Featured Posts

Breaking News

ഇടപെടാൻ ചാൻസലർക്ക് അധികാരമില്ലെന്ന് കലാമണ്ഡലം വി.സി; ഗവർണറെ മറികടന്ന് എം.ജിയും


ഒട്ടേറെ സംഭവങ്ങളുടെ ഒടുവിലത്തെ പൊട്ടിത്തെറിയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സർക്കാരിന് നൽകിയ കത്ത്. അസാധാരണമായ ആനടപടിയിലേക്ക്‌ നയിച്ച കാരണങ്ങളെന്തൊക്കെയാവാം.

കലാമണ്ഡലത്തിലെ കളികൾ

സംസ്ഥാനത്തിന്റെ തലവനായും സർവകലാശാലകളുടെ അധിപനായും ഭരണഘടന ചുമതലപ്പെടുത്തിയത് ഗവർണറെയാണ്. ആ ഗവർണറോട് കല്പിത സർവകലാശാലയായ കലാമണ്ഡലത്തിലെ വൈസ് ചാൻസലർ അറിയിച്ചത്, ‘ഈ സർവകലാശാലയിൽ ഇടപെടാൻ ചാൻസലർക്ക് അധികാരമില്ല’ എന്നായിരുന്നു. ആരിഫ് മുഹമ്മദ് ഖാനെ ചൊടിപ്പിച്ച ഒരു സംഭവം ഇതാണ്.

കലാമണ്ഡലത്തിലെ പി.ആർ.ഒ.യെ സസ്പെൻഡ്‌ ചെയ്തു. അമേരിക്കയിൽനടന്ന പരിപാടിയുടെ മുഴുവൻ പണവും സർവകലാശാലയ്ക്ക് കിട്ടാതിരുന്നതിലുള്ള വീഴ്ച ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. സാങ്കേതികാനുമതിയുടെ പേരിലാണ് മുഴുവൻ പണവും കിട്ടാതിരുന്നത്. ഇക്കാര്യം വിശദീകരിച്ചിട്ടും കുറ്റം ചുമത്തപ്പെട്ടതോടെ നഷ്ടമായ തുക മുഴുവൻ പി.ആർ.ഒ. സർവകലാശാലയ്ക്ക് നൽകി. ഇത് വീഴ്ചയ്ക്കുള്ള പരിഹാരമല്ലെന്ന് ചൂണ്ടിക്കാട്ടി സസ്പെൻഷൻ നടപടി സ്വീകരിച്ചു. ­പി.ആർ.ഒ. ചാൻസലറായ ഗവർണർക്ക് അപ്പീൽ നൽകി. ഗവർണർ സർവകലാശാലയോട് വിശദീകരണം തേടി. ഒടുവിൽ ഹിയറിങ്ങും നടത്തി. ഈ ഹിയറിങ്ങിലാണ് കലാമണ്ഡലം കല്പിതസർവകലാശാലയിൽ ഇടപെടാൻ ചാൻസലറായ ഗവർണർക്ക് അധികാരമില്ലെന്ന് അറിയിച്ചത്. തന്റെ അധികാരം അറിഞ്ഞിട്ടാവാം തുടർനടപടിയെന്ന് വിശദീകരിച്ച് ഗവർണർ ഹിയറിങ് നിർത്തിവെച്ചു.

കലാമണ്ഡലത്തിൽ ചാൻസലർക്ക് അധികാരമുണ്ടോയെന്ന് സർക്കാരിനോട് ചോദിച്ചു. ഒരു വർഷത്തോളം കഴിഞ്ഞാണ് അതിന് മറുപടി കിട്ടിയത്. കലാമണ്ഡലത്തിലും ചാൻസലർക്കുതന്നെയാണ് അധികാരമെന്ന് സർക്കാർ ആ കത്തിൽ വ്യക്തമാക്കി. ഇതിനുശേഷം, പി.ആർ.ഒ.യുടെ ഹർജി വീണ്ടും പരിഗണിച്ചു. സസ്പെൻഡ്‌ചെയ്യാൻ കാരണമായ സംഭവത്തിൽ പി.ആർ.ഒ.യ്ക്ക് വീഴ്ചയുണ്ടായിട്ടില്ലെന്നായിരുന്നു ഗവർണറുടെ തീർപ്പ്. സസ്പെൻഷൻ പിൻവലിക്കാൻ അദ്ദേഹം ഉത്തരവിട്ടു. എന്നാൽ, ഇത് നടപ്പാക്കാൻ വൈസ് ചാൻസലർ തയ്യാറായില്ല. ഗവർണർക്കെതിരേ വൈസ് ചാൻസലർ ഹൈക്കോടതിയെ സമീപിച്ചു. ചാൻസലറുടെ തീരുമാനത്തിനെതിരേ വൈസ് ചാൻസലർ കോടതിയെ സമീപിക്കുകയെന്നത്, സർവകലാശാലയുടെ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത ഒരു സംഭവമാണ്‌. തന്നെ അപമാനിക്കുന്നതിന് തുല്യമായ സമീപനമാണിതെന്ന് ചൂണ്ടിക്കാട്ടി ഗവർണർ ചീഫ് സെക്രട്ടറിക്ക് കത്തെഴുതി. വൈസ് ചാൻസലർക്കെതിരേ നടപടിയെടുക്കണമെന്നായിരുന്നു ആവശ്യപ്പെട്ടത്. ഇതിലും തീരുമാനമെടുക്കാൻ മാസങ്ങൾ വൈകി. ഒടുവിൽ കേസ് പിൻവലിക്കാനും ഗവർണറുടെ ഉത്തരവ് നടപ്പാക്കാനും സർക്കാർ വൈസ് ചാൻസലറോട് ആവശ്യപ്പെട്ടു. ഒന്നും നടന്നില്ല. ഇതോടെയാണ് ഇനി ചാൻസലർപദവി മുഖ്യമന്ത്രിതന്നെ ഏറ്റെടുത്തോളൂ എന്ന ഒടുവിലത്തെ നിർദേശമടങ്ങിയ കത്തിലേക്ക് ഗവർണറെ എത്തിച്ചത്.

നേതാക്കളുടെ ഭാര്യമാർക്ക് നിയമനം

സി.പി.എം. നേതാക്കളുടെ ഭാര്യമാർക്ക് സർവകലാശാലാ നിയമങ്ങളിൽ പരിഗണന ലഭിക്കുന്നതാണ് ആക്ഷേപത്തിനിടയാക്കിയ മറ്റൊരു കാര്യം. ഇത് പ്രത്യക്ഷമായി ഗവർണറുടെ കത്തിൽ പറയുന്നില്ലെങ്കിലും നിയമനങ്ങളിലെ രാഷ്ട്രീയ ഇടപെടലിന് കൂട്ടുനിൽക്കേണ്ടിവരുന്നതിലെ ‘കുറ്റബോധം’ അദ്ദേഹത്തിന്റെ കത്തിലെ വാക്കുകളിലുണ്ട്.

സി.പി.എം. സംസ്ഥാനസമിതി അംഗവും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ കെ.കെ. രാഗേഷിന്റെ ഭാര്യക്ക്‌ കണ്ണൂർ സർവകലാശാലയിൽ നിയമനം ലഭിക്കുന്നതിന് സഹായം ലഭിച്ചെന്നതാണ് ഒടുവിലത്തെ ആക്ഷേപം. എട്ടുവർഷത്തെ അധ്യാപനപരിചയമാണ് യു.ജി.സി. നിഷ്കർഷിക്കുന്ന യോഗ്യത. സേവനകാലം അതിലേറെയുണ്ടെങ്കിലും അധ്യാപനപരിചയം യു.ജി.സി. നിഷ്കർഷിക്കുന്ന വിധത്തിലില്ലെന്നതാണ് പരാതി. അസോസിയേറ്റ് പ്രൊഫസറായി നിയമിക്കാനുള്ള റാങ്കുപട്ടികയിൽ ഇവരെ ഉൾപ്പെടുത്തിയെന്നാണ് ആക്ഷേപം.

എ.എൻ. ഷംസീറിന്റെ ഭാര്യയെ കണ്ണൂർ സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസറായി നിയമിച്ചതാണ് മറ്റൊന്ന്. ഇവർക്ക് നിയമനംനൽകാനുള്ള ആദ്യനീക്കം ഹൈക്കോടതി ഇടപെട്ട് റദ്ദാക്കിയതാണ്. പക്ഷേ, രണ്ടാംതവണ മറ്റൊരു രീതിയിൽ അവർക്ക് നിയമനം നൽകി.

സ്പീക്കർ എം.ബി. രാജേഷിന്റെ ഭാര്യയെ കാലടി സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസറായി നിയമിച്ചതിൽ വഴിവിട്ട നീക്കം നടന്നുവെന്നതാണ് മറ്റൊരു ആക്ഷേപം. റാങ്ക്പട്ടിക തലകീഴായി മറിഞ്ഞുവെന്നാണ് സെലക്‌ഷൻ കമ്മിറ്റിയിലുള്ളവർപോലും ഇതിൽ ഉന്നയിച്ച ആക്ഷേപം.

മുൻ എം.പി. പി.കെ. ബിജുവിന്റെ ഭാര്യയെ കേരള സർവകലാശാലയിൽ നിയമിച്ചതിലും സമാന പരാതി ഉണ്ടായിരുന്നതാണ്. സംവരണ സീറ്റിൽ നിയമനം കിട്ടാതെ വന്നപ്പോൾ, പൊതുവിഭാഗത്തിൽ ഉൾപ്പെടുത്തി നിയമനം നൽകാനുള്ള ഇടപെടലായിരുന്നു നടന്നതെന്നാണ് ആക്ഷേപമായി ഉയർന്നത്.

മന്ത്രി പി. രാജീവിന്റെ ഭാര്യക്ക്‌ കൊച്ചി ശാസ്ത്ര-സാങ്കേതിക സർവകലാശാലയിൽ ജോലി ലഭിച്ചതിലും ആക്ഷേപം ഉയർന്നിരുന്നു.

ഇപ്പോൾ വി.സി.യാണ് രാഷ്ട്രീയായുധം

ഒരു സർവകലാശാലയിൽ വൈസ് ചാൻസലറെ നിയമിക്കുന്നതിന് ഇത്രയേറെ വിവാദങ്ങളുണ്ടാകണോ എന്നത് സ്വാഭാവികമായി ഉയരുന്ന ചോദ്യമാണ്. മുൻകാലത്തൊന്നും ഇത്തരത്തിൽ വ്യാപകമായ വിവാദങ്ങൾ ഇതുസംബന്ധിച്ച്‌ ഉണ്ടായിട്ടില്ല.

രാഷ്ട്രീയമായി പക്ഷംപിടിക്കുന്നവരെ വൈസ് ചാൻസലറാക്കുന്നതിൽ യു.ഡി.എഫ്. കാലത്ത് വിമർശനങ്ങളുണ്ടായിരുന്നു. ആ വിമർശനം ഉയർത്തിയവരിൽ സി.പി.എം. നേതാക്കൾ പ്രധാനികളുമായിരുന്നു. സർവകലാശാലാ അധ്യാപകനിയമനങ്ങളിൽ യു.ജി.സി. വരുത്തിയ മാറ്റമാണ് ഇപ്പോൾ രാഷ്ട്രീയ ഇടപെടലിന്റെ തോത്‌ ഉയരാൻ കാരണം; പ്രത്യേകിച്ച്, വൈസ് ചാൻസലർ നിയമനത്തിൽ.

വിഷയവിദഗ്ധർ, വൈസ് ചാൻസലറുടെ പ്രതിനിധി, രണ്ട് സിൻഡിക്കേറ്റ് അംഗങ്ങൾ എന്നിവരടങ്ങുന്ന സമിതിയാണ് നേരത്തേ സർവകലാശാലാ അധ്യാപകനിയമങ്ങളിൽ തീരുമാനമെടുത്തിരുന്നത്. സിൻഡിക്കേറ്റ് അംഗങ്ങളുടെ നിലപാടുകൾ ഇതിൽ പ്രധാനമായിരുന്നു. അതിനാൽ, രാഷ്ട്രീയ ‘അക്കമഡേഷൻ’ ഒരുക്കുന്നതിന് സിൻഡിക്കേറ്റ് പദവി മതിയാകും. ഈ രീതി യു.ജി.സി. മാറ്റി.

വൈസ് ചാൻസലർ, വിഷയവിദഗ്ധർ, അതതുവിഷയത്തിൽ സർവകലാശാലാ ഡീൻ എന്നിവരാണ് ഇപ്പോൾ സമിതി അംഗങ്ങൾ. ഡീൻ തയ്യാറാക്കുന്ന പാനലിൽനിന്ന് വൈസ് ചാൻസലറാണ് വിഷയവിദഗ്ധരെ നിശ്ചയിക്കുന്നത്. ഫലത്തിൽ അധ്യാപകനിയമനത്തിൽ വൈസ് ചാൻസലറുടെ നിലപാട് നിർണായകമാകും. വി.സി. സർക്കാരിന്റെ സ്വന്തക്കാരനായാൽ, രാഷ്ട്രീയതാത്‌പര്യത്തോടെയുള്ള നിയമനത്തിന് എളുപ്പമാണ്. ഇത്തരത്തിൽ ഉദ്ദിഷ്ടകാര്യത്തിന് ഉപകാര സ്മരണയുണ്ടാകുമെന്നതാണ് കണ്ണൂർ സർവകലാശാല വൈസ് ചാൻസലർക്ക് ചരിത്രത്തിൽ ആദ്യമായി പുനർനിയമനം നൽകാൻ സർക്കാർ തീരുമാനിച്ചതിനുപിന്നിലെന്നതാണ് ഉയരുന്ന ആക്ഷേപം.

ചട്ടവിരുദ്ധവും രാഷ്ട്രീയ താത്‌പര്യത്തോടെയുള്ളതുമായ നിയമനത്തിന് ഗവർണർ കത്തിൽ നിരത്തിയ ഉദാഹരണങ്ങളിലൊന്ന് കണ്ണൂർ സർവകലാശാലയിലെ വൈസ് ചാൻസലറുടെ പുനർനിയമനമാണ്. വൈസ് ചാൻസലർമാരുടെ നിയമനത്തിൽ ‘ക്വാളിഫിക്കേഷൻ’ അല്ല ‘ക്വാളിറ്റി’യാണ് പ്രശ്നം എന്നതാണ് ഗവർണർ ഉന്നയിക്കുന്ന കാര്യങ്ങളിലെ അന്തഃസത്ത.

എം.ജി.യും മറികടന്നു

എം.ജി. സർവകലാശാലയിൽ ഏറെ കോളിളക്കമുണ്ടാക്കിയ മാർക്ക് ദാനവിഷയത്തിൽ തുടർനടപടികൾ സ്തംഭനത്തിൽ. ഒരു വിഷയത്തിലെങ്കിലും തോറ്റതിന്റെ പേരിൽ ബി.ടെക്. പരാജയപ്പെട്ടവർക്ക് നിശ്ചിത മാർക്ക് നൽകി വിജയിപ്പിക്കാനെടുത്ത തീരുമാനമാണ് വിവാദമായത്. മാർക്ക്ദാനത്തിലൂടെ വിജയിച്ചവരുടെ ബിരുദം റദ്ദാക്കാൻ പിന്നീട് സിൻഡിക്കേറ്റ് തീരുമാനിച്ചതും പ്രശ്നമായി.

ഒരിക്കൽ നൽകിയ ബിരുദമോ സർട്ടിഫിക്കറ്റോ റദ്ദാക്കാൻ ചാൻസലറായ ഗവർണർക്കുമാത്രമേ അധികാരമുള്ളൂവെന്ന നിയമമാണ് ലംഘിക്കപ്പെട്ടത്. വിദ്യാർഥികൾ ഹൈക്കോടതിയെ സമീപിച്ചു. ബിരുദം റദ്ദാക്കിയത് കോടതി റദ്ദാക്കി. വിഷയത്തിൽ കുട്ടികൾ ഇപ്പോഴും ആശങ്കയിലാണ്. അപ്പീൽ നൽകുമെന്ന് സർവകലാശാല അറിയിച്ചതാണ് കാരണം. പക്ഷേ, തുടർനടപടിയില്ല.

116 വിദ്യാർഥികൾക്കാണ് ജയിക്കാൻ അധികമാർക്ക് നൽകിയത്. വളരെ അപൂർവമായ ഇത്തരം കാര്യങ്ങളിൽ ചാൻസലറുടെ അംഗീകാരം നേടേണ്ടതുണ്ട്. വിജയിച്ച് സർട്ടിഫിക്കറ്റ് നേടിയവരുടെ വിജയം റദ്ദാക്കാൻ എടുത്ത തീരുമാനത്തിലും സമാനവീഴ്ചയുണ്ടായി. ഇവിടെയും ചാൻസലറുടെ അംഗീകാരം വേണമായിരുന്നു. വിഷയത്തിൽ വിദ്യാർഥികളുടെ ഭാഗം, ഗവർണർ കേൾക്കാൻ തുടങ്ങിയെങ്കിലും കോടതിനടപടി വന്നതോടെ അത് നിലച്ചു.

കെ.ടി. ജലീൽ മന്ത്രിയായിരിക്കെ നടത്തിയ അദാലത്തും എം.ജി.യിൽ വിവാദമായിരുന്നു. ഇതിൽ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫംഗം പങ്കെടുത്തതും ചോദ്യംചെയ്യപ്പെട്ടു. അദാലത്തിൽ പരാതി സ്വീകരിച്ചാണ് ബി.ടെക്. പരീക്ഷാഫലത്തിൽ ഇടപെടാൻ തീരുമാനിച്ചത്. ഇൗ നടപടിയെ ഉന്നതവിദ്യാഭ്യാസകൗൺസിലും വിമർശിച്ചിരുന്നു. പരീക്ഷനടത്തി തീർപ്പാക്കിയശേഷം പിന്നീട് മാർക്ക് നൽകി ആരെയെങ്കിലും വിജയിപ്പിക്കാൻ സിൻഡിക്കേറ്റിന് അധികാരമില്ല. അതേപോലെ വിജയികൾക്ക് സാക്ഷ്യപത്രം നൽകിയത് പിൻവലിക്കാനും സിൻഡിക്കേറ്റിന് കഴിയില്ലെന്ന് അവർ വിലയിരുത്തിയിരുന്നു.


ഗവർണർ സർവകലാശാലയിലെ വിവാദങ്ങളിൽ പരസ്യമായി അസന്തുഷ്ടി അറിയിച്ചിരുന്നു. ഇവിടെനടന്ന കാര്യങ്ങൾ മാധ്യമങ്ങൾവഴിയാണ് താൻ അറിഞ്ഞതെന്ന് അദ്ദേഹം തുറന്നടിച്ചു. വൈസ് ചാൻസലർ സാബു തോമസിനെ അക്കാദമിക നേട്ടങ്ങളിൽ പ്രശംസിച്ച ഗവർണർ പക്ഷേ, എം.ജി.യിൽ സംവിധാനങ്ങൾ പരാജയപ്പെട്ടെന്നും വിലയിരുത്തി. മന്ത്രിയുടെ നിർദേശപ്രകാരം നടത്തിയ അദാലത്തിനെയും വിമർശിച്ചു. സർവകലാശാലയുടെ തീരുമാനങ്ങൾ പുറത്തുള്ളവരല്ല എടുക്കേണ്ടതെന്നും പറഞ്ഞു.

No comments