ലീഗിനെ നയിക്കുന്നത് ജമാഅത്തെ ഇസ്ലാമി ആശയമെന്ന് കോടിയേരി
തിരുവനന്തപുരം: മതേതര പാർട്ടിയായി അവകാശപ്പെടുന്ന മുസ്ലിം ലീഗിനെ ഇപ്പോൾ നയിക്കുന്നത് ജമാഅത്തെ ഇസ്ലാമിയുടെ ആശയങ്ങളാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അതിെൻറ ഭാഗമായാണ് പള്ളികളിൽ പ്രതിഷേധം നടത്തണമെന്ന് ആഹ്വാനം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം ലീഗിെൻറ പ്രഖ്യാപനത്തെ മുസ്ലിംസമുദായത്തിലെ പ്രബല സംഘടനകൾ തന്നെ എതിർത്തു. കേരളത്തിെൻറ മതനിരപേക്ഷ അടിത്തറ തകർക്കാനാണ് വലതുപക്ഷ ശക്തികൾ ശ്രമിക്കുന്നത്. ആർ.എസ്.എസ് ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മതതീവ്രവാദം പ്രചരിപ്പിക്കുന്നു. ചില മുസ്ലിം സംഘടനകൾ ഇതിന് ബദലായി പ്രവർത്തിക്കുന്നു. സമൂഹത്തിൽ വർഗീയ ചേരിതിരിവ് ഉണ്ടാക്കാൻ ആരെയും അനുവദിക്കരുത്. മതന്യൂനപക്ഷങ്ങളെ ആർ.എസ്.എസ് വെല്ലുവിളിക്കുകയാണ്. ഹലാൽ എന്ന വാക്ക് തെറ്റായി ചിത്രീകരിച്ച് മത ചിഹ്നം ആക്കാൻ ശ്രമിക്കുകയാണ്.
ആർ.എസ്.എസ് തീവ്ര ഹിന്ദുത്വം പ്രചരിപ്പിക്കുമ്പോൾ കോൺഗ്രസ് മൃദു ഹിന്ദുത്വം പ്രചരിപ്പിക്കുകയാണ്. പ്രാദേശിക പാർട്ടികളെ ഏകോപിപ്പിച്ചാൽ ഇന്ത്യൻ രാഷ്ട്രീയത്തിെൻറ ഗതി മാറും. ഈ ഏകോപനത്തിനാണ് സി.പി.എം ശ്രമിക്കുന്നത്. എൽ.ഡി.എഫ് അധികാരത്തിൽ വരാതിരിക്കാൻ വലതുപക്ഷ ശക്തികൾ ഒന്നിച്ചു. കെ- റെയിൽ പദ്ധതി തകർക്കാൻ യു.ഡി.എഫും ബി.ജെ.പിയും ശ്രമിക്കുകയാണ്. ജനപങ്കാളിത്തത്തോടെയുള്ള വികസനമാണ് സർക്കാർ ലക്ഷ്യം വെക്കുന്നത്.പാർട്ടി സഖാക്കൾ അധികാര ദല്ലാളന്മാരായി മാറരുത്. ആരും സ്വയം അധികാരകേന്ദ്രങ്ങളും ആവരുത്. ഒരു കാരണവശാലും ഗുണ്ടാസംഘങ്ങളെ സംരക്ഷിക്കരുത്. അങ്ങനെ ഉണ്ടായാൽ പാർട്ടി ജനങ്ങളിൽ നിന്ന് ഒറ്റപ്പെടും. പാർട്ടിയുമായി ആേലാചിച്ച് വേണം എല്ലാം ചെയ്യാൻ. സന്ദീപ് കൊലപാതകം ആസൂത്രിതമായിരുന്നു. കൊലക്ക് പകരം കൊല സി.പി.എം നയമല്ല. കൊലപാതകികളെ ജനങ്ങളുടെ ഇടയിൽ ഒറ്റപ്പെടുത്തണം. ഈയൊരു സമീപനം സ്വീകരിച്ചതുകൊണ്ടാണ് സി.പി.എം വീണ്ടും അധികാരത്തിലെത്തിയതെന്നും കോടിയേരി പറഞ്ഞു. സി.പി.എം പാളയം ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി.