Featured Posts

Breaking News

വിവാഹപ്രായം ഉയര്‍ത്തുന്നത് ചിലർക്ക് അംഗീകരിക്കാനാകുന്നില്ല, -പ്രധാനമന്ത്രി നരേന്ദ്ര മോദി.


ലഖ്‌നൗ: വനിതാക്ഷേമത്തിനായുള്ള തന്റെ സര്‍ക്കാരിന്റെ സംഭാവനകള്‍ ഉയര്‍ത്തിക്കാണിച്ചും സ്ത്രീകളുടെ വിവാഹപ്രായം 21-ആക്കി ഉയര്‍ത്തുന്നതിനെ ന്യായീകരിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തര്‍ പ്രദേശിലെ പ്രയാഗ്‌രാജില്‍ സര്‍ക്കാര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടുലക്ഷത്തിലധികം വനിതകള്‍ ഈ പരിപാടിയില്‍ പങ്കെടുത്തതായാണ് റിപ്പോർട്ട്.

കേന്ദ്രസര്‍ക്കാരിന്റേത് നിര്‍ണായക ചുവടുവെപ്പാണ്. മുന്‍പ് സ്ത്രീകളുടെ വിവാഹപ്രായം 18 വയസ്സായിരുന്നു. എന്നാല്‍ പെണ്‍കുട്ടികള്‍ക്ക് പഠനത്തിന് കൂടുതല്‍ സമയം ആവശ്യമുണ്ട്. അതിനാലാണ് ഞങ്ങള്‍ വിവാഹപ്രായം 21 ആക്കി ഉയര്‍ത്തുന്നത്, മോദി പറഞ്ഞു. വിവാഹപ്രായം ഉയര്‍ത്തുന്നതിനെ ചിലർ എതിർക്കുന്നത് സ്ത്രീകള്‍ കാണുന്നുണ്ടെന്നും ഒരു പാര്‍ട്ടിയുടെയും പേരു പരാമര്‍ശിക്കാതെ മോദി കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ, പ്രതിപക്ഷ എതിര്‍പ്പിനിടെ പെണ്‍കുട്ടികളുടെ വിവാഹപ്രായം 18ല്‍ നിന്ന് 21 ആക്കി ഉയര്‍ത്തുന്നതിനുള്ള വിവാഹപ്രായ ഏകീകരണ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ആരുമായും കൂടിയാലോചിക്കാതെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തരമൊരു നീക്കം നടത്തിയതെന്നും സംസ്ഥാനങ്ങളുമായും പ്രതിപക്ഷ പാര്‍ട്ടികളുമായും ചര്‍ച്ച വേണം എന്നും പ്രതിപക്ഷം ആരോപിച്ചു. പ്രതിഷേധത്തിന്‍റെ ഭാഗമായി പ്രതിപക്ഷം ബില്‍ കീറിയെറിഞ്ഞു.

പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ വിവിധ പ്രതിപക്ഷ പാര്‍ട്ടികളും സാമൂഹിക സംഘടനകളും പ്രതിഷേധവുമായി നേരത്തേ രംഗത്തെത്തിയിരുന്നു. സമാജ്‌വാദി പാര്‍ട്ടിയില്‍നിന്നുള്ള രണ്ട് എം.പിമാരും കോണ്‍ഗ്രസ്, സി.പി.എം. നേതാക്കളും വിവാഹപ്രായം ഉയര്‍ത്തുന്ന ബില്ലിനെ പാര്‍ലമെന്റില്‍ എതിര്‍ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതേസമയം. സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങ് യാദവ് വിഷയത്തില്‍നിന്ന് അകലം പാലിച്ചാണ് നില്‍ക്കുന്നത്. സമാജ്‌വാദി പാര്‍ട്ടി പുരോഗമന പാര്‍ട്ടിയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

തിരഞ്ഞെടുപ്പിനെ മുന്‍നിർത്തിയുള്ള പ്രസംഗമായിരുന്നു പ്രയാഗ് രാജില്‍ മോദി നടത്തിയത്. കിഴക്കന്‍ ഉത്തര്‍ പ്രദേശിലേക്കുള്ള കവാടം എന്നാണ് പ്രയാഗ്‌രാജ് അറിയപ്പെടുന്നത്. അഖിലേഷ് യാദവിനും മായാവതിയുടെ ബി.എസ്.പിയ്ക്കും നിര്‍ണായക സ്വാധീനമുള്ള മേഖലയാണിത്. കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയും ഇക്കുറി ഇവിടെ പ്രചാരണം ശക്തമാക്കിയിട്ടുണ്ട്. സ്ത്രീകേന്ദ്രീകൃത പ്രചാരണമാണ് പ്രിയങ്കയുടേത്.

കഴിഞ്ഞ ഒരുമാസത്തിനിടെ ഇത് പത്താംവട്ടമാണ് മോദി ഉത്തര്‍ പ്രദേശിലെത്തുന്നത്. ക്രമസമാധാനം, വിദ്യാഭ്യാസം, സാമ്പത്തികം തുടങ്ങി സ്ത്രീശാക്തീകരണവും സര്‍ക്കാരിന്റെ മുന്‍ഗണനാവിഷയത്തില്‍ ഉള്‍പ്പെടുന്നതാണെന്ന് മോദി കൂട്ടിച്ചേര്‍ത്തു.

അഞ്ചുവര്‍ഷം മുന്‍പുവരെ ഉത്തര്‍ പ്രദേശില്‍ മാഫിയകളുടെയും ഗുണ്ടകളുടെയും ഭരണമായിരുന്നു. ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടി വന്നത് സ്ത്രീകള്‍ക്കായിരുന്നു. പക്ഷെ സ്ത്രീകള്‍ക്ക് ഒന്നും പറയാന്‍ കഴിയില്ലായിരുന്നു. നിങ്ങള്‍ പോലീസ് സ്‌റ്റേഷനെ സമീപിച്ചാല്‍, ബലാത്സംഗം ചെയ്തവരെയും കുറ്റവാളികളെയും സഹായിക്കുന്ന ഫോണ്‍വിളികള്‍ എത്തും. എന്നാല്‍ യോഗി കുറ്റവാളികളെ ജയിലില്‍ അടച്ചെന്നും മോദി പറഞ്ഞു.

No comments