പോലീസ് തിരയുന്ന പ്രതിയെ ഗുണ്ടകൾ കണ്ടെത്തി, കാൽ വെട്ടി ബൈക്കിൽ നാട്ടുകാരെ കാട്ടി ഭീഷണിമുഴക്കി
പോത്തൻകോട്: ചെമ്പകമംഗലം ലക്ഷംവീട് കോളനിയിൽ സുധീഷിന്റെ കൊലപാതകത്തിനു സാക്ഷ്യംവഹിച്ച പോത്തൻകോട് കല്ലൂർഗ്രാമം ശനിയാഴ്ച കൺമുന്നിൽ കണ്ടത് മനസ്സാക്ഷിയില്ലാത്ത ക്രൂരത. മാരകായുധങ്ങളുമായെത്തിയ ഒരുസംഘം ഒരാളെ ആക്രമിക്കാൻ ഓടിക്കുക, രക്ഷപ്പെടാൻ ഓടിക്കയറിയ വീട്ടിലെത്തിയ അക്രമികൾ വീടിനുള്ളിലിട്ട് അയാളെ തലങ്ങും വിലങ്ങും വെട്ടുക, ഇരുകാലുകളും വെട്ടിമുറിക്കുക, എന്നിട്ടും പകതീരാതെ മുറിച്ചിട്ട ഒരുകാലുമെടുത്ത് ബൈക്കിൽക്കയറി നാട്ടുകാരെ മുഴുവൻ അത് ഉയർത്തിക്കാട്ടി ഭീഷണിമുഴക്കി അരക്കിലോമീറ്ററോളം പോയശേഷം റോഡിൽ വലിച്ചെറിയുക- ഇങ്ങനെ മനസ്സുമരവിക്കുന്ന കൊടുംക്രൂര ദൃശ്യങ്ങളാണ് ഇവിടെ അരങ്ങേറിയത്. കല്ലൂർ പാണൻവിളവീട്ടിൽ സജീവിന്റെ വീടിനുള്ളിലാണ് കൊലപാതകം നടന്നത്.
അക്രമികളെക്കണ്ട് ഭയന്നോടിയ സുധീഷ് രക്ഷപ്പെടാമെന്നു കരുതിയാണ് ഈ വീട്ടിൽ അഭയംതേടിയത്. സുധീഷ് ഒളിച്ചതെവിടെയെന്ന് അറിയാൻ കഴിയാതിരുന്ന അക്രമികൾ പ്രദേശത്തെ വീടുകളിലെത്തി ആളുകളുടെ കഴുത്തിൽ വാൾവച്ച് ഭീഷണിമുഴക്കി. സജീവിന്റെ വീടിനുള്ളിൽ സുധീഷിനെ കണ്ടെത്തിയതോടെ അയാളെ തലങ്ങുംവിലങ്ങും വെട്ടിവീഴ്ത്തി. ഈ സമയം സജീവിന്റെ എട്ടും പത്തും വയസ്സുള്ള കുട്ടികളുൾപ്പെടെയുള്ളവർ വീട്ടിലുണ്ടായിരുന്നു.
ഭയന്നുവിറച്ച ഇവർ അക്രമികളെക്കണ്ടപാടേ വീടിന്റെ ഒരു മൂലയിലേക്കു പോയി ഒളിച്ചു. സുധീഷിനെ വെട്ടിവീഴ്ത്തിയശേഷം പുറത്തിറങ്ങിയ അക്രമികൾ നാടൻബോംബ് വലിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ചോരയിൽ കുളിച്ചുകിടന്ന സുധീഷിന്റെ അടുത്തേക്കു പോകാൻ ആർക്കും ധൈര്യമുണ്ടായിരുന്നില്ല. അത്രയ്ക്ക് ഭീകരമായിരുന്നു സുധീഷിന്റെ അവസ്ഥ. എത്തിനോക്കിയവർ ചിന്നിച്ചിതറിയ ശരീരം കണ്ട് നിലവിളിച്ചുകൊണ്ട് ഇറങ്ങിയോടുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പോത്തൻകോട് പോലീസാണ് സുധീഷിനെ ആശുപത്രിയിലേക്കു കൊണ്ടുപോയത്. ആശുപത്രിയിലെത്തും മുമ്പേ സുധീഷ് മരിച്ചു.
പോലീസ് തിരയുന്ന പ്രതിയെ ഗുണ്ടകൾ കണ്ടെത്തി
മങ്കാട്ടുമൂലയിൽ ആക്രമണം നടത്തിയ ശേഷം ഒളിവിൽപ്പോയ സുധീഷാണ് ശനിയാഴ്ച പോത്തൻകോട് കല്ലൂരിൽ കൊല്ലപ്പെട്ടത്. ഇയാളെ കണ്ടെത്താനായി പോലീസ് പലയിടത്തും അന്വേഷണം നടത്തുമ്പോഴാണ് സുധീഷിന്റെ ഒളിയിടം കൃത്യമായി മനസ്സിലാക്കി ഗുണ്ടാസംഘം തങ്ങളുടെ പദ്ധതി നടപ്പാക്കിയത്.
മറ്റു കാരണങ്ങളും അന്വേഷിക്കുന്നു
: സുധീഷിന്റെ കൊലപാതകത്തിനു പിന്നിൽ മങ്കാട്ടുമൂലയിലെ വെട്ടുകേസല്ലാതെ മറ്റു വല്ല കാരണങ്ങളുമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നു. ആറ്റിങ്ങൽ, മംഗലപുരം സ്റ്റേഷനുകളിൽ വധശ്രമമുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് സുധീഷ്. ഈ കേസുകളുമായി ബന്ധപ്പെട്ടിട്ടുള്ളവരുടെ മുഴുവൻ വിവരങ്ങളും പോലീസ് ശേഖരിച്ചുവരികയാണ്. ശനിയാഴ്ചത്തെ സംഭവത്തിലെ പ്രതികളെന്നു സംശയിക്കുന്നവരിലാരെങ്കിലും ഈ കേസുകളുമായി ബന്ധപ്പെട്ടിട്ടുണ്ടോയെന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. അക്രമികൾ സഞ്ചരിച്ച വാഹനങ്ങൾ പോലീസ് തിരിച്ചറിഞ്ഞതായി സൂചനയുണ്ട്.