മുമ്പ് പല കള്ളൻമാരും ഖുർആൻ തോന്നുംപടി വ്യാഖ്യാനിച്ചിട്ടുണ്ട്: ഹിന്ദുക്കളെ വേദക്കാരായി പരിഗണിച്ച് മുസ്ലിംകൾക്ക് കല്യാണം കഴിക്കാമെന്ന ടി.കെ ഹംസയുടെ പ്രസ്താവനക്കെതിരെ ജിഫ്രി തങ്ങൾ
അർഹരല്ലാത്തവർ വിശുദ്ധ ഖുർആനെ വ്യാഖ്യാനിക്കുന്നത് വലിയ അപകടം ചെയ്യുമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻറ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. വടക്കെ കൊവ്വലിൽ സംഘടിപ്പിച്ച ഇ.കെ. അബൂബക്കർ മുസ്‌ലിയാർ അനുസ്മരണ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദുക്കളെ വേദക്കാരായി പരിഗണിക്കാമെന്നും അവരെ വിവാഹം ചെയ്യുന്നത് ഇസ്‌ലാം അനുവദിക്കുന്നുണ്ടെന്നും വഖഫ് ബോർഡ് ചെയർമാനും സി.പി.എം നേതാവുമായ ടി.കെ ഹംസ കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയിരുന്നു.
ഇതിനെതിരെയാണ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ പ്രസ്താവന. 'പലർക്കും ഖുർആൻ വ്യാഖ്യാനിക്കാൻ തോന്നും. ഇത് അപകടത്തിലേക്കാവും എത്തുക. ഓരോ മേഖലയിലും പ്രവർത്തിക്കുന്നവർ അവരുടെ പണിയാണ് ചെയ്യേണ്ടത്. അല്ലാതെ ഖുർആൻ ദുർവ്യാഖ്യാനം ചെയ്യാൻ വരരുത്. ഖുർആൻ ആർക്കെങ്കിലും വ്യാഖ്യാനിക്കാനുള്ളതല്ല' -അദ്ദേഹം പറഞ്ഞു. പരിഭാഷ നോക്കി വ്യാഖ്യാനിക്കപ്പെടേണ്ടതല്ല ഖുർആൻ.
അങ്ങനെ വ്യാഖാനിക്കപ്പെട്ടാൽ അവ തള്ളപ്പെടണം. പലരും ഇപ്പോൾ അങ്ങനെ വ്യാഖ്യാനിക്കാൻ തുടങ്ങിയിട്ടുണ്ട്. ജിഫ്രി തങ്ങൾ പറഞ്ഞു. മുമ്പ് പല കള്ളന്മാരും ഖുർആൻ വ്യാഖ്യാനിക്കാറുണ്ടായിരുന്നു. അതിനെ തുടർന്ന് വ്യാഖ്യാന ഗ്രന്ഥങ്ങൾ അനുസരിച്ച് ഖുർആൻ വിശകലനം ചെയ്യപ്പെടണമെന്നതും അതിന് കഴിവുള്ളവരുണ്ടാകണമെന്നതും ഇ. കെ അബൂബക്കർ മുസ്‌ലിയാരുടെ അന്ത്യാഭിലാഷമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ടി.കെ ഹംസ ഖുർആൻ ദുർവ്യാഖ്യാനം ചെയ്‌തെന്ന വിമർശവുമായി സമസ്ത നേതാവ് ബഹാവുദ്ദീൻ നദ്‌വി 'സുപ്രഭാതം' ദിനപത്രത്തിൽ ലേഖനമെഴുതിയിരുന്നു. മിശ്രവിവാഹത്തെ ന്യായീകരിക്കാനാണ് ഹംസ ഖുർആൻ ദുർവ്യാഖ്യാനം നടത്തിയതെന്നും നദ്‌വി പറഞ്ഞിരുന്നു. മതനിരാസവും നിരീശ്വരവാദവും അടിച്ചേൽപിക്കാൻ രാഷ്ട്രീയ പരിസരങ്ങളിൽ ശ്രമം നടക്കുന്നതായും ലേഖനത്തിൽ വിമർശിച്ചു.
മിശ്ര വിവാഹം നിഷിദ്ധമാണെന്നാണ് ഇസ്‌ലാമിക കാഴ്ചപ്പാടെന്ന് നദ്‌വി പറഞ്ഞു. ജൂത, ക്രൈസ്തവ മതക്കാരെ വിവാഹം കഴിക്കാൻ അനുമതിയുണ്ടെങ്കിലും കൃത്യമായ വ്യവസ്ഥകളുണ്ട്. മതകാര്യങ്ങളിൽ പ്രാമാണികമായി അറിവില്ലാത്തവർ ഇടപെട്ട് അനാവശ്യ അഭിപ്രായപ്രകടനം നടത്തുന്നത് ഒഴിവാക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.
വഖഫ് ബോർഡ് ചെയർമാൻ ടി.കെ ഹംസ ഇസ്‌ലാമുമായി ബന്ധമില്ലാത്ത ചില വിവാഹങ്ങളെ ഖുർആനുമായും ഇസ്‌ലാമിക ചരിത്രവുമായും ബന്ധപ്പെടുത്തുന്നത് മതകാര്യത്തിലുള്ള അദ്ദേഹത്തിന്‍റെ അജ്ഞത വെളിപ്പെടുത്തുന്നതാണ്. ഇസ്‌ലാമിക വിശ്വാസികൾക്ക് വിവാഹത്തിന് മതത്തിൽ വ്യക്തമായ നിയമങ്ങളുണ്ട്. എന്നാൽ മതത്തെ മാറ്റി നിർത്തി വ്യക്തിസ്വാതന്ത്ര്യത്തിന്‍റെ അടിസ്ഥാനത്തിൽ ആർക്കും വിവാഹം നടത്താം.
എന്നാൽ അതിനെ ഇസ്‌ലാമുമായി ബന്ധപ്പെടുത്തി തെറ്റിദ്ധാരണ ഉണ്ടാക്കരുതെന്നും യോഗം അഭിപ്രായപ്പെട്ടു. വഖഫ് നിയമനം പി.എസ്.സിക്ക് വിടുന്നതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ ഭരണപക്ഷവും മുസ്ലിം സംഘടനകളും തമ്മിൽ കടുത്ത അഭിപ്രായ ഭിന്നതകൾ നിലനിൽക്കെയാണ് പുതിയ പരാമർശങ്ങൾ.