Featured Posts

Breaking News

ചിരസ്മരണയായി ബിപിന്‍‌ റാവത്തും ഭാര്യയും: ചിതകൊളുത്തിയത് പെണ്‍മക്കള്‍; ശിരസ്സുനമിച്ച് രാജ്യം




ന്യൂഡല്‍ഹി: സംയുക്ത സേനാമേധാവി ബിപിന്‍ റാവത്തിന് കണ്ണീരോടെ വിടനല്‍കി രാജ്യം. സൈനിക ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച ബിപിന്‍ റാവത്തിന്റേയും ഭാര്യ മധുലിക റാവത്തിന്റേയും ഭൗതിക ശരീരങ്ങള്‍ ഡല്‍ഹി കന്റോണ്‍മെന്റിലെ ബ്രാര്‍ സ്‌ക്വയറില്‍ പൂര്‍ണ സൈനിക ബഹുമതികളോടെ സംസ്‌കരിച്ചു. മകള്‍ ഇരുവരുടെയും ചിതയ്ക്ക് തീകൊളുത്തി. 17 ഗണ്‍ സല്യൂട്ട് നല്‍കിയാണ് സൈന്യം രാജ്യത്തിന്‍റെ വീരപുത്രന് വിടനല്‍കിയത്.

കാമരാജ് മാര്‍ഗിലെ ഔദ്യോഗിക വസതിയിലെ പൊതുദര്‍ശനത്തിന് ശേഷമാണ് വിലാപയാത്ര ആരംഭിച്ചത്. 'അമര്‍ രഹേ' വിളികളുമായി വന്‍ ജനക്കൂട്ടമാണ് സൈനിക മേധാവിയുടെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വാഹനത്തെ അനുഗമിച്ചത്. ആയിരക്കണക്കിന് ജനങ്ങളാണ് വിലാപയാത്ര പോകുന്ന വഴിയില്‍ സൈനിക മേധാവിക്ക് അന്തിമോപചാരം അര്‍പ്പിക്കാനായി കാത്തുനിന്നത്.

ബിപിന്‍ റാവത്ത് തന്റെ കര്‍മമണ്ഡലത്തില്‍ ഏറിയ പങ്കും ചെലവഴിച്ച സ്ഥലമാണ് ഡല്‍ഹി. തെരുവീഥികളിലൂടെ സൈനിക മേധാവിയുടെ ചേതനയറ്റ ശരീരം കടന്നുപോകുന്നത് താങ്ങാനാവാതെ പലരും വിങ്ങിപ്പൊട്ടി. ത്രിവര്‍ണ പതാക വീശിയുള്ള 'ജയ് ഹിന്ദ്,' 'അമര്‍ രഹേ' വിളികളാല്‍ മുഖരിതമായിരുന്നു വഴികള്‍. വാഹനത്തിനൊപ്പം ആള്‍ക്കൂട്ടം ഓടുകയായിരുന്നു.

ഇന്ന് രാവിലെ മുതലാണ് ബിപിന്‍ റാവത്തിന്റേയും ഭാര്യയുടേയും മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെ പൊതുദര്‍ശനം പൂര്‍ത്തിയാക്കാനാണ് നിശ്ചയിച്ചിരുന്നതെങ്കിലും ആളുകളുടെ തിരക്ക് കൂടിയതോടെ പൊതുദര്‍ശനം നീണ്ടുപോയി. 



നാല് മണിയോടെ ഡല്‍ഹി കന്റോണ്‍മെന്റിലെ ബ്രാര്‍ സ്‌ക്വയറിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. ആദരസൂചകമായി സൈന്യം പതിനേഴ് ഗണ്‍ സല്യൂട്ടുകള്‍ നല്‍കും. സൈന്യത്തിന്റെ ആദരവിന് ശേഷം മതപരമായ ചടങ്ങുകളും നടത്തി സംസ്‌കാരം പൂര്‍ത്തിയാക്കും. ഇന്ന് രാവിലെ ബ്രാര്‍ സ്‌ക്വയറില്‍ ബ്രിഗേഡിയർ ലഖ്‌വീന്ദര്‍ സിങ്ങ് ലിഡ്ഡെറുടെ സംസ്‌കാര ചടങ്ങുകള്‍ നടന്നു.

രാവിലെ മുതല്‍ സൈനിക മേധാവിക്കും ഭാര്യയ്ക്കും അന്തിമോപചാരമര്‍പ്പിക്കാനായി രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ നൂറുകണക്കിന് പ്രമുഖര്‍ കാമരാജ് മാര്‍ഗിലെ ഔദ്യോഗിക വസതിയിലെത്തിയിരുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സ്ഥാനപതികള്‍, സംസ്ഥാന ഗവര്‍ണര്‍മാര്‍, ലഫ്. ഗവര്‍ണര്‍മാര്‍, കേന്ദ്രമന്ത്രിമാര്‍, മുഖ്യമന്ത്രിമാര്‍, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവര്‍ വീട്ടിലെത്തി അന്തിമോപചാരമര്‍പ്പിച്ചു.

ഡിസംബര്‍ എട്ടിനാണ് വ്യോമസേനയുടെ M17V5 ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് ബിപിന്‍ റാവത്തുള്‍പ്പെടെ 13 പേര്‍ മരിച്ചത്. സുലൂരില്‍ നിന്ന് വെല്ലിംഗ്ടണിലേക്ക് പോകവെയായിരുന്നു അപകടം.

ജനറല്‍ ബിപിന്‍ റാവത്ത്, ഭാര്യ ഡോ. മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍.എസ്. ലിഡ്ഡര്‍, ലഫ് കേണല്‍ ഹര്‍ജീന്ദര്‍ സിങ്, നായക് ഗുരു സേവക് സിങ്, നായക് ജിതേന്ദ്രകുമാര്‍, ലാന്‍സ് നായക് വിവേക് കുമാര്‍, ലാന്‍സ് നായക് ബി. സായി തേജ, ഹവില്‍ദാര്‍ സത്പാല്‍, ജൂനിയര്‍ വാറന്റ് ഓഫീസറും സൂലൂരിലെ ഫ്ലൈറ്റ് എന്‍ജിനിയറുമായ തൃശ്ശൂര്‍ പുത്തൂര്‍ സ്വദേശി പ്രദീപ്, ജൂനിയര്‍ വാറന്റ് ഓഫീസര്‍ ദാസ്, പൈലറ്റ് വിങ് കമാന്‍ഡര്‍ ചൗഹാന്‍, സ്‌ക്വാഡ്രണ്‍ ലീഡര്‍ കുല്‍ദീപ് സിങ് എന്നിവരാണ് അപകടത്തില്‍ മരിച്ചത്.


No comments