മന്ത്രിമാരുടെ ഓഫീസുകളിലടക്കം കോവിഡ് വ്യാപനം; മുഖ്യമന്ത്രിയുടെ ഓഫീസ് ഭാഗികമായി അടച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകളില്‍ വന്‍വര്‍ധന. സെക്രട്ടേറിയറ്റിന്റെ പ്രവര്‍ത്തനം താളംതെറ്റി. മുഖ്യമന്ത്രിയുടെ ഓഫീസ് ഭാഗികമായി അടച്ചു. മറ്റു മന്ത്രിമാരുടെ ഓഫീസുകളിലും നിരവധിപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സെക്രട്ടേറിയേറ്റ് ലൈബ്രറിയും അടച്ചു.
വിവിധയിടങ്ങളില്‍ കോവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്ലസ്റ്ററുകള്‍ ഓരോ ദിവസവും കൂടി വരികയാണ്. ഭരണസിരാ കേന്ദ്രമായ സെക്രട്ടേറിയറ്റിലും ക്ലസ്റ്ററുകള്‍ രൂപപ്പെട്ട അവസ്ഥയാണുള്ളത്. വിവിധ മന്ത്രിമാരുടെ ഓഫീസുകളിലും വിവിധ വകുപ്പുകളിലും നിരവധിപ്പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പലര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതോടെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രവര്‍ത്തനം ഭാഗികമായി അടച്ച നിലയിലാണ്.
വനം, ദേവസ്വം മന്ത്രിമാരുടെ ഓഫീസിലും നിരവധിപ്പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വനംമന്ത്രിയുടെ ഓഫീസിന്റെ പ്രവര്‍ത്തനം മൂന്നുദിവസം മുന്‍പുതന്നെ താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയും അറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. സമാനമായി മറ്റ് പല മന്ത്രിമാരുടെയും ഓഫീസുകളില്‍ നിരവധിപ്പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നുണ്ട്.
സെക്രട്ടേറിയറ്റിലെ സെന്‍ട്രല്‍ ലൈബ്രറിയിലും നിരവധി പേര്‍ കോവിഡ് പോസിറ്റീവ് ആയിട്ടുണ്ട്. ഇതിനു പിന്നാലെ സെന്‍ട്രല്‍ ലൈബ്രറി അടച്ചു. 23-ാം തീയതി വരെയാണ് സെന്‍ട്രല്‍ ലൈബ്രറി അടച്ചിരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ വര്‍ക്ക് ഫ്രം ഹോം പുനഃരാരംഭിക്കണമെന്ന് സെക്രട്ടേറിയറ്റിലെ വിവിധ സംഘടനകളുടെ ഭാഗത്തുനിന്ന് ആവശ്യം ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്. അണ്ടര്‍ സെക്രട്ടറി വരെയുള്ളവര്‍ക്കെങ്കിലും വര്‍ക്ക് ഫ്രം ഹോം നടപ്പാക്കണമെന്നാണ് ആവശ്യം ഉയര്‍ന്നിട്ടുള്ളത്.