രാജ്യത്ത് കോവിഡ് കേസുകളിൽ വർധനവ്; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 9419 പേർക്ക്
ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് കേസുകളിൽ വർധനവ് രേഖപ്പെടുത്തി. 9,419 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തേക്കാൾ 11.6 ശതമാനം വർധനവാണിത്. 159 പേർ മരിക്കുകയും ചെയ്തു. രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3,46,66,241 ആയി.
ഇന്നലെ ഏറ്റവും കൂടുതൽ രോഗികൾ റിപ്പോർട്ട് ചെയ്ത കേരളത്തിൽ 5038 പേർക്കാണ് രോഗബാധ. മഹാരാഷ്ട്ര 893, തമിഴ്നാട് 703, പശ്ചിമ ബംഗാൾ 574, കർണാടക 399 എന്നിങ്ങനെയാണ് കൂടുതൽ രോഗികൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനങ്ങൾ.
159 പേർ കൂടി മരിച്ചതോടെ രാജ്യത്തെ ആകെ മരണം 4,74,111 ആയി. നിലവിൽ 94,742 പേരാണ് രോഗബാധിതരായി ചികിത്സയിൽ തുടരുന്നത്. 130 കോടിയിലേറെ ഡോസ് വാക്സിൻ വിതരണം ചെയ്തു.