഗം ചെയ്ത് സംഘർഷാവസ്ഥ സൃഷ്ടിക്കാനുള്ള നീക്കം വിലപ്പോവില്ലെന്നും യോഗം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസം പെരിന്തൽമണ്ണയിൽ ഒരു പരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു തനിക്ക്​ വധഭീഷണി ഉണ്ടെന്ന്​ ജിഫ്രി തങ്ങളുടെ വെളിപ്പെടുത്തൽ. ചെമ്പരിക്ക ഖാസിയുടെ ഗതിയുണ്ടാവുമെന്നായിരുന്നു ഭീഷണി. ചെമ്പരിക്ക ഖാസിയായിരുന്ന സി.എം അബ്ദുല്ല മൗലവിയെ ദുരൂഹസാഹചര്യത്തിൽ കടപ്പുറത്ത്​ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.

അതേസമയം, ജിഫ്രി തങ്ങൾക്കെതിരായ ഭീഷണിക്ക് പിന്നിൽ ലീഗാണെന്ന് ഡി.വൈ.എഫ്‌.ഐ ആരോപിച്ചു. തങ്ങൾക്ക് ആവശ്യമെങ്കിൽ പൊലീസ് സുരക്ഷ ഏർപ്പാടാക്കുമെന്ന് മന്ത്രി വി. അബ്ദുറഹ്‌മാനും വ്യക്തമാക്കിയിരുന്നു.

തങ്ങളുടെ വെളിപ്പെടുത്തൽ ഗൗരവതരമെന്ന് ഡി.വൈ.എഫ്.ഐ പ്രസ്താവിച്ചു. മുത്തുക്കോയ തങ്ങൾക്ക് എതിരെയുള്ള വധഭീഷണിക്ക് പിന്നില്‍ മുസ്​ലിംലീഗാണെന്നും രാഷ്ട്രീയ വിഷയങ്ങൾക്ക് അപ്പുറത്ത് മതരാഷ്ട്രത്തിനായി പ്രവർത്തിക്കുന്നവർ ലീഗിൽ കൂടിവരുന്നുണ്ടെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് പറഞ്ഞു.

ലീഗ് നേതൃത്വത്തിന്‍റെ അറിവോടെയാണ് വധഭീഷണി. വധഭീഷണിയെ ഡി.വൈ.എഫ്.ഐ അപലപിക്കുന്നു. ലീഗ് നടത്തുന്ന വർഗീയ നീക്കം കേരളം ജാഗ്രതയോടെ കാണണമെന്നും സനോജ്​ കൂട്ടിച്ചേര്‍ത്തു.

ഇ കെ വിഭാഗം സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്കെതിരെയുള്ള വധഭീഷണി അത്യധികം ഭീരുത്വം നിറഞ്ഞതാണെന്ന് തുറമുഖം മന്ത്രി അഹമ്മദ് ദേവര്‍കോവില്‍.

അന്യായമായി കൈയടക്കിയ വഖഫ് ഭൂമികള്‍ തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങിയപ്പോള്‍ മതവിഭജനം നടത്തി സര്‍ക്കാറിനെ പ്രതിരോധത്തിലാക്കാനുള്ള ലീഗിന്റെ സൃഗാലബുദ്ധിയെ പണ്ഡിതോചിതമായി പരിപക്വതയോടെ കൈകാര്യം ചെയ്തതാണ് പ്രകോപനങ്ങളുടെ മൂലകാരണമെന്നത് നിസ്തര്‍ക്കമാണ്.

പ്രലോഭിപ്പിച്ചും പ്രീണിപ്പിച്ചും അതിന് വശംവദരാകാത്തവരെ ഭീഷണിപ്പെടുത്തിയും കൊലവിളി നടത്തിയും പിന്തിരിപ്പിക്കുക എന്നത് എല്ലാ വര്‍ഗീയ വാദികളുടെയും പൊതു നിലപാടാണ്. ഇതിനെ ശക്തമായി അപലപിക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.

No comments