Featured Posts

Breaking News

രഞ്ജിത്ത് വധക്കേസില്‍ മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ പിടിയില്‍; കൃത്യത്തില്‍ പങ്കെടുത്തവരെന്ന് സൂചന..


ആലപ്പുഴ: ആര്‍എസ്എസ് നേതാവ് രഞ്ജിത്ത് ശ്രീനിവാസിന്റെ കൊലപാതകത്തില്‍ മൂന്ന് പേര്‍ പോലീസിന്റെ കസ്റ്റഡിയില്‍. എസ്ഡിപിഐ പ്രവര്‍ത്തകരായ ഇവരില്‍ രണ്ടുപേര്‍ നേരിട്ട് കൃത്യത്തില്‍ പങ്കെടുത്തവരാണെന്നാണ് പോലീസ് വൃത്തങ്ങള്‍ അറിയിക്കുന്നത്. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. ഇക്കാര്യത്തില്‍ പോലീസ് ഔദ്യോഗികമായ സ്ഥിരീകരണം നല്‍കിയിട്ടില്ല.

കഴിഞ്ഞ ദിവസങ്ങളിലായിട്ടാണ് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തത്. ഒരാളെ ബെംഗളൂരുവില്‍ വെച്ചാണ് കസ്റ്റഡിയിലെടുത്തത് എന്നാണ്‌ പോലീസില്‍ നിന്ന് ലഭിക്കുന്ന വിവരം. അനൂപ്, അഷ്‌റഫ് എന്നിങ്ങനെ പേരുള്ള കൃത്യത്തില്‍ പങ്കെടുത്ത രണ്ടുപേരുടെ അറസ്റ്റാകും ഇന്ന് രേഖപ്പെടുത്തുക.

കൊലപാതകത്തില്‍ നേരിട്ട് 12 പേരാണ് പങ്കെടുത്തത് എന്നാണ് നിഗമനം. പിടിയിലായവരില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ വഴി മറ്റുള്ള പ്രതികളെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്.

രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസില്‍ ചില പ്രതികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസിനെ ബാധിക്കുമെന്നതിനാല്‍ വിശദാംശം ഇപ്പോള്‍ പുറത്തുവിടാനാകില്ലെന്ന് ആലപ്പുഴ എസ്പി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഇതിനിടെ എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ കൊലപ്പെടുത്തിയ കേസില്‍ ആര്‍.എസ്.എസ്. ആലുവ ജില്ലാ പ്രചാരകിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. മലപ്പുറം പൊന്നാനി കാലടി പഞ്ചായത്ത് 13-ാം വാര്‍ഡ് കുറുങ്ങാടത്ത് വളപ്പില്‍വീട്ടില്‍ കെ.വി. അനീഷിനെയാണ് (39) ആലപ്പുഴ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി. കെ.വി. ബെന്നിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

കേസിലെ പ്രതിയായ മുരുകേശനെ ഒളിവില്‍ താമസിക്കാന്‍ അനീഷ് സഹായിച്ചെന്ന് പോലീസ് പറയുകയുണ്ടായി.

ആലുവയില്‍നിന്നാണ് ഇയാളെ പിടികൂടിയത്. ഇതോടെ ഷാന്‍ വധക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 15 ആയിട്ടുണ്ട്. ഷാനിന്റെ കൊലപാതകത്തില്‍ ഗൂഢാലോചനയിലടക്കം ആര്‍.എസ്.എസ്. നേതാക്കളുടെ പങ്ക് അന്വേഷിക്കുമെന്നു ജില്ലാ പോലീസ് മേധാവി ജി. ജയ്‌ദേവ് നേരത്തേ വെളിപ്പെടുത്തിയിരുന്നു.

No comments